Connect with us

articles

ബി ജെ പിക്കെതിരെ കെജ്്രിവാളിന്റെ മറുതന്ത്രങ്ങള്‍

കെജ്‌രിവാള്‍ ഏറെ തന്ത്രപരമായ ഒരു നീക്കമാണ് നടത്തിയിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയപ്പോഴാണ് രാജി വെക്കുന്നത്. ഒരു പരിധി വരെ താന്‍ കുറ്റവിമുക്തനാണെന്ന് ജനങ്ങളോട് പറയാന്‍ ഇന്ന് അദ്ദേഹത്തിന് കഴിയും. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരി എന്നാണല്ലോ നമ്മുടെ ഭരണഘടന തന്നെ പറയുന്നത്. അതുകൊണ്ട് ഇനി ജനങ്ങളുടെ വിചാരണക്ക് താന്‍ വിധേയനാകുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

Published

|

Last Updated

അരവിന്ദ് കെജ്‌രിവാള്‍ രാജി വെച്ച് പാര്‍ട്ടിയുടെ വനിതാ നേതാവായ അതിഷി മാര്‍ലെനയെ പുതിയ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നു. ഈ മാറ്റം പലവിധ ചര്‍ച്ചകള്‍ക്കും വഴി വെച്ചിരിക്കുന്നത് സ്വാഭാവികം. ആം ആദ്മി പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായ കെജ്‌രിവാളിന് പകരം മറ്റൊരാള്‍ ആ പദവിയില്‍ എത്തുന്നു എന്നത് തന്നെ ഒരു പ്രധാന മാറ്റമാണ്. ഈയൊരു മാറ്റത്തിലേക്കു നയിച്ച കാരണങ്ങളില്‍ പ്രധാനം രാഷ്ട്രീയമാണ് എന്ന് കാണാം. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി കെജ്‌രിവാളിനെയും അദ്ദേഹത്തോട് ഏറെ അടുത്തു നില്‍ക്കുന്ന സിസോദിയ അടക്കമുള്ള നേതാക്കളെയും നിരവധി കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്ന ശ്രമങ്ങള്‍ പലതവണ നമ്മള്‍ കണ്ടതാണ്.

ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയയെ ഒന്നര വര്‍ഷത്തിലേറെക്കാലം തടവിലിട്ടു. ഇപ്പോഴും കേസ് എവിടെ എത്തി എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകര്‍ക്ക് മറുപടി ഇല്ലാതായപ്പോഴാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കെജ്‌രിവാളിനെതിരായ കേസില്‍ രണ്ട് വര്‍ഷക്കാലം അറസ്റ്റ് ചെയ്യാതിരിക്കുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ അത് ചെയ്യുകയും ചെയ്തതും നമ്മള്‍ കണ്ടതാണ്. അതിനെ കോടതി ശക്തമായി വിമര്‍ശിക്കുകയും തിരഞ്ഞെടുപ്പ് തീരുന്നതു വരെ ജാമ്യം അനുവദിക്കുകയും ചെയ്തു. ഇ ഡി ആയിരുന്നു ആ കേസെടുത്തത്. ആ കേസിലെ ഒരു പ്രതിയെ കാലുമാറി മാപ്പുസാക്ഷിയാക്കിയാണ് കെജ്‌രിവാളിനെ കുടുക്കിയത്. അങ്ങനെ കൂറുമാറിയ ആളെ ബി ജെ പിയില്‍ ചേര്‍ക്കുകയും അയാളുടെ ഭാര്യാപിതാവിന് പഞ്ചാബില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് സുപ്രീം കോടതി പരിഹാസരൂപേണ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞത്, ഇങ്ങനെ ചില ലോലി പോപ്പുകള്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല എന്നായിരുന്നു. ഇനി മേല്‍ ഈ ലോലി പോപ്പുകള്‍ പാടില്ലെന്ന് കോടതി ശക്തമായ ഭാഷയില്‍ താക്കീതു നല്‍കുകയും ചെയ്തു.

