Connect with us

National

ഖജുരാഹോ പ്രതിമ വിവാദം: എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്

ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിൽ ഏഴടി ഉയരമുള്ള വിഷ്ണുപ്രതിമ പുനർനിർമിച്ച് പുനഃസ്ഥാപിക്കണമെന്ന ഹരജി പരിഗണിക്കാൻ വിസമ്മതിച്ച്, അക്കാര്യം വിഷ്ണുവിനോട് തന്നെ പറയാൻ ഹരജിക്കാരനോട് ചീഫ് ജസ്റ്റിസ് പറഞ്ഞതാണ് വിവാദമായത്.

Published

|

Last Updated

ന്യൂഡൽഹി | ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിൽ വിഷ്ണുപ്രതിമ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ, നിലപാട് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 16-ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച്, മധ്യപ്രദേശിലെ യുനെസ്കോ ലോക പൈതൃക കേന്ദ്രമായ ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിൽ ഏഴടി ഉയരമുള്ള വിഷ്ണുപ്രതിമ പുനർനിർമിച്ച് പുനഃസ്ഥാപിക്കണമെന്ന ഹരജി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു.

“ഇത് കേവലം പ്രചാരണ ലക്ഷ്യത്തോടെയുള്ള ഹർജിയാണ്. നിങ്ങൾ വിഷ്ണുവിന്റെ വലിയ ഭക്തനാണെങ്കിൽ, പോയി അദ്ദേഹത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. പ്രാർത്ഥിക്കുകയോ ധ്യാനിക്കുകയോ ചെയ്യുക” – എന്നായിരുന്നു ഹർജിക്കാരനായ രാകേഷ് ദലാലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഈ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തതോടെയാണ്, ചീഫ് ജസ്റ്റിസ് ഗവായ് വ്യാഴാഴ്ച വിശദീകരണവുമായി രംഗത്തെത്തിയത്.

“ഞാൻ നടത്തിയ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി ചിത്രീകരിക്കപ്പെട്ടതായി ആരോ എന്നോട് പറഞ്ഞു. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു” – അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ മേൽനോട്ടം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) കീഴിലായതിനാലാണ് താൻ അങ്ങനെ അഭിപ്രായപ്പെട്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് സംസാരിച്ചു. കഴിഞ്ഞ 10 വർഷമായി തനിക്ക് ചീഫ് ജസ്റ്റിസിനെ അറിയാമെന്നും അദ്ദേഹം എല്ലാ മതസ്ഥാപനങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും മേത്ത പറഞ്ഞു.

ഹർജിക്കാരനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സഞ്ജയ് നൂലിയും സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പോസ്റ്റുകളിൽ ആശങ്ക രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസിന് മേൽ ആരോപിക്കപ്പെട്ട കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് സഞ്ജയ് നൂലി പറഞ്ഞു.

സോഷ്യൽ മീഡിയയിലെ ഇത്തരം പ്രതികരണങ്ങൾ ഗുരുതരമാണെന്ന് തുഷാർ മേത്ത അഭിപ്രായപ്പെട്ടു. ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടെന്ന് ന്യൂട്ടന്റെ നിയമം നമ്മൾക്കറിയാം. എന്നാൽ, ഇപ്പോൾ ഓരോ പ്രവർത്തനത്തിനും സാമൂഹിക മാധ്യമങ്ങളിൽ അമിതമായ പ്രതിപ്രവർത്തനമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest