Connect with us

Articles

കേരള കോൺഗ്രസ്സ്: അധികാരത്തിനൊപ്പം സഞ്ചരിച്ച അറുപതാണ്ട്

പ്രത്യയശാസ്ത്ര ഭാരങ്ങളില്ല എന്നതാണ് കേരള കോണ്‍ഗ്രസ്സിന്റെ സവിശേഷത. അപ്പപ്പോള്‍ കാണുന്ന മുന്നണിക്ക് കൈകാണിച്ച് അകത്തു കയറിപ്പറ്റി അധികാരത്തിലിരിക്കുക എന്ന പൊതുമിനിമം പരിപാടിയാണ് എല്ലാ കേരള കോണ്‍ഗ്രസ്സുകളുടേതും.

Published

|

Last Updated

ഐക്യകേരളത്തിലെ ആദ്യനിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു പുള്ളോലില്‍ തോമസ് ചാക്കോയെന്ന അഡ്വ. പി ടി ചാക്കോ. പ്രഥമ ഇ എം എസ് സര്‍ക്കാരിന്റെ നിശിത വിമര്‍ശകന്‍. ചാട്ടുളിപോലുള്ള വാക്കുകളായിരുന്നു ചാക്കോയുടെ ആയുധം. കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ സമുദായ സംഘടനകള്‍ തുടങ്ങിവെച്ച വിമോചന സമരത്തിന്റെ മുന്‍നിരയിലും പിന്നീട് പി ടി ചാക്കോ വരുന്നുണ്ട്. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അധികാരമേറ്റ ഒരു ഭരണകൂടത്തെ തൂത്തെറിയുന്നതിനുവേണ്ടി നടന്ന ഹിംസാത്മകമായ പുറപ്പാടായിരുന്നല്ലോ വിമോചന സമരം. കമ്മ്യൂണിസത്തോട് എക്കാലവും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പി ടി ചാക്കോക്ക് ആ സമരം സ്വീകാര്യമായതിന് മറ്റൊരു കാരണവും കാണുന്നില്ല. സമരം ലക്ഷ്യം കണ്ടു. കേരള സര്‍ക്കാര്‍ അധികാരഭ്രഷ്ടമായി. പട്ടം താണുപിള്ളയുടെ നേതൃത്വത്തിലായിരുന്നു അടുത്ത സര്‍ക്കാര്‍ (196062). പി ടി ചാക്കോ ആഭ്യന്തര മന്ത്രി. പട്ടം മാറി ആര്‍ ശങ്കര്‍ വന്നപ്പോഴും (196264) ചാക്കോയുടെ വകുപ്പ് മാറിയില്ല. ശങ്കര്‍-ചാക്കോ സൗഹൃദം പൂത്തുലഞ്ഞുനില്‍ക്കുന്ന കാലത്താണ് പീച്ചി സംഭവമുണ്ടാകുന്നത്.

