vs achuthananthan
കേരളം ചേർത്തുപിടിക്കും; വിപ്ലവം ചാലിച്ചെഴുതിയ വി എസെന്ന രണ്ടക്ഷരത്തെ
വാര്‍ധക്യാവശതകള്‍ പിടിച്ചുലക്കുമ്പോഴും അവസാന ശ്വാസം വരെ ജാഗ്രതയോടെ ഉണര്‍ന്നിരുന്നു

കോഴിക്കോട് | സ്വാതന്ത്ര സമര സേനാനിയും കേരളത്തിന്റെ മുഖ്യമന്ത്രിയും ഉന്നത കമ്മ്യൂണിസ്റ്റ് നേതാവുമായി കാലങ്ങളോളം മലയാളികളെ വഴിനടത്തിയ വിപ്ലവത്തിന്റെ സൂര്യതേജസ്സായ വി എസ് എന്ന അക്ഷരം ഇനി ചരിത്രത്തിലിടം പിടിക്കും. ശതാബ്ദി പിന്നിട്ടാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനെന്ന വി എസ് യാത്രയായത്. വിപ്ലവവീര്യം വാക്കിലും പ്രവര്‍ത്തിയിലും ചാലിച്ചെഴുതിയ ജീവിതത്തിനാണ് 102ാം വയസ്സില്‍ തിരശ്ശീല വീണത്.
‘കണ്ണേ കരളേ വി എസേ’ എന്നാര്‍ത്തലച്ച മുദ്രാവാക്യത്തിന്റെ കരുത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്‍ക്കശ്യ മതിലുകളെ പൊളിച്ചുവീഴ്ത്തിയ നേതാവായിരുന്നു വി എസ്. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു ജീവിതത്തിലുടനീളം. പാര്‍ട്ടിക്ക് പിഴച്ചുപോയെന്ന് തോന്നിയപ്പോഴെല്ലാം തിരുത്താന്‍ മുന്‍പന്തിയില്‍ നിന്നു. അഴിമതിക്കും സാമൂഹികദ്രോഹങ്ങള്‍ക്കുമെതിരെ മുഖം നോക്കാതെ തുറന്നുപറഞ്ഞു. അങ്ങനെ പാര്‍ട്ടിക്കാര്‍ക്ക് പോലും തലവേദനയായി. അടുപ്പമുണ്ടായിരുന്ന ചിലര്‍ വരെ ഇക്കാരണത്താല്‍ എതിരാളിയായി. എന്നാലും കമ്മ്യൂണിസ്റ്റ് ആശയത്തില്‍ പതറാതെ വി എസ് കരുത്തോടെ പാര്‍ട്ടിയെ നയിച്ചു.
1923ല്‍ ആലപ്പുഴ ജില്ലയിലെ വിപ്ലവ സമരങ്ങള്‍ക്ക് പേരുകേട്ട പുന്നപ്രയിലായിരുന്നു ജനനം. ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി എസ് അച്യുതാനന്ദന്‍. 2006 മെയ് 18ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വി എസിന് 83 വയസ്സായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ക്ക് വി എസ് തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കൈയേങ്ങള്‍ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി എസ് നടത്തിയ ഓപറഷന്‍ മൂന്നാര്‍ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.
2006ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍ അതിന് മുമ്പുള്ള അഞ്ച് വര്‍ഷക്കാലത്തെ വി എസിന്റെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനം ഏറെ സഹായകമായി. 1952ല്‍ കമ്മ്യൂണിസ്റ്റ് ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗം. 1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി.
1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ രണ്ടായി പിളര്‍ന്നതോടെ സി പി എം കേന്ദ്ര കമ്മറ്റിയംഗമായി. 1964 മുതല്‍ 1970 വരെ സി പി എം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവച്ച 1964ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴുനേതാക്കളില്‍ ഒരാളാണ് വി എസ് അച്യുതാനന്ദന്‍. 1980 മുതല്‍ 1991 വരെ മൂന്ന് തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ അംഗം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഒടുവില്‍ മത്സരിച്ച 2016ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴ് തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരളാ നിയമസഭകളില്‍ അദ്ദേഹം പ്രതിപക്ഷ നേതാവായി.
2020 ജനുവരിയില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വി എസ് പിന്നീട് തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. വാര്‍ധക്യാവശതകള്‍ പിടിച്ചുലക്കുമ്പോഴും അവസാന ശ്വാസം വരെ ജാഗ്രതയോടെ വിപ്ലവ കനലായി കേരളക്കരക്ക് താങ്ങായി വി എസ് ഉണര്‍ന്നിരുന്നു.