Connect with us

editorial

കരകയറുന്ന സംസ്ഥാന പൊതുമേഖല

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ പതിനഞ്ച് ശതമാനത്തിന്റെ വര്‍ധനവും മൊത്തം ലാഭത്തില്‍ 265.5 ശതമാനത്തിന്റെ വര്‍ധനവും ഉണ്ടായതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Published

|

Last Updated

നഷ്ടങ്ങളുടെ മാത്രം കണക്കുകള്‍ നിരത്തിവെക്കുന്ന മേഖലയെന്ന ദുഷ്‌പേരില്‍ നിന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ മോചിതമായിക്കൊണ്ടിരിക്കുകയാണെന്നാണ് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് വാര്‍ഷിക അവലോകന റിപോര്‍ട്ട് കാണിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ പതിനഞ്ച് ശതമാനത്തിന്റെ വര്‍ധനവും മൊത്തം ലാഭത്തില്‍ 265.5 ശതമാനത്തിന്റെ വര്‍ധനവും ഉണ്ടായതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2020-21ല്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 52 ആയിരുന്നു. ഇത് 60 ആയി ഉയര്‍ന്നു. പകുതിയോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെങ്കിലും സഞ്ചിത നഷ്ടത്തില്‍ പോയവര്‍ഷം 18.41 ശതമാനം കുറവുണ്ടായി. ലാഭകരമല്ലാത്ത 61 സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം മുന്‍ വര്‍ഷത്തെ 4031.23 കോടിയില്‍ നിന്ന് 3289.16 കോടിയായാണ് കുറഞ്ഞത്. ലോക്ക്ഡൗണ്‍ മൂലം പ്രവര്‍ത്തനം മുടങ്ങിയ 2020-21ല്‍ 429.58 കോടി ആയിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ലാഭമെങ്കില്‍ പോയ വര്‍ഷം അത് 1570.21 കോടിയായി വര്‍ധിച്ചു. സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 121 എണ്ണത്തിലാണ് വാര്‍ഷിക റിപോര്‍ട്ട് അവലോകനം നടത്തിയത്.

പൊതുമേഖലാ വ്യവസായങ്ങളുടെ കാര്യത്തില്‍ രണ്ട് നയങ്ങളാണ് നിലവിലുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ നഷ്ടത്തിലോടുന്നതും സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്നതുമാകയാല്‍ അവയെ പൊതുമേഖലയില്‍ നിലനിര്‍ത്തരുത്, വിറ്റഴിക്കുകയാണ് വേണ്ടതെന്നാണ് ഒരു കാഴ്ചപ്പാട്. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുകയും പിന്തുണ നല്‍കി അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നതാണ് മറ്റൊന്ന്. ഒന്നാമത്തെ നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തന്ത്രപരമായ മേഖലകള്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുമെന്നും തന്ത്രപ്രധാന മേഖലകളില്‍ തന്നെയും വളരെ കുറച്ച് പൊതുമേഖലാ സ്ഥാപനം മതിയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും 2021 ഫെബ്രുവരിയില്‍ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയതാണ്. ’50-60 വര്‍ഷങ്ങള്‍ക്കു മുമ്പാണ് പൊതുമേഖലയില്‍ വ്യവസായം ആരംഭിച്ചത്. അന്നത് ആവശ്യമായിരുന്നു. അന്നതൊരു മികച്ച നയവുമായിരുന്നു. പൊതുഖജനാവിലെ പണം പരമാവധി നാടിനും ജനങ്ങള്‍ക്കും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ചിന്തിക്കുമ്പോള്‍ ആ നയം ഇന്ന് പ്രായോഗികമല്ല. സര്‍ക്കാറിന് സ്വന്തമായി ബിസിനസ്സ് നടത്തേണ്ട ആവശ്യമില്ല. ബിസിനസ്സില്‍ ഏര്‍പ്പെടുകയല്ല സര്‍ക്കാറിന്റെ ജോലി’യെന്നും പ്രധാനമന്ത്രി തുടര്‍ന്നു പറയുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഉണ്ടായിരുന്ന 300ഓളം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 24 ആയി കുറക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.

അതേസമയം, വ്യവസായ മേഖലയുടെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലായതിന്റെ പേരില്‍ വിറ്റഴിക്കുന്നതിനു പകരം സര്‍ക്കാര്‍ സംരക്ഷിക്കുകയും പിന്തുണ നല്‍കി അഭിവൃദ്ധിപ്പെടുത്തുകയുമാണ് വേണ്ടതെന്നാണ് പിണറായി സര്‍ക്കാറിന്റെ നയം. നഷ്ടത്തിലാകാനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ച് ലാഭത്തിലാക്കി നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമാക്കണം. ഒരു പൊതുമേഖലാ സ്ഥാപനം പോലും സ്വകാര്യവത്കരിക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലയെ ആധുനികവത്കരിച്ച് ലാഭകരമാക്കി സംരക്ഷിക്കുക എന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിന്റെ ഫലമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി കുറക്കാനായതും ലാഭവിഹിതം വര്‍ധിപ്പിക്കാനായതും എന്ന് വ്യവസായ മന്ത്രി രാജീവ് പറയുന്നു.

