Eduline
യു എസ് എ സി എം എ പഠിക്കാം
നൂറിലധികം രാജ്യങ്ങളിൽ അംഗീകാരമുള്ള കോഴ്സാണ് സി എം എ (യു എസ് എ)
മാനേജ്മെന്റ് അക്കൗണ്ടിംഗ് പഠനരംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്സിന്റെ ആഭിമുഖ്യത്തിലുള്ള പ്രൊഫഷനൽ കോഴ്‌സാണ് സർട്ടിഫൈഡ് മാനേജ്മെന്റ്അക്കൗണ്ടന്റ് അഥവാ സി എം എ (യു എസ് എ). മറ്റ് സമാന കോഴ്‌സുകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് പാർട്ടുകൾ മാത്രമുള്ളതും പഠന ദൈർഘ്യം കുറഞ്ഞതുമായ കോഴ്സാണിത്. നൂറിലധികം രാജ്യങ്ങളിൽ അംഗീകാരമുള്ള കോഴ്സാണ് സി എം എ (യു എസ് എ).
അപേക്ഷ
ഏതെങ്കിലും അംഗീകൃത യൂനിവേഴ്‌സിറ്റി ബിരുദമാണ് പ്രവേശനത്തിനുള്ള യോഗ്യത. ഇന്ത്യയിലെ അംഗീകൃത സി എം എ, സി എസ്, സി എ യോഗ്യത നേടിയവർക്കും സി എം എ. യു എസ് എ കോഴ്‌സിൽ പ്രവേശനം നേടാം. പ്രവേശനത്തിന് അപേക്ഷിക്കാൻ www.imanet.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് സി എം എ എൻട്രൻസ് ഫീസും ഐ എം എ മെമ്പർഷിപ്പ് ഫീസും അടക്കണം. പ്രവേശന പ്രക്രിയ പൂർത്തിയായാൽ പരീക്ഷക്ക് അപേക്ഷിക്കാം.
പരീക്ഷ
സി എം എ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാണ്. 500 മാർക്ക് വീതമുള്ള രണ്ട് പാർട്ടുകളാണ് ഈ പരീക്ഷക്കുള്ളത്. ഓരോ പാർട്ടും വിജയിക്കാൻ 360 മാർക്ക് കിട്ടണം. രണ്ട് പാർട്ടുകളിൽ ഇഷ്ടമുള്ള പരീക്ഷ ആദ്യമെഴുതാം. രണ്ട് പാർട്ടുകളും ഒരുമിച്ചും എഴുതാം. ഏകദേശം 300 മണിക്കൂർ വീതം പഠിച്ചാൽ രണ്ട് പാർട്ടിന്റെയും സിലബസ്സ് തീർക്കാനാകും. പാർട്ട് 1, ഫിനാൻഷ്യൽ പ്ലാനിംഗ് പെർഫോമൻസ് ആൻഡ് അനലിറ്റിക്‌സ് എന്ന വിഷയവും പാർട്ട് 2, സ്ട്രാറ്റജിക് ഫിനാൻഷ്യൽ മാനേജ്മെന്റ് എന്ന വിഷയവും ആണ്. പാർട്ട് ഒന്നിലും രണ്ടിലും ആറ് ഉപവിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടാകും. 300 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളും വിശദീകരിച്ച് എഴുതേണ്ട രണ്ട് ചോദ്യങ്ങളുമാണ് ഓരോ പാർട്ടിലുമുണ്ടാകുക.
നാല് മണിക്കൂർ ദൈർഘ്യമുള്ള ഓരോ പരീക്ഷയിലും മൂന്ന് മണിക്കൂർ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾക്കും ഒരു മണിക്കൂർ ഉപന്യാസം എഴുതേണ്ട ചോദ്യങ്ങൾക്കും ഉത്തരമെഴുതാനുള്ളതാണ്. 50 ശതമാനം മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം എഴുതിയാൽ മാത്രമേ ഉപന്യാസം എഴുതേണ്ട രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ എന്നതാണ് ഈ പരീക്ഷയുടെ പ്രത്യേകത. ലോകമെമ്പാടുമുള്ള സി എം എ പ്രൊ മെട്രിക് ടെസ്റ്റ് സെന്ററുകളിലാണ് പരീക്ഷ നടക്കുക. പരീക്ഷാർഥിക്ക് ഇഷ്ടമുള്ള സമയത്തും സ്ഥലത്തും പരീക്ഷയെഴുതാം.
