Connect with us

food safety

വരാലിലെ നാടവിര പ്രചാരണം അടിസ്ഥാനരഹിതമെന്ന് കുഫോസ്

വിപണിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കള്ളപ്രചാരണം

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് വ്യാപകമായി കൃഷി ചെയ്യുന്ന ശുദ്ധജല മത്സ്യമായ വരാലിൽ (സ്‌നേക്ക്‌ഹെഡ് മുറൽ) വലിയ തോതിൽ നാടവിരകളെ കാണുന്നുണ്ടെന്നും അതുമൂലം വരാൽ മത്സ്യങ്ങൾ ചത്തൊടുങ്ങുന്നു എന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ് ) അറിയിച്ചു.

സംസ്ഥാനത്തെ അക്വാകൾച്ചർ രംഗത്ത് എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടായാൽ അത് പരിശോധിച്ച് സ്ഥിരീകരിക്കുന്ന സെൻട്രൽ റഫറൽ ലബോറട്ടറി പ്രവർത്തിക്കുന്നത് കുഫോസിലാണ്. സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന മത്സ്യ കർഷകർ വർഷങ്ങളായി കുഫോസിലെ റഫറൽ ലാബോറട്ടറി സംവിധാനം രോഗനിർണയത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ, ഇതുവരെ വരാൽ മത്സ്യങ്ങളിൽ നാടവിര രോഗബാധയുണ്ടായ ഒരു സാന്പിളും കുഫോസിലെ ലാബിൽ പരിശോധനക്കായി വന്നിട്ടില്ലെന്ന് കുഫോസ് ഗവേഷണ വിഭാഗം മേധാവിയും റഫറൽ ലബോറട്ടറി ഇൻ ചാർജുമായ ഡോ. ദേവിക പിള്ള അറിയിച്ചു.

കേരളത്തിൽ വ്യാപകമായി വരാൽ മത്സ്യങ്ങളിൽ നാടവിരയുണ്ടെന്ന് പ്രചരിപ്പിക്കുന്നവർ, ഏത് സ്ഥലത്തെ ഏത് ഫാമിൽ നിന്നാണ് രോഗബാധയുള്ള മത്സ്യങ്ങളെ പിടിച്ചത് എന്ന് പറയുന്നില്ല. മാത്രമല്ല ഏത് ലാബിൽ, ആര് നടത്തിയ പരിശോധനയിലാണ് നാടവിരയെ കണ്ടെത്തിയതെന്നും വ്യക്തമാക്കുന്നില്ല.

ഒട്ടേറെ മത്സ്യകർഷകർ ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് വരാലിനെ വളർത്തുന്നുണ്ട്. അടുത്ത മാസം ആദ്യവാരത്തോടെ വിളവെടുപ്പ് ആരംഭിക്കാനിരിക്കെ കേരളത്തിൽ കൃഷി ചെയ്യുന്ന വരാലിൽ വ്യാപകമായി നാടവിരയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് വിപണയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സാധാരണ പന്നിയിറച്ചിയിൽ കണ്ടുവരുന്നതാണ് നാടവിര. നന്നായി വേവിച്ചാൽ മത്സ്യത്തിലോ ഇറച്ചിയിലോ ഉള്ള നാടവിര മനുഷ്യരിലേക്ക് പകരില്ല. ഏതെങ്കിലും ഫാമിലോ കുളത്തിലോ വരാൽ മത്സ്യങ്ങളിൽ നാടവിര ബാധയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും സാന്പിൾ കുഫോസ് മത്സ്യരോഗ നിർണയ റഫറൽ ലബോറട്ടറിയിൽ എത്തിക്കുകയും ചെയ്യണമെന്ന് ഡോ. ദേവിക പിള്ള അറിയിച്ചു.

Latest