ഇ ഡി കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചപ്പോള്‍ സി ബി ഐ അവരുടെ കേസുമായി രംഗത്തു വന്നു. കേസില്‍ കെജ്‌രിവാളിനെ വീണ്ടും തടവിലാക്കി. ആ സി ബി ഐ കേസിലാണ് ഇപ്പോള്‍ ജാമ്യം കിട്ടിയിരിക്കുന്നത്. ഈ കേസില്‍ സുപ്രീം കോടതി സി ബി ഐയെ നിശിതമായി വിമര്‍ശിച്ചു. കൂട്ടിലടച്ച തത്തയാണ് സി ബി ഐ എന്ന 2013ലെ കോടതി പരാമര്‍ശം ഇവിടെ ആവര്‍ത്തിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ചുമതല എന്നവര്‍ ധരിച്ചു വെച്ചിരിക്കുന്നു. ഈ കേസിലെ ജാമ്യവ്യവസ്ഥകള്‍ ലഘുവാക്കണം എന്ന് കോടതിക്കുണ്ടായിരുന്നു എന്ന വസ്തുത വിധിന്യായത്തില്‍ കാണാം. പക്ഷേ മുമ്പൊരു കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുന്ന ഒരാള്‍ക്ക് അന്നനുവദിച്ചിട്ടുള്ള ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിന് നിയമപരമായ പരിമിതികള്‍ ഉണ്ടെന്നു പറഞ്ഞുകൊണ്ടാണ് അതേ വ്യവസ്ഥകള്‍ തുടരാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിക്ക് തന്റെ ഓഫീസില്‍ പോകാന്‍ പാടില്ലെന്നും ഫയലുകളില്‍ ഒപ്പിടാന്‍ പാടില്ലെന്നും ആ വ്യവസ്ഥകളില്‍ ഉണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കേണ്ട ഫയലുകളില്‍ മാത്രം അദ്ദേഹത്തിന് ഒപ്പിടാം. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണരുതെന്നും കേസിന്റെ വിവരങ്ങള്‍ സംബന്ധിച്ച് പൊതുവേദികളില്‍ പറയരുതെന്നും മറ്റുമുള്ള നിബന്ധനകള്‍ക്ക് നിയമത്തിന്റെ പിന്‍ബലമെങ്കിലും ഉണ്ടെന്നു പറയാം. പക്ഷേ ജാമ്യത്തില്‍ ഇറങ്ങിയ, ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിക്ക് മേല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ശരിയാണോ എന്ന ചോദ്യം പല നിയമ വിദഗ്ധരും ഉന്നയിക്കുന്നുണ്ട്. ഇത്തരമൊരു അപൂര്‍വ സാഹചര്യത്തിലായിരിക്കണം സ്ഥാനം ഒഴിയാന്‍ അദ്ദേഹം തീരുമാനിച്ചത്. നിയമസഭയില്‍ മഹാ ഭൂരിപക്ഷമുള്ള സ്ഥിതിക്ക് അട്ടിമറിക്കൊന്നും ഒരു സാധ്യതയുമില്ല. കെജ്‌രിവാള്‍ ജയിലില്‍ ആയിരുന്ന സമയത്തും മുഖ്യമന്ത്രിപദത്തില്‍ തുടര്‍ന്ന ആളാണ്. അതിന് സാധ്യമായത്, ഒരു വകുപ്പും കൈകാര്യം ചെയ്യാത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം എന്നതിനാലാണ്. അക്കാലത്തു തന്നെ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നതാണ്. പക്ഷേ അതിനുള്ള ധൈര്യം അവര്‍ക്കുണ്ടായില്ല.

ഇവിടെ കെജ്‌രിവാള്‍ ഏറെ തന്ത്രപരമായ ഒരു നീക്കമാണ് നടത്തിയിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയപ്പോഴാണ് രാജി വെക്കുന്നത്. ഒരു പരിധി വരെ താന്‍ കുറ്റവിമുക്തനാണെന്ന് ജനങ്ങളോട് പറയാന്‍ ഇന്ന് അദ്ദേഹത്തിന് കഴിയും. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരി എന്നാണല്ലോ നമ്മുടെ ഭരണഘടന തന്നെ പറയുന്നത്. അതുകൊണ്ട് ഇനി ജനങ്ങളുടെ വിചാരണക്ക് താന്‍ വിധേയനാകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഡല്‍ഹി നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് അവസാനിക്കുന്നത്. ഡിസംബറില്‍ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹി തിരഞ്ഞെടുപ്പും നടത്തണമെന്നാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ സത്യസന്ധത തെളിയിക്കാമെന്ന് ആം ആദ്മി പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നുണ്ട്. അതിനുള്ള കാരണം വ്യക്തമാണ്. ഒരു സംസ്ഥാന സര്‍ക്കാര്‍ എന്ന രീതിയില്‍ ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. വൈദ്യുതി, വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ആ സര്‍ക്കാറിനോട് ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. ജനങ്ങളുടെ പിന്തുണ നേടി വീണ്ടും അധികാരത്തില്‍ വന്നാല്‍ ബി ജെ പി സര്‍ക്കാറിനെ നേരിടാന്‍ എളുപ്പമായിരിക്കും എന്നും കരുതപ്പെടുന്നു. ബി ജെ പിയുടെ കുതന്ത്രങ്ങള്‍ക്കുള്ള ഒരു മറുതന്ത്രമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു.

ഇപ്പോള്‍ അധികാരമേല്‍ക്കുന്ന അതിഷി ചില്ലറക്കാരിയൊന്നുമല്ല. നിലവില്‍ കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ധനകാര്യം എന്നീ വകുപ്പുകള്‍ അവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. ആദ്യ കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ഏറ്റവും പ്രശസ്തമായ രീതിയില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തിയ മനീഷ് സിസോദിയയുടെ ഉപദേഷ്ടാവായിരുന്ന ഇവര്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്. യൂറോപ്പില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അതിഷി വരുന്നതോടെ ഭരണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും സ്വതന്ത്രനായ കെജ്‌രിവാളിന് മുഴുവന്‍ സമയവും ജനങ്ങളിലേക്കിറങ്ങാന്‍ കഴിയുമെന്നും ഉറപ്പാണ്. ഹരിയാന തിരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തില്‍ അത് ബി ജെ പിക്ക് തലവേദനയാകും എന്നുറപ്പാണ്.

---- facebook comment plugin here -----

Latest