Kerala
മലയാളം അറിയാത്ത ബംഗാളികള്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ്; നടപടിക്ക് ഉത്തരവിട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
കൊവിഡ് കാലത്തെ ഇളവ് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്

കൊച്ചി | മലയാളം അറിയാത്ത ബംഗാളികല്‍ക്ക് മലയാളത്തില്‍ ലേണേഴ്‌സ് പരീക്ഷ എഴുതികൊടുത്ത് ക്രമക്കേട് നടത്തിയ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കെതിരെ അന്വേഷണം നടത്തി നടപടിക്ക് നിര്‍ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. കൊച്ചി പറവൂരില്‍ ബംഗാളി ഭാഷ മാത്രം അറിയുന്നവരും ലേണേഴ്‌സ് പാസായിരുന്നു. കൊവിഡ് കാലത്തെ ഇളവ് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. ക്രമക്കേടിന് ഡ്രൈവിങ് സ്‌കൂളുകള്‍ കൂട്ടുനിന്നതായു പ്രാഥമികറിപ്പോര്‍ട്ട്.
കഴിഞ്ഞ കൊവിഡ് കാലത്ത് ഡ്രൈവിംഗ് ലൈസന്‍സിനായി നടന്നിരുന്ന ലേണേഴ്‌സ് പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ അനുവദിച്ചിരുന്ന കാലഘട്ടങ്ങളില്‍ നടന്ന ഓണ്‍ലൈന്‍ ലേണേഴ്‌സ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നിരുന്നു എന്ന് കണ്ടെത്തിയിരുന്നു. മലയാളം അറിയില്ലാത്തവര്‍ വരെ മലയാളത്തില്‍ പരീക്ഷ എഴുതി പാസായതായി കണ്ടിരുന്നു. കൂടാതെ, എഴുത്തും, വായനയും അറിയാത്ത ആളുകള്‍ വരെ ലേണേഴ്‌സ് പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയതായി കണ്ടിരുന്നു.
നോര്‍ത്ത് പറവൂര്‍ അസിസ്റ്റന്റ് ലൈസന്‍സിംഗ് അതോറിറ്റി ഇതെക്കുറിച്ച് പഠിച്ച് വിശദമായി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുവാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സാരഥി സ്മാര്‍ട്ട് സപ്പോര്‍ട്ട് ഗ്രൂപ്പിന് നിര്‍ദ്ദേശം നല്‍കിയത്.