Articles
കിസിന്‍ജര്‍: വിവാദ നയതന്ത്രജ്ഞന്‍
ഇന്ത്യ- പാക് യുദ്ധത്തില്‍ കിസിന്‍ജറുടെ പങ്ക് വിമര്‍ശിക്കപ്പെട്ടിരുന്നു. അന്ന് അമേരിക്കയുടെ നിലപാട് പാകിസ്താന് അനുകൂലമായിരുന്നു. ചൈനയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധം സുഗമമാക്കുന്നതിനും നേതൃത്വം നല്‍കി. ജര്‍മനിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ജൂത കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഫലസ്തീനെതിരെ ഇസ്‌റാഈലിനെ ശക്തിപ്പെടുത്തുന്നതിലും കിസിന്‍ജറുടെ പങ്ക് വലുതായിരുന്നു.

അമേരിക്കയുടെ വിദേശ നയത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചയാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഹെന്റി കിസിന്‍ജര്‍. അമേരിക്കന്‍ പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്‌സണിന്റെയും ജെറാള്‍ഡ് ഫോര്‍ഡിന്റെയും സര്‍ക്കാറുകളില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹെന്റി കിസിന്‍ജര്‍ അമേരിക്കന്‍ വിദേശ നയത്തിലും സുരക്ഷാ നയത്തിലും പ്രധാനപ്പെട്ടതും വിവാദപരവുമായ പങ്ക് വഹിച്ച വ്യക്തിയാണ്.
1969ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ അദ്ദേഹത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറിയായും ഒരേ സമയം സേവനമനുഷ്ഠിച്ച ഏക വ്യക്തി കിസിന്‍ജര്‍ ആയിരുന്നു. വിയറ്റ്‌നാം യുദ്ധവും ഇന്ത്യ-പാക് യുദ്ധവും അവസാനിപ്പിക്കുന്നതിന് കിസിന്‍ജര്‍ക്കുള്ള പങ്ക് ചെറുതല്ല. ഇന്ത്യ- പാക് യുദ്ധത്തില്‍ കിസിന്‍ജറുടെ പങ്ക് വിമര്‍ശിക്കപ്പെട്ടിരുന്നു. അന്ന് അമേരിക്കയുടെ നിലപാട് പാകിസ്താന് അനുകൂലമായിരുന്നു. ചൈനയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധം സുഗമമാക്കുന്നതിനും നേതൃത്വം നല്‍കി. ജര്‍മനിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ജൂത കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഫലസ്തീനെതിരെ ഇസ്‌റാഈലിനെ ശക്തിപ്പെടുത്തുന്നതിലും കിസിന്‍ജറുടെ പങ്ക് വലുതായിരുന്നു. ഇസ്‌റാഈലും ഫലസ്തീനും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കുന്നതിന് 1973ല്‍ നടപ്പാക്കിയ കരാറിനും വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാനുള്ള പാരീസ് സമാധാന ഉടമ്പടിക്കും നേതൃത്വം നല്‍കിയത് കിസിന്‍ജറായിരുന്നു.
ശീതയുദ്ധ കാലത്ത് യു എസിന്റെ വിദേശ നയം രൂപവത്കരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം അത്ര സുഗമമായിരുന്നില്ല. ചൈനയും പാകിസ്താനുമായി കിസിന്‍ജര്‍ കൂടുതല്‍ ബന്ധം പുലര്‍ത്തിയതും ഇന്ത്യ സോവിയറ്റ് യൂനിയനുമായുള്ള ബന്ധം ദൃഢമാക്കിയതുമെല്ലാം ഇതിന് കാരണമായി. സോവിയറ്റ് യൂനിയനില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ചൈനയുടെ സൗഹൃദം ആവശ്യമാണെന്ന് അമേരിക്ക കരുതി. അതിനിടെ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് മാവോ സേതുംഗ് 1970ല്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ എഡ്ഗര്‍ സ്‌നോയുമായുള്ള അഭിമുഖത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം ചൈന അമേരിക്കന്‍ ടേബിള്‍ ടെന്നീസ് ടീമിനെ ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ മാവോ സേതുംഗ് അമേരിക്കന്‍ പത്രപ്രവര്‍ത്തകനുമായി സംസാരിക്കുന്നതിനു മുമ്പ് കിസിന്‍ജര്‍ രഹസ്യമായി ചൈന സന്ദര്‍ശിക്കുകയും അവിടുത്തെ പ്രമുഖരുമായി സംസാരിക്കുകയും ചെയ്തിരുന്നു. കൊടിയ ശത്രുവിന്റെ മനസ്സ് മാറ്റുന്നതിന് കിസിന്‍ജറുടെ നയതന്ത്ര ബുദ്ധി കൊണ്ട് സാധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സനെ ചൈനയിലേക്ക് മാവോ സേതുംഗ് ക്ഷണിക്കുന്നിടം വരെ കിസിന്‍ജറുടെ നയതന്ത്ര നീക്കം വളര്‍ന്നു.
