Kerala
ഇന്‍സ്റ്റഗ്രാം വഴി പ്രണയം; പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
നോര്‍ത്ത് പറവൂര്‍ തത്തപ്പിള്ളി പനച്ചിക്കപ്പൊക്കം രാഹുലി (30)നെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി | ഇന്‍സ്റ്റഗ്രാം വഴി പ്രണയത്തില്‍ കുരുക്കി പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വൈപ്പിന്‍ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ നോര്‍ത്ത് പറവൂര്‍ തത്തപ്പിള്ളി പനച്ചിക്കപ്പൊക്കം രാഹുലി (30)നെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന മകളെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ മുളവുകാട് സ്റ്റേഷനില്‍ എത്തിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് സിറ്റി മുഴുവന്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ മകള്‍ പുലര്‍ച്ചെയോടെ വീട്ടിലെത്തിയതായി മാതാപിതാക്കള്‍ അറിയിച്ചു. പിന്നീട് മാതാപിതാക്കളോടൊപ്പം രാവിലെ സ്റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടി തന്റെ കാമുകനായ രാഹുലിനോടൊപ്പം നഗരത്തില്‍ കറങ്ങാന്‍ പോയതാണെന്നും ഇന്‍സ്റ്റഗ്രാം വഴിയാണ് അയാളെ പരിചയപ്പെട്ടതെന്നും പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. പിന്നീട് ഒളിവില്‍ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
പ്രതി തനിക്ക് ഇരുപത് വയസാണ് പ്രായമെന്ന് കുട്ടിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും വിവാഹിതനും ഒരു കുട്ടിയുടെ പിതാവാണെന്നുമുള്ള കാര്യം മറച്ചുവെക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. മുനമ്പം, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ കഞ്ചാവ്, അടിപിടി ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് രാഹുല്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള നവ സാമൂഹിക മാധ്യമങ്ങള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് മാതാപിതാക്കളുടെ കരുതലിലും നിയന്ത്രണത്തിലുമായിരിക്കണമെന്ന് പോലീസ് അറിയിച്ചു.