Connect with us

National

കരൂർ ദുരന്തം: എട്ടംഗ വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ച് ബി ജെ പി

പാർലമെന്റ് അംഗവും മുതിർന്ന നടിയുമായ ഹേമ മാലിനിയാണ് സമിതിയുടെ അദ്ധ്യക്ഷ.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടി വി കെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന്, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എട്ടംഗ വസ്തുതാന്വേഷണ സമിതിയെ പ്രഖ്യാപിച്ചു. പാർലമെന്റ് അംഗവും മുതിർന്ന നടിയുമായ ഹേമ മാലിനിയാണ് സമിതിയുടെ അദ്ധ്യക്ഷ.

മുൻ കേന്ദ്രമന്ത്രിയും ലോക്സഭാ ബി ജെ പി എം പിയുമായ അനുരാഗ് ഠാക്കൂർ, ബി ജെ പി എം പിമാരായ തേജസ്വി സൂര്യ, ബ്രിജ് ലാൽ, അപരാജിത സാരംഗി, രേഖാ ശർമ്മ, ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ, തെലുങ്ക് ദേശം പാർട്ടി (ടി ഡി പി) നേതാവ് പുട്ട മഹേഷ് കുമാർ എന്നിവർ ഉൾപ്പെടുന്നു.

ദുരന്ത സ്ഥലം സന്ദർശിക്കാനും, ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളെ കാണാനും, പ്രാദേശിക ഉദ്യോഗസ്ഥരുമായി സംസാരിക്കാനും, റിപ്പോർട്ട് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കാനുമാണ് സമിതിക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ദുരന്തത്തിൽ രാഷ്ട്രീയ തലത്തിലും പൊതുസമൂഹത്തിലും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബി ജെ പിയുടെ ഈ നടപടി.

സെപ്റ്റംബർ 27-ന് നടന്ന സംഭവത്തിൽ 41 പേർ മരിക്കുകയും 60-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വൈകുന്നേരം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വിജയിയെ കാണാൻ ആയിരക്കണക്കിന് ആളുകൾ മുന്നോട്ട് കുതിച്ചപ്പോഴാണ് കരൂരിലെ വേലായുധംപാളയത്ത് വെച്ച് ദുരന്തമുണ്ടായത്.

പെട്ടെന്നുണ്ടായ വൈദ്യുതി തടസ്സവും സ്റ്റേജ് ഏരിയക്ക് സമീപത്തെ തിരക്കും പരിഭ്രാന്തി സൃഷ്ടിച്ചെന്നും, അത് തിക്കിലും തിരക്കിലും കലാശിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. നിരവധി പേർ ഇപ്പോഴും കരൂർ, ഈറോഡ് ആശുപത്രികളിൽ ചികിത്സയിലാണ്.

Latest