National
അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളി; സെഷന്‍സ് കോടതിയെ സമീപിക്കും
കന്യാസ്ത്രീകളെ കേരള എം പിമാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. അറസ്റ്റില്‍ പരസ്യ പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍ നാളെ വൈകിട്ട് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും.

റായ്പുര്‍ | ഛത്തിസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളി. ഇതോടെ രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തുടരും. സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷക പറഞ്ഞു.
കേരള എം പിമാര്‍ സന്ദര്‍ശിച്ചു
കന്യാസ്ത്രീകളെ കേരള എം പിമാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. റോജി എം ജോണ്‍ എം എല്‍ എയും എം പിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. നാളെ പാര്‍ലിമെന്റില്‍ വിഷയം ഗൗരവത്തോടെ അവതരിപ്പിക്കുമെന്ന് എം പിമാര്‍ വ്യക്തമാക്കി.
ക്രൈസ്തവ സഭകള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും
അറസ്റ്റില്‍ പരസ്യ പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍ നാളെ വൈകിട്ട് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. കര്‍ദിനാള്‍ മാര്‍ ക്ലീമിസ് പങ്കെടുക്കും. വിവിധ സഭാധ്യക്ഷന്മാരും സംബന്ധിക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന ഇവരെ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചാണ് അറസ്റ്റ്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയത്. മനുഷ്യക്കടത്തും, നിര്‍ബന്ധിത മതപരിവര്‍ത്തനവും ഉള്‍പ്പെടെ 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയുള്ളതാണ് എഫ് ഐ ആര്‍. സിസ്റ്റര്‍ പ്രീതി മേരിയാണ് ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയും പെണ്‍കുട്ടികളുടെ ബന്ധു സുഖ്മന്‍ മണ്ടാവി മൂന്നാം പ്രതിയുമാണ്.