k surendran
കേന്ദ്രം അഴിമതി സര്‍ക്കാര്‍ എന്ന പാട്ട്: കെ സുരേന്ദ്രന്റെ നോട്ടീസിന് വിചിത്ര വിശദീകരണം
ആസൂത്രിത അട്ടിമറിയാണോ എന്നു സംശയം
തിരുവനന്തപുരം | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പദയാത്രയില്‍ കേന്ദ്ര സര്‍ക്കാറിനെ അഴിമതി സര്‍ക്കാര്‍ എന്നു വിശേഷിപ്പിച്ച പാട്ട് വന്നതില്‍ വിചിത്ര വിശദീകരണവുമായി ബി ജെ പി ഐ ടി സെല്‍.
എസ് എസി എസ് ടി നേതാക്കളുമായി ഉച്ചഭക്ഷണം എന്ന പോസ്റ്റര്‍ വിവാദമായതിനു പിന്നാലെ പാട്ടും വിവാദമായതോടെ ഐ ടി സെല്ലിനോട് പ്രസിഡന്റ് വിശദീകരണം തേടിയിരുന്നു. ഐ ടി സെല്ലും പ്രസിഡന്റും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആസൂത്രിതമായ അട്ടിമറിയാണോ നടന്നതെന്ന സംശയത്തിലായിരുന്നു വിശദീകരണം തേടിയത്.
വാഹനത്തിലെ ജനറേറ്റര്‍ പണിമുടക്കിയത് കാരണം നെറ്റ് വര്‍ക്കില്‍ പ്രശ്‌നമുണ്ടായി. ആ സമയം യുട്യൂബില്‍ പാട്ടുകളിട്ടപ്പോള്‍ വന്ന വീഴ്ചയാണെന്നാണ് ഐ ടി സെല്‍ വിശദീകരിച്ചത്. 40 സെക്കന്റ് കഴിഞ്ഞപ്പോഴേക്കും അബദ്ധം മനസ്സിലായെന്നും വിശദീകരണത്തില്‍ പറയുന്നു.
പദയാത്ര മലപ്പുറം ജില്ലയിലെ പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെത്തിയപ്പോഴാണ് അബദ്ധം സംഭവിച്ചത്. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രം’ എന്നാണ് വീഡിയോയില്‍ പറയുന്നത്. കെ സുരേന്ദ്രനുമായി ഉടക്കിലാണെങ്കിലും ആര്‍ എസ് എസില്‍ പിടിപാടുള്ളവരാണ് ഐ ടി സെല്‍ നയിക്കുന്നത്.