വർഷത്തിൽ മൂന്ന് തവണയായി ജനുവരി/ഫെബ്രുവരി, മേയ്/ജൂൺ, സെപ്തംബർ/ ഒക്ടോബർ മാസങ്ങളിലാണ് പരീക്ഷ നടക്കുക. www.imaonlinestore.com എന്ന വെബ്‌സൈറ്റിലാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്താൽ റഫറൻസ് നമ്പറും മറ്റ് നിർദേശങ്ങളും ലഭിക്കും. പരീക്ഷാ സമയവും സെന്ററും തിരഞ്ഞെടുക്കാൻ www.prometric.com/ICMA എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പരീക്ഷ എഴുതുന്ന ദിവസം, സമയം, സ്ഥലം എന്നിവയിൽ ഒന്നാമത്തെ ചോയ്‌സ് ലഭിക്കാൻ പരീക്ഷയുടെ നാല് ആഴ്ച മുമ്പെങ്കിലും രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുക. രജിസ്റ്റർ ചെയ്ത് മൂന്ന് വർഷത്തിനുള്ളിൽ പരീക്ഷയുടെ രണ്ട് പാർട്ടും വിജയിച്ചില്ലെങ്കിൽ വീണ്ടും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യേണ്ടി വരും. ഇത്തരം സാഹചര്യത്തിൽ ഏതെങ്കിലും പാർട്ട് വിജയിച്ചിട്ടുണ്ടെങ്കിൽ അതും റദ്ദാവുമെന്നത് ശ്രദ്ധിക്കുക.
സി എം എ സർട്ടിഫിക്കേഷൻ
മാനേജ്മെന്റ് അക്കൗണ്ടിംഗിലോ ഫിനാൻഷ്യൽ മാനേജ്‌മെന്റിലോ രണ്ട് വർഷത്തെ പ്രായോഗിക പരിശീലനം പൂർത്തിയാക്കിയാൽ മാത്രമേ സി എം എ സർട്ടിഫിക്കേഷൻ ലഭിക്കുകയുള്ളൂ. ഈ പരിശീലനം പരീക്ഷ വിജയിച്ച് ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയാലും മതി. ഐ എം എ മെമ്പർഷിപ്പ് നിലനിർത്താൻ ഓരോ വർഷവും 30 മണിക്കൂർ കണ്ടിന്യൂയിംഗ് പ്രൊഫഷനൽ എജ്യൂക്കേഷൻ റിക്വുയർമെന്റ് പൂർത്തിയാക്കണം. അതിൽ രണ്ട് മണിക്കൂർ ധാർമികതയുമായി ബന്ധപ്പെട്ടതായിരിക്കണം. സി എം എ സർട്ടിഫിക്കേഷൻ ലഭിക്കാൻ, യോഗ്യതയും പ്രായോഗിക പരിചയവും സംബന്ധമായ എല്ലാ രേഖകളുടെയും പകർപ്പ് സമർപ്പിക്കണം.
സർട്ടിഫിക്കേഷൻ കഴിഞ്ഞാൽ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിൽ ഫിനാൻഷ്യൽ മാനേജർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ഫിനാൻഷ്യൽ ഡയറക്ടർ, ബജറ്റ് അനലിസ്റ്റ് തുടങ്ങി വിവിധങ്ങളായ ഉയർന്ന നിലവാരമുള്ള തസ്തികകളിൽ നിയമനം ലഭിക്കും.
അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ് ഈ കോഴ്‌സ് നടത്തുന്ന ഐ എം എ യുടെ ആസ്ഥാനം. വിദേശരാജ്യവുമായി ബന്ധപ്പെട്ട വിഷയം ആയതുകൊണ്ട് പ്രവേശനത്തിലും പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഈ രംഗത്ത് പരിചയമുള്ള കൺസൾട്ടൻസികളെയോ സ്ഥാപനങ്ങളെയോ ബന്ധപ്പെടുന്നത് നന്നാകും. കൂടുതൽ വിവരങ്ങൾ www.imanet.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

