Connect with us

National

ലക്നോ ലുലു മാളിൽ കയറി വർഗീയ സംഘർഷത്തിന് ശ്രമം; ഹിന്ദുത്വ പ്രവർത്തകർ അറസ്റ്റിൽ

രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്തും വർഗീയ മുദ്രാവാക്യം വിളിച്ചും മാളിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ച ഇവരെ മാളിന് മുന്നിൽ നിലയുറപ്പിച്ച പോലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു

Published

|

Last Updated

ലക്നോ | ഉത്തർപ്രദേശിലെ ലക്നോയിൽ പുതുതായി തുറന്ന ലുലുമാളിൽ കയറി വർഗീയ സംഘർഷത്തിന് ശ്രമിച്ച ഹിന്ദുത്വ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാളിന് പുറത്ത് തടിച്ചുകൂടി രാമായണ പാരായണവും മുദ്രാവാക്യങ്ങളും വിളിച്ച് പ്രതിഷേധിച്ച ഹിന്ദു മഹാസഭ ഭാരവാഹികളെയും മാളിനുള്ളിൽ കയറി ഹനുമാൻ ചൽസ ആലപിച്ച കർണിസേന പ്രവർത്തകരായ രണ്ട് യുവാക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്.

ലുലുമാളിൻെറ കവാടത്തിന് പുറത്ത് തടിച്ചുകൂടിയാണ് ഒരു സംഘം ഹിന്ദു സമാജ് പ്രവർത്തകർ സംഘർഷത്തിന് ശ്രമിച്ചത്. രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്തും വർഗീയ മുദ്രാവാക്യം വിളിച്ചും മാളിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ച ഇവരെ മാളിന് മുന്നിൽ നിലയുറപ്പിച്ച പോലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കാവി പതാകകളുമേന്തിയാണ് സംഘം ലുലുവിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഇതിനുപിന്നാലെ രണ്ട് യുവാക്കൾ മാളിനുള്ളിൽ പ്രവേശിച്ച് ഹനുമാൻ ചൽസ ആലപിച്ചു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ജൂലൈ 10ന് യു പി​ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ലുലുമാൾ ഉദ്ഘാടനം ചെയ്തത്. 11 മുതൽ മാൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഇതിനു ശേഷം ഇവിടെ സന്ദർശനത്തിന് എത്തിയ ചിലർ മാളിനുള്ളിൽ നിസ്കാരം നിർവഹിക്കുന്ന വീഡിയോ ഹിന്ദു മഹാസഭ, ആർ എസ് എസ് അടക്കമുള്ള സംഘടനകൾ വർഗീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുകയായിരുന്നു.

തുടർന്ന് മാൾ അധികൃതർക്ക് എതിരെ പോലീസ് കേസെടുത്തു. ഇതോടെ മാളിൽ മതപരമായ പ്രാർഥനകൾക്ക് വിലക്കേർപ്പെടുത്തി മാനേജ്മെന്റ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിന് ശേഷമാണ് ഹിന്ദുത്വർ മാളിൽ കയറി സംഘർഷത്തിന് ശ്രമം നടത്തിയത്.

Latest