Connect with us

Uae

ദുബൈ പബ്ലിക് സേഫ്റ്റി ലോ പുറത്തിറക്കി; ലംഘിക്കുന്നവർക്ക് 20 ലക്ഷം ദിർഹം വരെ പിഴ

ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കർശന നിർദേശങ്ങൾ

Published

|

Last Updated

ദുബൈ|എമിറേറ്റിലെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ മൂലമുള്ള പരുക്കുകളും മരണങ്ങളും കുറയ്ക്കുന്നതിനുമായി പുതിയ പബ്ലിക് സേഫ്റ്റി ലോ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പുറപ്പെടുവിച്ചു. ജൂൺ ഒന്ന് മുതൽ നിയമം നിലവിൽ വരും. പൊതുസേവനങ്ങളുടെയും വിപണിയിലെ ഉത്പന്നങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള പ്രതിരോധ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനും പുതിയ നിയമം വഴിയൊരുക്കും. വിനോദ കേന്ദ്രങ്ങൾ, പൊതുപരിപാടികൾ, ബീച്ചുകൾ, താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടപ്പിലാക്കേണ്ട സുരക്ഷാ നടപടികൾ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

മതിയായ വെളിച്ചം, വായുസഞ്ചാരം, സുരക്ഷിതമായ പ്രവേശന കവാടങ്ങൾ, ആൾക്കൂട്ട നിയന്ത്രണം എന്നിവ വിനോദ കേന്ദ്രങ്ങളിൽ നിർബന്ധമാണ്. കൂടാതെ അഗ്‌നിശമന ഉപകരണങ്ങൾ, എമർജൻസി അലാറങ്ങൾ, പ്രഥമ ശുശ്രൂഷാ സൗകര്യങ്ങൾ, പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവയും ഉറപ്പാക്കണം. അനുമതിയില്ലാതെ പടക്കങ്ങൾ, സ്‌ഫോടകവസ്തുക്കൾ, വിഷാംശമുള്ളതോ എളുപ്പത്തിൽ തീപ്പിടിക്കുന്നതോ ആയ വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. മാലിന്യ ടാങ്കുകളിലോ അഴുക്കുചാലുകളിലോ അപകടകരമായ വസ്തുക്കൾ നിക്ഷേപിക്കരുതെന്നും ബീച്ചുകളിൽ അനുവദനീയമായ സമയങ്ങളിൽ മാത്രമേ നീന്താൻ പാടുള്ളൂവെന്നും നിയമം അനുശാസിക്കുന്നു.

പുതിയ നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴ തുക 20 ലക്ഷം ദിർഹമായി വർധിപ്പിക്കും. നിയമലംഘനങ്ങൾ കണ്ടെത്താനും റിപ്പോർട്ട് ചെയ്യാനും ദുബൈ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ അധികാരം നൽകിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ ഏജൻസിക്കാണ് മേൽനോട്ട ചുമതല. നിയമം ലംഘിക്കുന്നവർക്ക് അറിയിപ്പ് ലഭിച്ച് പത്ത് പ്രവൃത്തി ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ അവകാശമുണ്ടാകും. നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി രണ്ട് വർഷത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു.

 

 

Latest