Kerala
ചാന്‍സലര്‍ക്ക് കത്തയച്ചത് സ്വാഭാവിക നടപടി; നിലപാടിലുറച്ച് മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചാന്‍സലര്‍ക്ക് കത്തയച്ചത് സ്വാഭാവിക നടപടിയെന്ന നിലപാടിലുറച്ച് മന്ത്രി ആര്‍ ബിന്ദു. പ്രൊ ചാന്‍സലറുടെ നിര്‍ദേശം അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ നിലപാട് വ്യക്തമാക്കിയിട്ടും വിവാദം തുടരുന്നത് അനാവശ്യമാണ്. പ്രൊ ചാന്‍സലറും ചാന്‍സലറും തമ്മിലുള്ള ആശയവിനിമയങ്ങള്‍ മാധ്യമങ്ങളിലൂടെ സംവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പ്രൊ ചാന്‍സലറെന്ന നിലക്കുള്ള നിലപാട് നേരത്തെ വ്യക്തമാക്കി കഴിഞ്ഞിട്ടുള്ളതാണ്. മാത്രമല്ല, ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാല നിയമങ്ങള്‍, പ്രൊ ചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരം എന്നിവയെ കുറിച്ചൊന്നും അറിയാതെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഇടപെടല്‍ നടത്തിയെന്ന നിലയില്‍ ചിലര്‍ പ്രചാരണം തുടരുന്നത്. സര്‍വകലാശാലയുടെ ചാന്‍സലര്‍ ഗവര്‍ണറും, പ്രൊ ചാന്‍സലര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവര്‍ തമ്മില്‍ ആശയവിനിമയം നടത്തുക സ്വാഭാവികമാണ്. ഇതുകൊണ്ടുതന്നെ പ്രൊ ചാന്‍സലര്‍ എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചാന്‍സലറെ കത്തു മുഖേന അറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.