Uae
മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് നാലാം പതിപ്പ് ആരംഭിച്ചു; മെയ് 22 വരെ നീണ്ടുനിൽക്കും
720 പ്രദർശകർ, 3,800-ലധികം ഉത്പന്നങ്ങൾ, 300-ലേറെ പ്രഭാഷകർ പരിപാടിയിൽ പങ്കെടുക്കും.

അബൂദബി|മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് സംരംഭത്തിന്റെ നാലാമത് പതിപ്പ് അബൂദബിയിൽ തുടക്കമായി. മെയ് 22 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടി “അഡ്വാൻസ്ഡ് ഇൻഡസ്ട്രീസ് ആക്‌സിലറേറ്റഡ്’ എന്ന പ്രമേയത്തിലാണ്. 720 പ്രദർശകർ, 3,800-ലധികം ഉത്പന്നങ്ങൾ, 300-ലേറെ പ്രഭാഷകർ പരിപാടിയിൽ പങ്കെടുക്കും. എ ഐ അധിഷ്ഠിത നിർമാണം, സ്മാർട്ട് വ്യാവസായിക പരിവർത്തനം, ദേശീയ ഉള്ളടക്കം, നൂതന നിർമാണം, വ്യാവസായിക സംരംഭകത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
യു എ ഇയുടെ ദർശനം: നിർമാണ ഭാവി രൂപപ്പെടുത്തൽ എന്ന സെഷനോടെയാണ് ആദ്യ ദിന പരിപാടികൾ ആരംഭിച്ചത്. “അന്തർദേശീയ വിതരണ ശൃംഖലകളുടെ സംയോജനം: ആഗോള വ്യാവസായിക സഖ്യങ്ങളും പങ്കാളിത്തങ്ങളും’ എന്ന വിഷയത്തിൽ മന്ത്രിതല മുഖ്യപ്രഭാഷണവും നേതൃത്വ പാനലും നടക്കും. ട്രെയിൽ ബ്ലേസേഴ്സ് ടോക്ക്, ആഗോളവത്കരണം, വിതരണ ശൃംഖലകളിലെ തന്ത്രപരമായ നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ചുള്ള പാനലുകളും സംഘടിപ്പിക്കും.
മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് അവാർഡുകളുടെ മൂന്നാം പതിപ്പിലെ വിജയികളെ ചടങ്ങിൽ ആദരിക്കും. യു എ ഇയുടെ വ്യാവസായിക നവീകരണവും ആഗോള മത്സരക്ഷമതയും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട ഈ പരിപാടി. നൂതന സാങ്കേതികവിദ്യകളുടെ സംയോജനത്തിനും സുസ്ഥിര വികസനത്തിനും ഊന്നൽ നൽകുന്നു.
ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറങ്ങി
യു എ ഇയിൽ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്ത ആദ്യ ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തി. പൂർണമായി ചാർജ് ചെയ്ത ബാറ്ററിയിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ബൈക്ക്, ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ഇ-ഡാഡി “മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ പ്രദർശനത്തിൽ പുറത്തിറക്കി. “എക്‌സ്7′ എന്ന് പേര് നൽകിയ ഈ ബൈക്കിന്റെ രൂപകൽപ്പന ദേശീയ പക്ഷിയായ ഫാൽക്കണിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. വ്യത്യസ്ത സബ്-വേരിയന്റുകളിൽ ലഭ്യമാകുന്ന ബൈക്കിന്റെ വില 12,000 മുതൽ 15,000 ദിർഹം വരെയാണ്. പരമാവധി 180 കിലോമീറ്റർ വേഗത കൈവരിക്കാൻ ബൈക്കിന് ശേഷിയുണ്ടെന്ന് ഇ-ഡാഡിയുടെ സഹസ്ഥാപകയും ചീഫ് ഓപറേറ്റിംഗ് ഓഫീസറുമായ യാസ്മീൻ ജവഹറലി പറഞ്ഞു.