Kerala
മൂന്നുവയസുകാരിയെ മാതാവ് പുഴയില്‍ എറിഞ്ഞ് കൊന്നത് തന്നെ; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
സംഭവത്തില്‍ കല്യാണിയുടെ മാതാവ് സന്ധ്യക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.

കൊച്ചി| എറണാകുളത്ത് മൂന്നുവയസുകാരിയെ മാതാവ് പുഴയില്‍ എറിഞ്ഞ് കൊന്നത് തന്നെയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ മൃതദേഹത്തില്‍ മറ്റു ബാഹ്യപരിക്കുകളില്ല. ചെവിക്ക് പുറകില്‍ നേരിയ പാടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ പുഴയിലേക്ക് എറിഞ്ഞപ്പോള്‍ എവിടെയെങ്കിലും ഉരഞ്ഞതാകാം എന്നാണ് നിഗമനം. പോസ്റ്റുമോര്‍ട്ടത്തിലും ആന്തരികാവയവങ്ങളുടെ പരിശോധനയിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലീസ് വ്യക്താമക്കി.
സംഭവത്തില്‍ കല്യാണിയുടെ മാതാവ് സന്ധ്യക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ടോര്‍ച്ചുകൊണ്ട് തലക്കടിച്ചും, ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തും സന്ധ്യ നേരത്തെയും കല്യാണിയെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സന്ധ്യ മകനെയും നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും വിവരമുണ്ട്. തന്നെയും അനിയത്തിയേയും അമ്മ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ ഞങ്ങള്‍ക്ക് പേടിയായിരുന്നുവെന്നും മകന്‍ പറഞ്ഞു. അമ്മ ഞങ്ങളുടെ തയല്ക്ക് ടോര്‍ച്ചുകൊണ്ട് അടിച്ചിരുന്നു. ഇതിനുശേഷം തന്റെ തലയിലും കല്ല്യാണിയുടെ ചെവിക്ക് പിന്‍ഭാഗത്തായും പരുക്കേറ്റു. ഞങ്ങളെ രണ്ടുപേരെയും അമ്മ ഒരുമിച്ചാണ് ഉപദ്രവിച്ചിരുന്നത്. എന്തിനാണ് ഉപദ്രവിക്കുന്നത് എന്നുപോലും അറിയില്ല. അമ്മയുടെ വീട്ടില്‍ പോകാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.
സന്ധ്യയുടെ സ്വഭാവത്തില്‍ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ടെന്ന് ഭര്‍ത്താവ് സുഭാഷും പറഞ്ഞിരുന്നു. സന്ധ്യക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നതാണ്. സന്ധ്യയെ ഉപദ്രവിച്ചിട്ടില്ല. സന്ധ്യക്കാണോ അവരുടെ വീട്ടുകാര്‍ക്കാണോ മാനസികാസ്വാസ്ഥ്യമെന്ന് അറിയില്ലെന്നും സുഭാഷ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് മൂന്നുവയസുകാരി കല്യാണിയെ മാതാവ് സന്ധ്യ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ബസ് യാത്രക്കിടെ കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം സന്ധ്യ പറഞ്ഞത്. പോലീസ് ചോദ്യം ചെയ്തപ്പോഴും ആദ്യം ഇതുതന്നെ പറഞ്ഞെങ്കിലും പിന്നീട് പുഴയിലെറിഞ്ഞെന്ന് മൊഴി നല്‍കി. കുട്ടിയുമായി സന്ധ്യ പോകുന്ന സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. സന്ധ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയില്‍ നിന്ന് കല്യാണിയുടെ മൃതദേഹം കിട്ടി.
പിന്നീട് ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുള്ള മാതാവ് സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുകയും ചെയ്തു. സന്ധ്യയുടെ മാനസികനില പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പരിശോധനക്കായി ചെങ്ങമനാട് പോലീസ് സ്റ്റേഷനിലേക്ക് ഡോക്ടറെ എത്തിക്കും. സന്ധ്യയെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. കൊലപാതകത്തിനുശേഷവും സന്ധ്യക്ക് കൂസലൊന്നുമില്ലായിരുന്നു. വീട്ടിലെത്തിയ സന്ധ്യ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയെന്ന് പോലീസ് പറഞ്ഞു.