Kerala
ഹൈദരാബാദില്‍ കോഴിക്കോട് സ്വദേശിയെ കാലില്‍ വെടിവെച്ച് വീഴ്ത്തി ആറ് ലക്ഷം കവര്‍ന്നു
പണം നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതര്‍ പിന്നിലൂടെ എത്തി റിന്‍ഷാദിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി
ഹൈദരാബാദ് | ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളി ആക്രമിച്ച് കവര്‍ച്ചക്കിരയാക്കി. കോഴിക്കോട് സ്വദേശി റിന്‍ഷാദാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ വെടിവച്ച ശേഷം പണം കവരുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ കോട്ടിയില്‍ വച്ചാണ് സംഭവം. വെടിവെച്ച് പരുക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ ആറ് ലക്ഷം രൂപ കവരുകയായിരുന്നു
കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍പന ചെയ്യുന്ന റിന്‍ഷാദ് മൊത്തവിലയ്ക്ക് സ്റ്റോക്കെടുക്കാനാണ് ഹൈദരാബാദിലെത്തിയത്. വസ്ത്രങ്ങള്‍ വാങ്ങാനായി ചാര്‍മിനാറിനടുത്തുള്ള മദീന മാര്‍ക്കറ്റിലെത്തിയെങ്കിലും റിന്‍ഷാദ് ഒന്നും വാങ്ങിയില്ല. തുടര്‍ന്ന് ബന്ധു പറഞ്ഞതു പ്രകാരം ജനുവരി 31ന് ബേങ്കിന്റെ സിഡിഎമ്മില്‍ പണം നിക്ഷേപിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
പണം നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതര്‍ പിന്നിലൂടെ എത്തി റിന്‍ഷാദിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കാലില്‍ വെടിവച്ച ശേഷം പണവും വാഹനത്തിന്റെ താക്കോലും തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസിനു ലഭിച്ച മൊഴി. സംഭവത്തില്‍ സുല്‍ത്താന്‍ ബസാര്‍ പൊലീസ് കേസെടുത്തു.