1963 ഡിസംബര്‍ 8 ഞായറാഴ്ച. ആലുവ ഗസ്റ്റ് ഹൗസില്‍ നിന്ന് പീച്ചിയിലേക്കുള്ള യാത്രക്കിടെ പി ടി ചാക്കോ ഓടിച്ച കാര്‍ തൃശൂര്‍ ലൂര്‍ദ് ചര്‍ച്ചിന്റെ സമീപത്ത് വെച്ച് ഒരു ഉന്തുവണ്ടിയിലിടിക്കുകയും ഉന്തുവണ്ടിക്കാരന്‍ ഓടയിലേക്ക് വീഴുകയും പരുക്ക് പറ്റുകയും ചെയ്തു. കാര്‍ നിര്‍ത്താതെ പോയതാണ് ചാക്കോക്ക് വിനയായത്. കാര്‍ ഓടിച്ചത് ആഭ്യന്തര മന്ത്രി ആണെന്ന് ജനം തിരിച്ചറിഞ്ഞു. മന്ത്രിയോടൊപ്പം മുന്‍സീറ്റില്‍ ഒരു സ്ത്രീ ഉണ്ടെന്നതും ജനം കണ്ടു. പ്രതിപക്ഷം സംഭവം പ്രചാരണായുധമാക്കി. ആഭ്യന്തര മന്ത്രിയുടെ ‘സ്വഭാവദൂഷ്യം’ പ്രതിപക്ഷ പത്രങ്ങള്‍ക്ക് പേജ് നിറക്കാനുള്ള വിഭവമായി. ചാക്കോക്ക് പറയാനുള്ളത് എന്തെന്ന് പോലും കേള്‍ക്കാന്‍ ആളുണ്ടായില്ല. ഒറ്റനാള്‍ കൊണ്ട് ചാക്കോ വെറുക്കപ്പെട്ടവനായി, വ്യഭിചാരിയായി, അനാശാസ്യക്കാരനായി. കാറിലുണ്ടായിരുന്നത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായ പത്മം എസ് മേനോനാണെന്നും ചില പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാറില്‍ കയറിയതാണെന്നുമുള്ള ചാക്കോയുടെ വിശദീകരണം വിലപ്പോയില്ല.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ആരോപണം കടുപ്പിച്ചു. ഭരണപക്ഷത്ത് നിന്ന് ചാക്കോയെ പ്രതിരോധിക്കാന്‍ ആളുണ്ടായില്ലെന്നു മാത്രമല്ല, അവരില്‍ ചിലരെങ്കിലും പ്രതിപക്ഷത്തിന് വേണ്ടി പണിയെടുത്തു. അസന്മാര്‍ഗിയായ മന്ത്രിയെന്നു ചാക്കോയെ വിശേഷിപ്പിച്ചു, കോണ്‍ഗ്രസുകാരന്‍ തന്നെയായ പ്രഹ്ളാദന്‍ ഗോപാലന്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സി എം സ്റ്റീഫന്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തി. ചാക്കോ രാജിവെച്ചില്ലെങ്കില്‍ താനും കൂടെ ചില എം എല്‍ എമാരും പാര്‍ട്ടി വിടുമെന്നായിരുന്നു സ്റ്റീഫന്റെ ഭീഷണി. ആരൊക്കെ കാല് വാരിയാലും മുഖ്യമന്ത്രി തന്റെ കൂടെ നില്‍ക്കുമെന്ന് ചാക്കോ പ്രതീക്ഷിച്ചു. നിര്‍ണായക നേരത്ത് അദ്ദേഹവും സഹപ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞു. ചാക്കോയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ശങ്കര്‍ പരസ്യമായി പ്രഖ്യാപിച്ചു. ഹൈക്കമാന്‍ഡും ശങ്കറിന്റെ കൂടെ നിന്നു. രാജിയല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ മുന്നില്‍. ഹൃദയത്തിലേറ്റ ആഴമേറിയ മുറിവ് അകത്തടക്കിപ്പിടിച്ച്, 1964 ഫെബ്രുവരി 20 ന് അദ്ദേഹം രാജി പ്രഖ്യാപിച്ചു. അതികായന്റെ പതനവും പടിയിറക്കവും; എല്ലാം വേഗത്തിലായിരുന്നു.

ഉയരത്തില്‍ നിന്നുള്ള വീഴ്ചയായിരുന്നു അത്. അതിന്റെ ആഘാതം അദ്ദേഹത്തെ മാനസികമായും തളര്‍ത്തിക്കളഞ്ഞു. അതുകൊണ്ട് ജീവിതത്തില്‍ നിന്നുള്ള തിരിച്ചുപോക്കിനും വേഗമേറി. അതേവര്‍ഷം ആഗസ്റ്റ് ഒന്നിന് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ അദ്ദേഹത്തെ മരണം കൊണ്ടുപോയി. കയ്‌പ്പേറിയ അനുഭവത്തിലും അദ്ദേഹം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞില്ല. എല്ലാം കലങ്ങിത്തെളിയുന്ന ദിവസം വരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. അത് കാണാന്‍ ആയുസ്സുണ്ടായില്ല. കോണ്‍ഗ്രസ്സുകാരനായി ജീവിച്ചു, കോണ്‍ഗ്രസ്സുകാരനായി കണ്ണടച്ചു. അപ്പോള്‍ പ്രായം 49 വയസ്സ്.