എന്നാല്‍ സോവിയറ്റ് യൂനിയനുമായുള്ള മത്സരത്തിനിടയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെ കിസിന്‍ജര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു. ചിലിയിലെ അഗസ്‌റ്റോ പിനോഷെ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങള്‍ സാധാരണക്കാരെ അടിച്ചമര്‍ത്തുന്നത് അമേരിക്കന്‍ ഭരണകൂടം നയമായി സ്വീകരിക്കുകയായിരുന്നു. തെക്കേ അമേരിക്കന്‍ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് കിസിന്‍ജര്‍ താങ്ങും തണലുമായിരുന്നു. ഇതിന്റെ പേരില്‍ കിസിന്‍ജറെ യുദ്ധക്കുറ്റ വിചാരണ നടത്തണമെന്ന ആവശ്യം ഉയരുകയുണ്ടായി. 1973ല്‍ ഹെന്റി കിസിന്‍ജറിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയതും വിമര്‍ശിക്കപ്പെട്ടു. വിയറ്റ്‌നാമിലെ ഡക് തോയുവിനും കിസിന്‍ജര്‍ക്കുമാണ് ആ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. ഡക് തോ അവാര്‍ഡ് സ്വീകരിക്കുകയുണ്ടായില്ല. കിസിന്‍ജര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയത് നൊബേല്‍ സമ്മാന സമിതിയിലും ഭിന്നതയുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സമിതിയില്‍ നിന്ന് രണ്ട് പേര്‍ രാജിവെക്കുകയുണ്ടായി. ബംഗ്ലാദേശിന്റെ രൂപവത്കരണത്തിന് കാരണമായ ഇന്ത്യ-ബംഗ്ലാ യുദ്ധത്തില്‍ അമേരിക്ക വിശിഷ്യാ കിസിന്‍ജര്‍ പാകിസ്താന്‍ പക്ഷത്തായിരുന്നു. ഇന്ത്യയുടെ ആണവ പരീക്ഷണത്തെ എതിര്‍ക്കുകയും ഇന്ത്യക്ക് മറുപടിയായി പാകിസ്താന്‍ ആണവ പരീക്ഷണം നടത്തിയപ്പോള്‍ കിസിന്‍ജര്‍ പാക്കിസ്താനെ പിന്തുണക്കുകയും ചെയ്തു.
1923ല്‍ ജര്‍മനിയിലാണ് ഹെന്റി കിസിന്‍ജര്‍ ജനിച്ചത്. നാസി ജര്‍മനിയുടെ കാലത്ത് 1938ല്‍ അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിലേക്ക് പലായനം ചെയ്തു. 1943ല്‍ കിസിന്‍ജര്‍ അമേരിക്കന്‍ പൗരനായി. അതിനു ശേഷം, മൂന്ന് വര്‍ഷം യു എസ് ആര്‍മിയില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് കൗണ്ടര്‍ ഇന്റലിജന്‍സ് കോര്‍പ്‌സില്‍ ചേര്‍ന്നു.
ബാച്ചിലേഴ്‌സ്, മാസ്‌റ്റേഴ്‌സ്, പി എച്ച് ഡി ബിരുദങ്ങള്‍ നേടിയ ശേഷം ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് പഠിപ്പിച്ചു. കൗമാരപ്രായം വരെയും അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. എന്നാല്‍ സ്വപ്രയത്‌നം കൊണ്ടും ചരിത്രത്തെക്കുറിച്ചുള്ള അറിവ് കൊണ്ടും അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയില്‍ നിന്ന് പ്രൊഫസറായി ഉയര്‍ന്നു.
1960കളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ന്യൂയോര്‍ക്ക് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. 1969 ജനുവരി മുതല്‍ 1975 നവംബര്‍ വരെ അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഉപദേഷ്ടാവായിരുന്നു. 1973 സെപ്തംബറില്‍ സ്‌റ്റേറ്റ് സെക്രട്ടറിയായി. ഒരേ സമയം രണ്ട് പദവിയും വഹിച്ചു. വാട്ടര്‍ഗേറ്റ് അഴിമതിയില്‍ നിക്‌സണ്‍ രാജിവെക്കുകയും വൈസ് പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതിന് ശേഷവും കിസിന്‍ജര്‍ വൈറ്റ് ഹൗസ് ഭരണത്തില്‍ തുടര്‍ന്നു. 1977ല്‍ വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയെങ്കിലും തുടര്‍ന്നു വന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ കിസിന്‍ജറില്‍ നിന്ന് വിദേശനയ കാര്യങ്ങളില്‍ ഉപദേശം തേടാറുണ്ടായിരുന്നു.