Connect with us

Ongoing News

ത്രില്ലറില്‍ ലക്‌നോ; കൊല്‍ക്കത്തക്കെതിരെ നേടിയത് രണ്ട് റണ്‍സ് വിജയം, പ്ലേ ഓഫില്‍

വിജയത്തോടെ ലക്‌നോ പ്ലേ ഓഫില്‍ ഇടം നേടി. അവസാനം പന്ത് വരെ ഉദ്വേഗം മുറ്റിയ പോരാട്ടത്തിലാണ് ലക്‌നോ ജയിച്ചുകയറിയത്.

Published

|

Last Updated

മുംബൈ | ഐ പി എല്ലില്‍ ത്രില്ലറില്‍ അവിശ്വസനീയ ജയവുമായി ലക്‌നോ സൂപ്പര്‍ ജയന്റ്സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ രണ്ട് റണ്‍സ് വിജയത്തോടെ ലക്‌നോ പ്ലേ ഓഫില്‍ ഇടം നേടി. അവസാനം പന്ത് വരെ ഉദ്വേഗം മുറ്റിയ പോരാട്ടത്തിലാണ് ലക്‌നോ ജയിച്ചുകയറിയത്. നിശ്ചിത ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 210 റണ്‍സാണ് ലക്നോ അടിച്ചെടുത്തത്. അതേ നാണയത്തില്‍ തിരിച്ചടിച്ച കൊല്‍ക്കത്തക്ക് പക്ഷെ, എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. പരാജയത്തോടെ പ്ലേ ഓഫ് കാണാതെ മുന്‍ ചാമ്പ്യന്മാര്‍ പുറത്തായി.

70 പന്തില്‍ 140 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കാണ് ലക്‌നോവിനെ 210ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഡി കോക്കിന്റെ രണ്ടാം ഐ പി എല്‍ സെഞ്ച്വറിയാണിത്. ഈ സീസണിലെ ഐ പി എല്ലിലെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് ഡി കോക്ക് സ്വന്തം പേരിലാക്കിയത്. പത്ത് വീതം ബൗണ്ടറിയും സിക്സറും പറത്തിയാണ് കൊല്‍ക്കത്തന്‍ ബൗളര്‍മാരെ ഡി കോക്ക് അടിച്ചു തകര്‍ത്തത്.

51 പന്തില്‍ 68 റണ്‍സുമായി ലക്‌നോ നായകന്‍ കെ എല്‍ രാഹുലും നിറഞ്ഞുനിന്നു. മൂന്ന് ഫോറും നാല് സിക്സറുമാണ് രാഹുല്‍ നേടിയത്. ഇതോടെ സീസണില്‍ 500ന് മുകളില്‍ റണ്‍സും രാഹുല്‍ പൂര്‍ത്തിയാക്കി. കൊല്‍ക്കത്തക്കായി റിങ്കു സിംഗ് (15 പന്തില്‍ 40) പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഓപണര്‍മാരായ വെങ്കിടേഷ് അയ്യര്‍ (പൂജ്യം), അഭിജീത് തോമര്‍ (നാല്) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ നിതീഷ് റാണ (42), ശ്രേയസ്സ് അയ്യര്‍ (50) എന്നിവര്‍ ആഞ്ഞടിച്ചു.

 

Latest