ശങ്കറും ഹൈക്കമാന്‍ഡും കൈവിട്ടപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു കുറെയേറെ നേതാക്കളും പ്രവര്‍ത്തകരും. അവരില്‍ എം എല്‍ എമാരുമുണ്ടായിരുന്നു. അവര്‍ സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്നു; ഒടുവില്‍ ശങ്കര്‍ മന്ത്രിസഭയെ വലിച്ചു താഴെയിട്ടു. അപമാനിച്ചിറക്കി വിട്ടതാണ് ചാക്കോയെ എന്ന വികാരം പങ്കിട്ടവരായിരുന്നു അവര്‍. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന, ദേശീയ നേതൃത്വത്തോട് കടുത്ത അമര്‍ഷമുണ്ടായിരുന്നു അവര്‍ക്ക്. കോണ്‍ഗ്രസ്സുമായി ഒത്തുപോകാനാകില്ലെന്ന് അവരുറച്ചു. അങ്ങനെ പി ടി ചാക്കോയുടെ ശവക്കല്ലറയില്‍ നിന്ന് 1964 ഒക്ടോബര്‍ 9 ന് പുതിയ പാര്‍ട്ടി പിറന്നു; കേരള കോണ്‍ഗ്രസ്സ്. കെ.എം. ജോര്‍ജ്, വയലാ ഇടിക്കുള, മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍, ഇ ജോണ്‍ ജേക്കബ്, ആര്‍. ബാലകൃഷ്ണപിള്ള, ടി കൃഷ്ണന്‍, എം എം ജോസഫ്, സി എ മാത്യു, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവരായിരുന്നു ആദ്യകാല നേതാക്കള്‍. പക്ഷേ പില്‍ക്കാലത്ത് കേരള കോണ്‍ഗ്രസ്സിന്റെ വിലാസം കെ എം മാണിയിലേക്ക് എഴുതിച്ചേര്‍ക്കപ്പെട്ടു എന്നതാണ് കൗതുകമുള്ള കാര്യം. അതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് അങ്ങനെയൊക്കെ സംഭവിച്ചു എന്ന മറുപടിയേ പാകമാകൂ. കേരള കോണ്‍ഗ്രസ്സിലെ ഇത്തരം അടിയൊഴുക്കുകളുടെ ചരിത്രം നീണ്ടകാല ഗവേഷണത്തിന് വക നല്‍കുന്നുണ്ട്. എന്‍ എസ് എസ് നേതാവായിരുന്ന മന്നത്ത് പദ്മനാഭന്റെ പിന്തുണ ഉണ്ടായിരുന്നു ആദ്യഘട്ടത്തില്‍ കേരള കോണ്‍ഗ്രസ്സിന്. അതുപക്ഷേ ഏറെക്കാലമുണ്ടായില്ല. കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ച നേതാക്കള്‍ തന്നെ പലപ്പോഴായി പാര്‍ട്ടി വിടുകയും പുതിയ പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തതാണ് അനുഭവം.

അറുപത് വര്‍ഷമായി കേരള കോണ്‍ഗ്രസ്സ് പിറവിയെടുത്തിട്ട്. രൂപപ്പെട്ടതിനു പിറകെ ഏതാനും വര്‍ഷം ഭരണത്തില്‍ ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാല്‍, ശേഷിക്കുന്ന കാലമത്രയും കേരള കോണ്‍ഗ്രസ്സിന്റെ ഏതെങ്കിലുമൊരു വിഭാഗം അധികാരത്തിലുണ്ടായിരുന്നു.

ക്രൈസ്തവ സഭകളായിരുന്നു കേരള കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും വോട്ട് ബേങ്ക്. കെ എം മാണി, ടി എം ജേക്കബ്, പി ജെ ജോസഫ് മുതല്‍ പി സി തോമസും ജോസ് കെ മാണിയും വരെയുള്ളവര്‍ക്ക് ‘മാര്‍ഗദീപമാകുന്നത്’ ചര്‍ച്ചും സഭാധ്യക്ഷന്മാരുമാണ്. ഒരര്‍ഥത്തില്‍ സഭകളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുക തന്നെയായിരുന്നു കേരള കോണ്‍ഗ്രസ്സുകളുടെ നിയോഗം. ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഗ്രൂപ്പൊഴികെയുള്ള എല്ലാ കേരള കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്കും വെള്ളവും വെളിച്ചവും നല്‍കിയത് ക്രൈസ്തവ സഭകളായിരുന്നു. ആറ് പതിറ്റാണ്ടിനിടെ പത്തിലേറെ തവണ പിളര്‍ന്നിട്ടും കേരള കോണ്‍ഗ്രസ്സ് എന്തുകൊണ്ട് അപ്രസക്തമായില്ല എന്ന ചോദ്യത്തിനുള്ള ഉത്തരവും അരമനകളുടെ ആശീര്‍വാദം എന്നാണ്.