സ്ഥാപന മേധാവികളുടെ കെടുകാര്യസ്ഥത, അനാസ്ഥ, അഴിമതി, വൈദഗ്ധ്യക്കുറവ്, നയമില്ലായ്മ, തൊഴിലാളികളുടെ ആത്മാര്‍ഥതയില്ലായ്മ, ഉത്പാദനക്ഷമതാ വിനിയോഗത്തിലെ കുറവ്, സമരാഭാസങ്ങള്‍ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിന് കാരണങ്ങള്‍ പലതാണ്. കഴിവുറ്റ മാനേജ്‌മെന്റും ആത്മാര്‍ഥതയുള്ള തൊഴിലാളികളുമാണ് ഒരു വ്യവസായ സ്ഥാപനത്തിന്റെ പുരോഗതിയിലും വളര്‍ച്ചയിലും പരമപ്രധാനം. എന്നാല്‍ പല സ്ഥാപനങ്ങളിലും നേതൃസ്ഥാനത്ത് നിയമിക്കുന്നത് ആ മേഖലയില്‍ വൈദഗ്ധ്യമില്ലാത്ത ഏതെങ്കിലും രാഷ്ട്രീയക്കാരനെയോ ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവരെയോ ആയിരിക്കും. ഒരു സ്ഥാപനം ഗുണംപിടിക്കാതിരിക്കാന്‍ അതുതന്നെ ധാരാളം. “സര്‍ക്കാര്‍ സ്ഥാപനമല്ലേ, അങ്ങനെയൊക്കെ മതി’യെന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ തലപ്പത്തുള്ളവരുടെയും തൊഴിലാളികളുടെയും മനോഭാവം പൊതുവെ. അത് മാറണം. സ്ഥാപനത്തിന്റെ വളര്‍ച്ച തങ്ങളുടെ കൂടി അനിവാര്യതയാണെന്ന ബോധത്തോടെയായിരിക്കണം തൊഴിലാളികളുടെ പ്രവര്‍ത്തനം. തൊഴില്‍ സംഘടനാ നേതൃത്വങ്ങളുടെ നിലപാടും മനോഭാവവുമാണ് ഇക്കാര്യത്തില്‍ ആദ്യം മാറേണ്ടത്. തൊഴിലാളി യൂനിയന്‍ നേതാക്കള്‍ക്ക് അനുവദിച്ച സംരക്ഷണാനുകൂല്യം ദുരുപയോഗപ്പെടുത്തുകയും അതിന്റെ ബലത്തില്‍ പണിയെടുക്കാതെ ശമ്പളം പറ്റുകയും ചെയ്യുന്നവരാണ് നേതൃനിരയിലെ പലരും. വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് പോലും സ്ഥാപനത്തില്‍ പ്രശ്‌നം സൃഷ്ടിക്കുകയും തൊഴിലാളികളെ സമരത്തിലേക്ക് ഇറക്കിവിടുകയും ചെയ്യുന്നു ഇത്തരക്കാര്‍. ഇവരാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍.

പൊതുമേഖലാ വ്യവസായ സ്ഥാപനത്തില്‍ പകുതിയോളം കരകയറുകയും ലാഭത്തില്‍ എത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും സര്‍ക്കാര്‍ സഹായത്തെ ആശ്രയിച്ചാണ് കെ എസ് ആര്‍ ടി സി തുടങ്ങി മറ്റു പല സ്ഥാപനങ്ങളും നിലനില്‍ക്കുന്നത്. എക്കാലവും ഒരു സ്ഥാപനത്തെ ഈ വിധം നിലനിര്‍ത്താനാകില്ല. കെ എസ് ആര്‍ ടി സിയുടെ കാര്യത്തില്‍ ഇനിയും സഹായിക്കാനാകില്ലെന്ന് സര്‍ക്കാര്‍ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. തൊഴിലാളികള്‍ പ്രവര്‍ത്തനത്തില്‍ ആത്മാര്‍ഥത കാണിക്കുകയും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ഉത്പാദന ചെലവ് കുറച്ചുകൊണ്ടുവരികയും ചെയ്താല്‍ സര്‍ക്കാര്‍ ആശ്രയത്വം അവസാനിപ്പിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനുമാകും. മത്സര സജ്ജമാകണം പൊതുമേഖലാ സ്ഥാപനങ്ങള്‍. വ്യവസായ, തൊഴില്‍ അന്തരീക്ഷത്തിലും നയത്തിലും സമൂലമായ മാറ്റമാണ് അതിനാവശ്യം.