Connect with us

AVASARAM

ഐബിയില്‍ ജോലി നോക്കിയാലോ?

വിവിധ സബ്‌സിഡിയറി ഇന്റലിജന്‍സ് ബ്യൂറോകളിലായി 677 ഒഴിവുകളുണ്ട്.

Published

|

Last Updated

ന്റലിജന്‍സ് ബ്യൂറോയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി അസ്സിസ്റ്റന്റ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിവിധ സബ്‌സിഡിയറി ഇന്റലിജന്‍സ് ബ്യൂറോകളിലായി 677 ഒഴിവുകളുണ്ട്. 22 ഒഴിവുകള്‍ തിരുവനന്തപുരത്താണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കുന്നവര്‍ അപേക്ഷിക്കുന്ന സംസ്ഥാനത്ത് താമസിക്കുന്നവരായിരിക്കണം.

സെക്യൂരിറ്റി അസ്സിസ്റ്റന്റ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്- 362 ഒഴിവ്

പത്താം ക്ലാസ്സ് ജയവും തത്തുല്യവും. എല്‍ എം ഡ്രൈവിംഗ് ലൈസന്‍സും കാര്‍ ഡ്രൈവിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മോട്ടോര്‍ മെക്കാനിസത്തില്‍ അറിവും വേണം. ശമ്പളം 21,700- 69,100 രൂപ. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്‌പെഷ്യല്‍ പേയും അനുവദിക്കും. പ്രായം 27 വയസ്സ്.

മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ജനറല്‍)- 315 ഒഴിവ്

തിരുവനന്തപുരത്ത് 12 ഒഴിവ്. ശന്പളം- 18,000- 56,900 രൂപ. പ്രായം 18-25. രണ്ട് തസ്തികകളിലേക്കും മോട്ടോര്‍സൈക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഉയര്‍ന്ന പ്രായപരിധിയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ ബി സിക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് അനുവദിക്കും. കൂടാതെ, ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. രാജ്യത്ത് എവിടെയും സ്ഥലം മാറ്റം ലഭിക്കുന്നതായിരിക്കും. എല്ലായിടത്തും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തും. ഒന്നാം ഘട്ടത്തില്‍ എല്ലാ തസ്തികകളിലെയും അപേക്ഷകര്‍ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷ നടത്തും. 100 മാര്‍ക്കിനുള്ള പരീക്ഷയായിരിക്കും. ഒരു മണിക്കൂര്‍ സമയം അനുവദിക്കും. ജനറല്‍ അവയര്‍നെസില്‍ നിന്ന് 40 മാര്‍ക്കിനും ക്വാണ്ടിറ്റേറ്റീവ്, ആപ്റ്റിറ്റിയൂഡ്, ന്യൂമെറിക്കല്‍ അനലിറ്റിക്കല്‍, ലോജിക്കല്‍ എബിലിറ്റി ആന്‍ഡ് റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയില്‍ ഒരോന്നില്‍ നിന്ന് 20 വീതം മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാകും. തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. രണ്ടാം ഘട്ട പരീക്ഷ 50 മാര്‍ക്കിനായിരിക്കും. ഇന്റര്‍വ്യൂ ഇതില്‍ ഉള്‍പ്പെടും.

പ്രോസ്സസിംഗ് ചാര്‍ജായ 450 രൂപ അടക്കണം. ജനറല്‍, ഇ ഡബ്ല്യൂ എസ്, ഒ ബി സി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാര്‍ ഒഴികെയുള്ള പുരുഷന്മാര്‍ പരീക്ഷാ ഫീസായ 50 രൂപ കൂടി അടക്കണം. ഓണ്‍ലൈനായും എസ് ബി ഐ ചലാന്‍ മുഖേനയും അടക്കാം. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ക്ക് www.mha.gov.in സന്ദര്‍ശിക്കുക.
അവസാന തീയതി നവംബര്‍ 13.

നേവിയില്‍ അപേക്ഷിക്കാം-
224 ഒഴിവുകള്‍

ഇന്ത്യന്‍ നേവിയില്‍ 224 ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അടുത്ത ജൂണില്‍ ഏഴിമല നാവിക അക്കാദമിയില്‍ കോഴ്‌സ് ആരംഭിക്കും. എക്‌സിക്യൂട്ടീവ്, എജ്യൂക്കേഷന്‍ ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലാണ് ഒഴിവ്. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

എക്‌സിക്യൂട്ടീവ്- ജനറല്‍ സര്‍വീസ്- 40, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍- 8, നേവല്‍ എയര്‍ ഓപറേഷന്‍സ് ഓഫീസര്‍- 18, പൈലറ്റ്- 20, ലോജിസ്റ്റികസ്- 20 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. ലോജിസ്റ്റിക് തസ്തികയില്‍ ഫസ്റ്റ് ക്ലാസ്സോടെ ഏതെങ്കിലും വിഷയത്തില്‍ ബി ഇ, ബി ടെക്, എം ബി എ, എം സി എ, എം എസ് സി(ഐ ടി), അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി എസ് സി, ബി കോം, ബി എസ് സി (ഐ ടി)യും ഫിനാന്‍സ്, ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, മെറ്റീരിയല്‍ മാനേജ്‌മെന്റ്എന്നിവയില്‍ ഏതെങ്കിലും പി ജി ഡിപ്ലോമ വേണം. 1999 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരാകണം. ലോജിസ്റ്റിക്‌സ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 2005 ജനുവരി ഒന്നിന് ജനിച്ചവരാകണം.

