Kerala
കെ പി സി സി അധ്യക്ഷ പദവി; വാര്‍ത്തകള്‍ തള്ളി കെ സുധാകരന്‍
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ പണയം വെച്ച് പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച ഒരു പ്രവര്‍ത്തകനായ താന്‍ ഒരിക്കലും സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ല.
തിരുവനന്തപുരം | കെ പി സി സി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ തള്ളി കെ സുധാകരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് അധ്യക്ഷ ചുമതലയില്‍ നിന്ന് താത്കാലികമായി മാറിനില്‍ക്കാമെന്നുള്ള തീരുമാനം ഞാനുള്‍പ്പെടെയുള്ള നേതൃത്വം കൂട്ടായെടുത്തതാണെന്ന് സുധാകരന്‍ പ്രതികരിച്ചു. അതിന് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കുകയും എം എം ഹസ്സന്‍ തിരഞ്ഞെടുപ്പ് കാലം വരെ ആക്ടിങ് പ്രസിഡന്റായി ചുമതലയേല്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ പണയം വെച്ച് പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച ഒരു പ്രവര്‍ത്തകനായ താന്‍ ഒരിക്കലും സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ല. കെ പി സി സി അധ്യക്ഷ പദവിയുള്‍പ്പടെയുള്ള മുഴുവന്‍ സ്ഥാനങ്ങളും പ്രസ്ഥാനം നല്‍കിയിട്ടുള്ളതാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ പരിപൂര്‍ണ വിശ്വാസമാണുള്ളത്. എപ്പോഴാണോ എന്നോട് കെ പി സി സി അധ്യക്ഷ പദവി തിരികെ ഏറ്റെടുക്കുവാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നിര്‍ദേശിക്കുന്നത്. അപ്പോള്‍ മാത്രമേ ആ പദവി ഏറ്റെടുക്കുകയുള്ളൂ. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയോ ധൃതിയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദവി വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ തിരികെ നല്‍കണമെന്ന ഒരാവശ്യവും താന്‍ ഉന്നയിച്ചിട്ടില്ല. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പാര്‍ട്ടി വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തില്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ പങ്കെടുത്തിരുന്നു. നിലവില്‍ വ്യക്തിപരമായ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ്.
കെ പി സി സി അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്കും കേരളത്തിലെ പാര്‍ട്ടിക്കും എല്ലാ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പോലും അനാവശ്യമായി ഈ വിഷയങ്ങളിലേക്ക് വലിച്ചിഴച്ചു. ഇത് തികച്ചും വ്യാജവും പാര്‍ട്ടിയെയും എന്നെയും അപകീര്‍ത്തിപ്പെടുത്താനായി പാര്‍ട്ടിയുടെ ശത്രുക്കള്‍ കെട്ടിചമച്ചതാണ്. കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ നേടാന്‍ പോകുന്ന വന്‍ വിജയത്തില്‍ അസ്വസ്ഥരായവരാണ് ഈ പ്രചാരണത്തിന് പിന്നില്‍.