Connect with us

Ongoing News

ഡൽഹിക്കെതിരെ ഹൈദരാബാദിന് ജയം

 ട്രാവിസ് ഹെഡ് 32 പന്തിൽ 89

Published

|

Last Updated

ന്യൂഡൽഹി | ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശർമയുടെയും ശഹബാസ് അഹ്്മദിന്റെയും ബാറ്റിംഗ് വെടിക്കെട്ടിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 67 റൺസിന്റെ തകർപ്പൻ ജയം. ഹൈദരാബാദ് ഉയർത്തിയ 267 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് ഏഴ് വിക്കറ്റിന് 199 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

അടിച്ചൊതുക്കി ഹൈദരാബാദ്

32 പന്തിൽ 89 റൺസാണ് ഹെഡ് വാരിക്കൂട്ടിയത്. ആറ് സിക്‌സും 11 ബൗണ്ടറിയും ഹെഡിന്റെ ബാറ്റിൽ നിന്നൊഴുകി. 12 പന്തിൽ നിന്ന് 46 റൺസ് നേടിയ അഭിഷേക് ആറ് സിക്‌സും രണ്ട് ബൗണ്ടറിയും നേടി. ഓപണർമാരായ ഇരുവരും ചേർന്ന് ഡൽഹി ബൗളർമാരെ നിലംതൊടാൻ അനുവദിച്ചില്ല. 2.5 ഓവറിൽ 50 കടന്ന ഹൈദരാബാദ് അഞ്ച് ഓവറിൽ നൂറിലെത്തി. 6.2 ഓവറിൽ പിറന്നത് 131 റൺസ്. ഏഴാം ഓവറിൽ കുൽദീപ് യാദവ് എത്തിയതോടെയാണ് ഡൽഹിക്ക് ശ്വാസം നേരെ വീണത്. അഭിഷേക് ശർമ, എയ്ഡൻ മാർക്രം (ഒന്ന്), ട്രാവിസ് ഹെഡ് എന്നിവരെ ചെറിയ ഇടവേളകളിൽ മടക്കിയ കുൽദീപ് റണ്ണൊഴുക്ക് അൽപ്പം കുറച്ചു. റൺ വിട്ടുകൊടുക്കുന്നതിൽ പിശുക്കുകാട്ടിയ അക്ഷർ പട്ടേൽ ഹെൻറിച് ക്ലാസ്സനെ (15) പറഞ്ഞയച്ചു. അവസാന ഓവറുകളിൽ ശഹബാസ് അഹ്്മദും (29 പന്തിൽ 59) നിതിഷ് കുമാർ റെഡ്്ഢിയും (27 പന്തിൽ 37) അബ്ദുസ്സമദും (എട്ട് പന്തിൽ 13) തകർപ്പൻ അടികളുമായി സ്‌കോർ 266ലെത്തിച്ചു. അഞ്ച് സിക്സും രണ്ട് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു സമദിന്റെ ഇന്നിംഗ്സ്.

കൂറ്റൻ ജയം ലക്ഷ്യമിട്ടിറങ്ങിയ ഡൽഹിക്കായി പൃഥി ഷാ (അഞ്ച് പന്തിൽ 16) നേരിട്ട ആദ്യ നാല് പന്തുകളും ബൗണ്ടറി കടത്തിയെങ്കിലും അഞ്ചാം പന്തിൽ വീണു. പിന്നീട് ജാക് ഫ്രേസർ മക്്ഗുർക്കിന്റെ മിന്നൽപ്രകടനമാണ് കാണാനായത്. 18 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയും ഏഴ് സിക്‌സുമടക്കം താരം 65 റൺസ് വാരി. അഭിഷേക് പൊരേൽ (22 പന്തിൽ 42) ആണ് പിന്നീട് അൽപ്പമെങ്കിലും ചെറുത്തുനിന്നത്. ഋഷഭ് പന്ത് 44 റൺസെടുത്തെങ്കിലും 35 പന്ത് വേണ്ടിവന്നു. ഹൈദരാബാദിനായി ടി നടരാജൻ നാല് വിക്കറ്റെടുത്തു.