Connect with us

Kuwait

കുവൈത്ത് കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നു

ചില മേഖലകളിലെ തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

Published

|

Last Updated

കുവൈത്ത് സിറ്റി | കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ എത്തിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. നിലവില്‍ വലിയ കമ്മ്യൂണിറ്റികളുള്ള രാജ്യങ്ങള്‍ ഒഴികെയുള്ള പുതിയ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്ന നടപടിയുമായി മുന്നോട്ട് പോകാന്‍ ഉപ പ്രധാനമന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് നിര്‍ദേശം നല്‍കി.

പുതിയ തൊഴില്‍ കയറ്റുമതി ധാരണാപാത്രം ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദേശമെന്ന് മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു. ചില മേഖലകളിലെ തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തൊഴില്‍ സ്രോതസുകളെ വൈവിധ്യവത്കരിച്ചു കൊണ്ട് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പ്രശ്‌നം പരിഹരിക്കാനുള്ള പരിശ്രമത്തിന്റെയും കൂടി ഭാഗമാണ് പുതിയ നീക്കം. കുവൈത്തിലേക്ക് സ്‌പെഷ്യലൈസ്ഡ് തൊഴിലാളികളെ അയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മെയ് അവസാനം ഫിലിപ്പൈന്‍സുമായി ചര്‍ച്ച നടക്കും. ഫിലിപ്പൈന്‍സില്‍ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവരുന്നത് ഈ ചര്‍ച്ചക്ക് ശേഷം വീണ്ടും പുനരാരംഭിക്കാന്‍ സാധ്യതയുള്ളതു കൊണ്ട് വിഷയത്തില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കാന്‍ മാന്‍ പവര്‍ അതോറിറ്റി നടപടിയാരംഭിച്ചിട്ടുണ്ട്.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ദിവസേന എട്ട് മണിക്കൂര്‍ ജോലിയും ആഴ്ചയില്‍ ഒരു ദിവസം വിശ്രമവും ഈ പരിധി കവിഞ്ഞാല്‍ ഓവര്‍ ടൈം വേതനവും വേണമെന്ന് ഫിലിപ്പൈന്‍സ് പ്രതിനിധികള്‍ ആവശ്യപ്പെടുമെന്നാണ് സൂചന.