Connect with us

Kerala

ജല ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ് അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവയാണ് ജല ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ജല ലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ കാമ്പയിന്‍ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ പശ്ചിമഘട്ട നീര്‍ച്ചാല്‍ ശൃംഖലകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനവും തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജല ലഭ്യത കേരളത്തില്‍ കുറഞ്ഞുവരുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്ന സാഹചര്യത്തില്‍ ജലസംഭരണം ഉറപ്പാക്കുന്നതിനും ജല ഉപഭോഗം കണക്കാക്കി പരിപാടികള്‍ ആവിഷ്‌ക്കരിക്കണം. ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ് അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവയാണ് ജല ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

44 നദികളും വയലുകളും ജലാശയങ്ങളും കൊണ്ട് സമ്പന്നമാണ് കേരളമെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും ഭാഗമായി വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാകുകയും കുടിവെള്ള ക്ഷാമം നേരിടുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ആദ്യഘട്ടമായി 15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമപഞ്ചായത്തുകളുമാണ് ജലബജറ്റ് തയ്യാറാക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി ഒന്നര ലക്ഷത്തിലധികം സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ നൂറുകണക്കിന് ജലസ്രോതസ്സുകള്‍ സംസ്ഥാന വ്യാപകമായി വീണ്ടെടുത്തിരുന്നു. ഒപ്പം 15,119 കിലോമീറ്റര്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം സാധ്യമായതായും മുഖ്യമന്ത്രി പറഞ്ഞു.

ജല ബജറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ പദ്ധതി രണ്ട് കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ സ്വാഗതമാശംസിച്ചു. ജനകീയ ജല ബജറ്റിന്റെ സാങ്കേതിക നിര്‍വഹണ റിപ്പോര്‍ട്ട് റിട്ട. സീനിയര്‍ സയന്റിസ്റ്റ് സി എം സുശാന്ത് അവതരിപ്പിച്ചു. ജനകീയ മാപ്പത്തോണ്‍ മാപിംഗ് പുസ്തകം മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു. എം എന്‍ ആര്‍ ഇ ജി എസ് സ്‌റ്റേറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി ബാലചന്ദ്രന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി.

ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവല്‍, ഡെപ്യൂട്ടി എന്‍ജിനീയര്‍ പൂര്‍ണ, ഡി ഡബ്ല്യു ആര്‍ ഡി എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍, കെ സുരേഷ്, ടി പി സുധാകരന്‍ പങ്കെടുത്തു.

 

Latest