എജ്യൂക്കേഷന്‍- 18 ഒഴിവ്

യോഗ്യത: ബി എസ് സി ഫിസിക്‌സും എം എസ് സി മാത്സ്, ഓപറേഷനല്‍ റിസര്‍ച്ചും. അല്ലെങ്കില്‍ ബി എസ് സി മാത്സും എം എസ് സി ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സും. അല്ലെങ്കില്‍ എം എസ് സി കെമിസ്ട്രിയും ബി എസ് സി ഫിസിക്‌സും. അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണികസ്, ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ബി ഇ, ബി ടെക്. അല്ലെങ്കില്‍ അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം ടെക്. ബി ഇ, ബി ടെക്, എം എസ് സി, എം ടെക് യോഗ്യതകള്‍ 60 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. 1999 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവര്‍.

ടെക്‌നിക്കല്‍

എന്‍ജിനീയറിംഗ് ബ്രാഞ്ച്-30, ഇലക്ട്രിക്കല്‍ ബ്രാഞ്ച് -50, നേവല്‍ കണ്‍സ്ട്രക്ടര്‍-20 എന്നിങ്ങനെയാണ് ഒഴിവ്. 60 ശതമാനം മാര്‍ക്കോടെ ബി ഇ, ബി ടെക്. പ്രായം 1999 ജൂലൈ രണ്ടിനും 2005 ജനുവരി ഒന്നിനുമിടയില്‍ ജനിച്ചവരാകണം. 56,100 ശമ്പളം. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിവരങ്ങള്‍ക്ക് www.joinindiannavy.gov.in സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 29.

നേവല്‍ യാര്‍ഡുകളില്‍ ഒഴിവ്; 210 അപ്രന്റിസ്

കര്‍ണാടകയിലെ കാര്‍വാറിലുള്ള നേവല്‍ ഷിപ് റിപയര്‍ യാര്‍ഡിലും ഗോവയിലെ ദാബോലിമിലുമുള്ള നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 210 പേര്‍ക്കാണ് അവസരം. പത്താം ക്ലാസ്സ്, ഐ ടി എയാണ് യോഗ്യത.

കാര്‍വാര്‍- കാര്‍പെന്റര്‍ -14, ഇലക്ട്രീഷ്യന്‍-25, ഇലക്ട്രോണിക്‌സ് മെക്കാനിക്-25, ഫിറ്റര്‍-25, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍-ടെക്‌നോളജി മെയിന്റനന്‍സ്- അഞ്ച്, ഇന്‍സ്ട്രുമെന്റ്‌മെക്കാനിക്- അഞ്ച്, മെഷിനിസ്റ്റ്-ആറ്, മെക്കാനിക് ഡീസല്‍- 16, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്-രണ്ട്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍-രണ്ട്, മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എ സി- എട്ട്, പെയിന്റര്‍ (ജനറല്‍)- അഞ്ച്, പ്ലംബര്‍ -എട്ട്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍- നാല്, ടെയ്ലര്‍ (ജനറല്‍)-രണ്ട്, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)- 12, റിഗ്ഗര്‍- ഒമ്പത്, ഷിപ്‌റൈറ്റ് സ്റ്റീല്‍- ഏഴ് എന്നിങ്ങനൊണ് ഒഴിവ്.

ദബോലി- കാര്‍പെന്റര്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ്, ഇലക്ട്രിക്കല്‍ ഇലക്ട്രീഷ്യന്‍ എയര്‍ക്രാഫ്റ്റ്, ഫിറ്റര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, ഇന്‍സ്ട്രുമെന്റ്‌മെക്കാനിക്, മെക്കാനിക് ഇന്‍സ്ട്രുമെന്റ് എയര്‍ക്രാഫ്റ്റ്, മെഷിനിസ്റ്റ്, പ്ലംബര്‍, പൈപ്പ് ഫിറ്റര്‍, പെയിന്റര്‍,ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളില്‍ 30 ഒഴിവുകളുണ്ട്. ഓരോ ട്രേഡിലും പരമാവധി അഞ്ച് പേര്‍ക്കാണ് അവസരം ലഭിക്കുക. 50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ്സും 65 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ഐ ടി ഐയും യോഗ്യത ഉണ്ടായിരിക്കണം. പ്രായം 14-21. എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും. വിവരങ്ങള്‍ക്ക് apprenticeshipindia.gov.in സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 12.

 

 

 

Latest