Connect with us

Kerala

നിയമസഭാ സമ്മേളനം നാളെ തുടങ്ങും; മിത്ത് വിവാദവും വിലക്കയറ്റവും സഭയെ പ്രക്ഷുബ്ധമാക്കിയേക്കും

പതിനാലോളം ബില്ലുകള്‍ സമ്മേളന കാലയളവില്‍ സഭ പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാവും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാകും സമ്മേളനം തുടങ്ങുക. മിത്ത് വിവാദവും താനൂര്‍ കസ്റ്റഡി മരണവും വലിയ ചര്‍ച്ചയായിരിക്കെയാണ് 12 ദിവസത്തെ സമ്മേളനും തുടങ്ങുന്നത്.

അതേസമയം വിവാദത്തില്‍ നിന്നും തന്ത്രപരമായ അകലം പാലിക്കാന്‍ ആകും സര്‍ക്കാര്‍ ശ്രമിക്കുക. കഴിഞ്ഞ സമ്മേളനത്തിന് സമാനമായി മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട വിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന തന്ത്രം പ്രതിപക്ഷം ആവര്‍ത്തിച്ചേക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി, കെഎസ്ആര്‍ടിസി, ഓണം വിപണിയിലെ വിലക്കയറ്റം, പ്ലസ്വണ്‍ സീറ്റ് ക്ഷാമം, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഐജി ലക്ഷ്മണയുടെ ആരോപണം തുടങ്ങി കാര്യങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കിയേക്കും

പതിനാലോളം ബില്ലുകള്‍ സമ്മേളന കാലയളവില്‍ സഭ പരിഗണിക്കും. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് നാളെ സഭ പിരിയും. ആഗസ്റ്റ് 24 വരെ 12 ദിവസങ്ങളാണ് സഭ സമ്മേളിക്കുന്നത്.

53 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എ ആയി സഭയിലെത്തിയ ഉമ്മന്‍ചാണ്ടിയില്ലാതെയാണ് 15-ാം കേരള നിയമസഭയുടെ 9ാം സമ്മേളനം നാളെ ആരംഭിക്കുന്നത്.