Kerala
കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു: കൊടിക്കുന്നില്‍ സുരേഷ് എം പി
തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ആഴ്ചയില്‍ അഞ്ചുദിവസം സര്‍വീസ് ഉണ്ടാകും.
കൊല്ലം | ജനങ്ങളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചതായി മാവേലിക്കര ലോക്‌സഭാ അംഗം കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ആഴ്ചയില്‍ അഞ്ചുദിവസം സര്‍വീസ് ഉണ്ടാകും.
കഴിഞ്ഞ കുറെ ആഴ്ചകളില്‍ പാലരുവി, വേണാട് ട്രെയിനുകളില്‍ അനുഭവപ്പെട്ട യാത്രാ ദുരിതങ്ങള്‍ പല തവണ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടതോടൊപ്പം യാത്രക്കാരില്‍ നിന്നും നിരവധി പരാതികളും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനലൂര്‍-എറണാകുളം റൂട്ടില്‍ മെമു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ആവശ്യവുമായി ഡല്‍ഹിയിലെ റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവരെ നേരിട്ട് കണ്ട് വിശദമായി ചര്‍ച്ച നടത്തി.
പുനലൂര്‍ മുതല്‍ എറണാകുളം വരെയുള്ള മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന ഉറപ്പും ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസായിട്ടാണ് ട്രെയിന്‍ പ്രയാണം ആരംഭിക്കുന്നത്. പുനലൂര്‍-എറണാകുളം മെമു സര്‍വീസ് തുടങ്ങുന്നതിന് പുതിയ റേക്ക് ലഭ്യമാകുമ്പോള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും എം പി പറഞ്ഞു.
റെയില്‍വേ മന്ത്രാലയത്തിന്റെ ഈ നടപടി കൊല്ലം, പുനലൂര്‍, എറണാകുളം മേഖലകളിലെ ജനങ്ങള്‍ക്ക് ആധികാരിക യാത്രാ സൗകര്യങ്ങള്‍ നല്‍കും.