Connect with us

Kuwait

കുവൈത്തില്‍ സിവില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ കര്‍ശനമാക്കുന്നു; 12,500 ഓളം പ്രവാസികളുടെ മേല്‍വിലാസം സിസ്റ്റത്തില്‍ നിന്നും നീക്കി

കുവൈത്തികള്‍ക്കും പ്രവാസികള്‍ക്കും വിലാസം അപ്‌ഡേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി സഹല്‍ ആപ്പ് വഴി ഒരു പുതിയ സേവനം ഇതിനകം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അതിദാരുണമായ മങ്കഫ് തീപിടിത്തത്തിനു ശേഷം ബന്ധപ്പെട്ട നിരവധി മേഖലകളില്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ കര്‍ശനമാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സിവില്‍ ഐ ഡി കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസവും കാര്‍ഡ് ഉടമ താമസിക്കുന്ന യഥാര്‍ഥ വിലാസവും ഒന്നായിരിക്കണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനായി മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ച് വിലാസം അപ്‌ഡേറ്റ് ചെയ്യണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പ്രവാസികളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്ത സിവില്‍ ഐ ഡി കാര്‍ഡ് ഉടമകളുടെ മേല്‍വിലാസമാണ് സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്തത്.

അപ്‌ഡേഷന്‍ നടത്താന്‍ ഒരു മാസത്തെ സമയപരിധി അനുവദിക്കുകയും ഒരു മാസത്തിനകം മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് 100 ദിനാര്‍ പിഴയിടുകയും ചെയ്തിരുന്നു. മങ്കഫ് ജലീബ്, മഹബൂല, ഹവല്ലി, ഫര്‍വാനിയ തുടങ്ങിയ പ്രദേശങ്ങളില്‍ മേല്‍വിലാസമുള്ള പ്രവാസികളുടെ മേല്‍വിലാസമാണ് ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ബാച്ചിലര്‍ താമസസ്ഥലങ്ങളുടെ നിരീക്ഷണവും മുന്‍സിപ്പാലിറ്റി ശക്തമാക്കിയിട്ടുണ്ട്. ഇത് വിലാസം മാറ്റാനുള്ള അപേക്ഷകള്‍ വര്‍ധിക്കാന്‍ കൂടുതല്‍ കാരണമാവുകയും ചെയ്തു.

കുവൈത്തികള്‍ക്കും പ്രവാസികള്‍ക്കും വിലാസം അപ്‌ഡേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി സഹല്‍ ആപ്പ് വഴി ഒരു പുതിയ സേവനം ഇതിനകം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.

Latest