കേരള കോണ്‍ഗ്രസ്സിന്റെ വോട്ടര്‍മാരില്‍ വലിയൊരു പങ്കും കര്‍ഷകരാണ്. വിശിഷ്യാ റബ്ബര്‍ കര്‍ഷകര്‍. റബ്ബറിന്റെ താങ്ങുവിലയാണ് കേരള കോണ്‍ഗ്രസ്സുകളുടെ മുഖവില എന്ന് പറയാം. മലയോര ക്രൈസ്തവ കര്‍ഷകരില്‍ കോണ്‍ഗ്രസ്സുകാരെക്കാള്‍ എണ്ണക്കൂടുതല്‍ കേരള കോണ്‍ഗ്രസ്സുകാരായിരിക്കും. അതുകൊണ്ട് അവരെ ദോഷകരമായി ബാധിക്കുന്ന ഏത് പ്രശ്‌നവും കേരള കോണ്‍ഗ്രസ്സിന്റെ പ്രശ്‌നമായി ഏറ്റെടുക്കപ്പെടും. അത് വന്യജീവി ആക്രമണമായാലും പശ്ചിമഘട്ട സംവാദമായാലും, കേരള കോണ്‍ഗ്രസ്സിന് അതില്‍ നിന്ന് മാറി നില്‍ക്കാനാകില്ല. വിവിധ കേരള കോണ്‍ഗ്രസ്സുകള്‍ ഇരുമുന്നണിയിലും മാറി മാറി നിന്നാണ് അധികാര പങ്കാളിത്തം ഉറപ്പാക്കിയത്. വളരുന്തോറും പിളര്‍ന്നതാണ് കേരള കോണ്‍ഗ്രസ്സിന്റെ അറുപത് വര്‍ഷത്തെ ചരിത്രം. പിളരുന്തോറും വളര്‍ന്നില്ലെങ്കിലും സര്‍ക്കാരുകളില്‍ മന്ത്രി പദവി ഒപ്പിച്ചെടുക്കാന്‍ മിടുക്കുണ്ട് കേരള കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്ക്. കേന്ദ്രത്തിലേക്ക് ഒരിക്കല്‍ കടക്കണ്ണെറിഞ്ഞതാണ് കെ എം മാണി. അത് ഫലിച്ചില്ല. എങ്കിലും പി ടി ചാക്കോയുടെ മകന്‍ പി സി തോമസിനു കുറഞ്ഞ കാലം കേന്ദ്രത്തില്‍ മന്ത്രിയായിരിക്കാന്‍ ‘യോഗമുണ്ടായി’.

പ്രത്യയശാസ്ത്ര ഭാരങ്ങളില്ല എന്നതാണ് കേരള കോണ്‍ഗ്രസ്സിന്റെ സവിശേഷത. അപ്പപ്പോള്‍ കാണുന്ന മുന്നണിക്ക് കൈകാണിച്ച് അകത്തു കയറിപ്പറ്റി അധികാരത്തിലിരിക്കുക എന്ന പൊതുമിനിമം പരിപാടിയാണ് എല്ലാ കേരള കോണ്‍ഗ്രസ്സുകളുടേതും. അതില്‍ യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി എന്നിങ്ങനെ പക്ഷഭേദമില്ല. അധികാരപദവികളെ ചൊല്ലിയുള്ള കലഹം പാര്‍ട്ടിയുടെ ആരംഭകാലം മുതല്‍ കൂടെയുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ കെ എം ജോര്‍ജിനെ വെട്ടിയാണല്ലോ 1975 ലെ അച്യുതമേനോന്‍ സര്‍ക്കാരില്‍ കെ എം മാണി മന്ത്രിയാകുന്നത്. ഇരട്ടപ്പദവി പ്രശ്‌നം ഉയര്‍ത്തിയാണ് കെ എം മാണി, നേതാവിന്റെ മന്ത്രിസഭാ പ്രവേശം അന്ന് തടഞ്ഞത്. പില്‍ക്കാലത്ത് രൂപപ്പെട്ട പാര്‍ട്ടികളില്‍ പലതും മണ്ണടിഞ്ഞപ്പോഴും കേരള കോണ്‍ഗ്രസ്സിന് ആ ഗതി വരാതിരുന്നത് ഗോള്‍ പോസ്റ്റുകള്‍ മാറി മാറി കളിക്കാനുള്ള അവരുടെ ‘സാമര്‍ഥ്യം’ കൊണ്ടുതന്നെയാണ്. തികച്ചും സാമുദായികമായിരിക്കുമ്പോഴും വര്‍ഗീയമായ ചാപ്പകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല കേരള കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്ക് എന്നതും എടുത്തുപറയേണ്ടതാണ്. ക്രൈസ്തവ സഭകളാണ് കേരള കോണ്‍ഗ്രസ്സുകളുടെ ബലം എന്നതുകൊണ്ട് ആരും അതിന് ധൈര്യപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടാണ്, ഐ എന്‍ എല്‍ കാല്‍നൂറ്റാണ്ട് കാത്തിരുന്ന പോലെ എല്‍ ഡി എഫ് പ്രവേശനത്തിന് കേരള കോണ്‍ഗ്രസ്സ് മാണി പക്ഷത്തിന് കാത്തിരിക്കേണ്ട ദുര്‍ഗതി വരാതിരുന്നത്. പി ടി ചാക്കോയുടെ ആദര്‍ശ രാഷ്ട്രീയത്തെ അനന്തരമെടുത്ത ഒരാളെപ്പോലും കേരള കോണ്‍ഗ്രസ്സുകളുടെ നേതൃനിരയില്‍ കാണാനില്ല എന്നുകൂടി പറയുമ്പോള്‍ മാത്രമാണ് പാര്‍ട്ടി ചരിത്രം പൂര്‍ത്തിയാകുന്നത്.

 

Latest