Connect with us

Kerala

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

നാന്നൂറിലേറെ സിനിമകളിലായി ആയിരത്തോളം ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയില്‍നിന്നു പിറന്നത്.

Published

|

Last Updated

തിരുവനന്തപുരം |മലയാള ചലച്ചിത്ര ശാഖക്ക് നിരവധി ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവാണ്.

അഞ്ച് പതിറ്റാണ്ടോളം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ബിച്ചു തിരുമല എന്ന ബി ശിവശങ്കരന്‍ നായര്‍. നാന്നൂറിലേറെ സിനിമകളിലായി ആയിരത്തോളം ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയില്‍നിന്നു പിറന്നത്. സിനിമാ ഗാനങ്ങളും ലളിത-ഭക്തി ഗാനങ്ങളുമായി അയ്യായിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു.

1972ല്‍ പുറത്തിറങ്ങിയ ഭജഗോവിന്ദം സിനിമയിലൂടെയാണ് ചലച്ചിത്രഗാനരംഗത്തേയ്ക്ക് എത്തിയത്. 1981ലും 1991ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടി. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതിപി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി

1941 ഫെബ്രുവരി 13ന് സി ജെ ഭാസ്‌കരന്‍ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായാണ് ബിച്ചു തിരുമല ജനിച്ചത്. പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍. പ്രസന്നകുമാരിയാണ് ഭാര്യ. മകന്‍ സുമന്‍ ശങ്കര്‍ ബിച്ചു(സംഗീത സംവിധായകന്‍).

 

 

Latest