Organisation
ഖത്വര്‍ പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച
ഖത്വറിലെ പ്രമുഖ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന ക്യാമ്പസ് സാഹിത്യോത്സവും പരിപാടിയുടെ ഭാഗമായി നടക്കും.

ദോഹ | കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഖത്വര്‍ പ്രവാസി സാഹിത്യോത്സവ് നവംബര്‍ 10ന് (വെള്ളി) അല്‍ വകറ മെഷാഫിലെ പോഡാര്‍ പേള്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികളുടെ സര്‍ഗാത്മകതക്ക് മരുഭൂമിയില്‍ നിറംപകരുന്ന സാഹിത്യോത്സവുകളുടെ പതിമൂന്നാമത് എഡിഷനാണ് വെള്ളിയാഴ്ച നടക്കുന്നത്.
യൂണിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ തലങ്ങളില്‍ മത്സരിച്ചു വിജയിച്ച മുന്നൂറോളം പ്രതിഭകളാണ് സാഹിത്യോത്സവില്‍ മത്സരിക്കുക. കൂടാതെ, ഖത്വറിലെ പ്രമുഖ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന ക്യാമ്പസ് സാഹിത്യോത്സവും പരിപാടിയുടെ ഭാഗമായി നടക്കും.
30 വര്‍ഷമായി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന് കീഴിലുള്ള കലാലയം സാംസ്‌കാരിക വേദിയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ മാപ്പിളപ്പാട്ട്, സൂഫീഗീതം, ഖവാലി, മാഗസിന്‍ ഡിസൈന്‍, പ്രസംഗം, കഥ, കവിത, ദഫ് തുടങ്ങിയ 80 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഉച്ചക്ക് 1.30നു നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ ഖത്വറിലെ സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക, കലാ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വൈകീട്ട് നാലിന് നടക്കുന്ന ‘ബഷീറിന്റെ ലോകം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പുസ്തക ചര്‍ച്ചയില്‍ സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
സാഹിത്യോത്സവ് വേദിയിലേക്ക് ദോഹയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് പങ്കെടുക്കാവുന്ന തത്സമയ മത്സര പരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 7.30 ന് നടക്കുന്ന സമാപന സംഗമത്തില്‍ ഖത്വര്‍ ഐ സി എഫ് സാരഥികളും ബിസിനസ് രംഗത്തെ പ്രമുഖരും വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്യും.
കാലിക്കറ്റ് നോട്ടുബുക്ക് റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാഹിത്യോത്സവ് സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി പാലോളി, മീഡിയ വിഭാഗം കണ്‍വീനര്‍ നൗഷാദ് അതിരുമട, ആര്‍ എസ് സി നാഷണല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട്, മീഡിയ സെക്രട്ടറി താജുദ്ധീന്‍ പുറത്തീല്‍, റനീബ് ചാവക്കാട്, എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍ ഉബൈദ് പേരാമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു.