Kerala
കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം; സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നു
രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനേയും ജോയിന്റ് രജിസ്ട്രാര്‍ ഡോ. പി ഹരികുമാറിനെയും സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശവും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നല്‍കിയേക്കും.

തിരുവനന്തപുരം | കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വി സിയുടെ നടപടിക്കു പിന്നാലെയുള്ള സംഭവവികാസങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. നടപടിക്കെതിരെ ആക്ഷേപമുയര്‍ത്തിയ കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നിയമോപദേശം ലഭിച്ചതോടെയാണിത്. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരുമാണ് നിയമോപദേശം നല്‍കിയത്. വൈസ് ചാന്‍സലര്‍ ചുമതലയുള്ള ഡോ. സിസ തോമസിന്റെ റിപോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാനൊരുങ്ങുന്നതിനിടെയാണ് ഗവര്‍ണര്‍ക്ക് പുതിയ നിയമോപദേശം ലഭിച്ചത്.
ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ചുമതലയേറ്റ രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനേയും ജോയിന്റ് രജിസ്ട്രാര്‍ ഡോ. പി ഹരികുമാറിനെയും സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശവും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നല്‍കിയേക്കും. പി ഹരികുമാറിനെ ഇന്ന് ചുമതലകളില്‍ നിന്നും നീക്കിക്കൊണ്ട് സിസ തോമസ് ഉത്തരവിട്ടിരുന്നു. പകരം ഡോ. മിനി കാപ്പനെ രജിസ്ട്രാറായും ഹേമാനന്ദിനെ ജോയിന്റ് രജിസ്ട്രാറായും നിയമിച്ചിരുന്നു. നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് പി ഹരികുമാര്‍. അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന് ശേഷം രജിസ്ട്രാറുടെ ചുമതല ഹരികുമാറിനായിരുന്നു.
നാടകീയ നീക്കങ്ങളാണ് കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ നടന്നത്. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിക്കുകയും ചെയ്തു. ഇതോടെ അനില്‍കുമാര്‍ വീണ്ടും ഓഫീസിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അനില്‍കുമാറിന്റെ ഹരജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.