Kerala
പാളയത്തെ ബിജുവിന്റേത് ആരുംകൊല;ദേഹത്താകെ 45 മുറിവുകള്‍, കഴുത്തിന്റെ മുന്‍പിലും പിന്നിലും 18 കത്തിക്കുത്തുകള്‍; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കോഴിക്കോട്| കോഴിക്കോട് പാളയം സ്വദേശി ബിജുവിന്റേത് ആരുംകൊലയെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ബിജുവിന്റെ ദേഹത്താകെ 45 മുറിവുകളുണ്ടായിരുന്നു. കഴുത്തിന്റെ മുന്‍പിലും പിന്‍ഭാഗത്തും 18 കത്തിക്കുത്തുകളുണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കറിക്കത്തി ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പാളയം പച്ചക്കറി മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടില്‍ ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജുവിന്റെ മാതാവാണ് ആദ്യം രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പ്രദേശവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ബിജുവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു
കൊലപാതകത്തിന് പിന്നില്‍ ലഹരി സംഘങ്ങളാണെന്നായിരുന്നു ബിജുവിന്റെ കുടുംബത്തിന്റെ ആരോപണം. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും മാതാവ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു.
Content Highlights:
The postmortem report of Kozhikode Palayam native Biju confirmed murder with 45 injury marks on his body. Investigators suspect a kitchen knife was used for the crime. Police have gathered CCTV footage from the vegetable market to track down the culprit linked to drug gangs.




