Connect with us

National

കരൂര്‍ ദുരന്തം: ഭരണം പിടിക്കാന്‍ വന്ന വിജയ് നിയമക്കുരുക്കിലേക്ക്; നടുക്കം പ്രകടിപ്പിച്ച രജനീകാന്തും കമല്‍ഹാസനും

കോടതിയെ പോലും ധിക്കരിച്ച് നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയ വിജയ്യുടെ പരിവേഷം കരൂരില്‍ തകര്‍ന്നുവീണു

Published

|

Last Updated

ചെന്നൈ | രാജ്യത്തെ ഒന്നാകെ നടുക്കിയ തമിഴ്‌നാട്ടിലെ കരൂരില്‍ നടന്ന ദുരന്തത്തെ അപലപിച്ച് കമല്‍ഹാസനും രജനികാന്തും. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തിയ ഇരുവരും കരൂരില്‍ നിന്നും വരുന്ന ഓരോ വര്‍ത്തകളും ഹൃദയം നുറുക്കുന്നുവെന്ന് കുറിച്ചു.

2026ല്‍ തമിഴ്‌നാട് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ സൂപ്പര്‍താരം വിജയ് കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ വന്‍ നിയമക്കുരുക്കിലേക്ക് വീഴും. കോടതിയെ പോലും ധിക്കരിച്ച് നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയ വിജയ്യുടെ പരിവേഷം കരൂരില്‍ തകര്‍ന്നുവീണു.

‘കരൂരില്‍ നടന്ന സംഭവത്തില്‍ ഒട്ടേറെ നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞെന്ന വാര്‍ത്ത ഹൃദയത്തെ നുറുക്കുകയും അത്യന്തം ദുഃഖം ഉളവാക്കുകയും ചെയ്യുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവര്‍ക്ക് ആശ്വാസം ലഭിക്കട്ടെ’ എന്നായിരുന്നു രജനികാന്തിന്റെ വാക്കുകള്‍.

‘എന്റെ ഹൃദയം നുറുങ്ങുന്നു. കരൂരില്‍ നിന്ന് വരുന്ന വാര്‍ത്ത ഞെട്ടലും സങ്കടവും നല്‍കുന്നതാണ്. ജനത്തിരക്കില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്താന്‍ വാക്കുകളില്ല. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് ശരിയായ ചികിത്സയും ദുരിതബാധിതര്‍ക്ക് ഉചിതമായ ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്’ എന്നായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍.
മരിച്ചവരില്‍14 പേരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിയാന്‍ ബാക്കിയുള്ളതെന്നും 111 പേരാണ് ചികിത്സയിലുള്ളതെന്നും 51പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളതെന്നും കരൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ സംഭവത്തിന് പിന്നാലെ ചെന്നൈക്ക് മടങ്ങിയ താരത്തിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്.അപകടത്തിന് പിന്നാലെ അതിവേഗം വേദി വിട്ട വിജയ്, തിരുച്ചിറപ്പള്ളിയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ചെന്നൈയിലെ വീട്ടിലെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെ എക്‌സില്‍ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തി.

തമിഴ്‌നാടിനെ നയിക്കാന്‍ ഇതാ വരുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിവന്നത്. ബിഗ് സ്‌ക്രീനിലെ സൂപ്പര്‍ താരത്തെ കാണാന്‍ രാഷ്ട്രീയം മറന്ന് എല്ലായിടത്തും ആളുകൂടി. സിനിമ സെറ്റുകളെ വെല്ലുന്ന വേദികളൊരുക്കി വിജയ് റാംപിലൂടെ ജനക്കൂട്ടത്തിന് നടുവിലേക്ക് നടന്നു. കൃത്യമായ സംഘാടനമില്ലെന്ന് ആദ്യ റാലി മുതല്‍ തന്നെ വിജയും സംഘവും തെളിയിച്ചു. മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസവും ആള്‍ക്കൂട്ടവും കാരണം ആദ്യ റാലി തന്നെ അലങ്കോലപ്പെട്ടു.

ഡിസംബര്‍ 20ന് തീരുമെന്ന് ആദ്യം പ്രഖ്യാപിച്ച പര്യടനം പിന്നീട് ജനുവരി വരെ നീളുമെന്ന് പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ മറികടന്നെത്തിയ ആള്‍ക്കൂട്ടം കോടതിയെ പോലും ആശങ്കപ്പെടുത്തി. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തില്‍ ഒരാള്‍ മരിച്ചതോടെ ആശങ്ക വെറുതേയല്ലെന്ന് വ്യക്തമായി. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് കോടതി പറഞ്ഞിരുന്നു. ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ സുരക്ഷാ ഭിഷണി മുന്‍നിര്‍ത്തി റാലിയില്‍ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിദേശിച്ചു. എന്നിട്ടും നിയന്ത്രണങ്ങളില്ലാതെ വിജയ്യുടെ റാലിയില്‍ ആളുകൂടി.പതിനായിരം പേര്‍ പങ്കെടുക്കുന്ന റാലിയെന്ന് പറഞ്ഞാണ് ടിവികെ കരൂരില്‍ അനുമതി വാങ്ങിയത്. പക്ഷേ എത്തിയത് ലക്ഷത്തിലേറെ പേര്‍. ജനത്തിരക്ക് കാരണം അപകടമുണ്ടായപ്പോള്‍ ആംബുലന്‍സുകള്‍ക്ക് വേഗത്തിലെത്താന്‍ പോലും സാധിച്ചില്ല.

 

Latest