Connect with us

National

കരൂര്‍ ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് വിജയ്; സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നല്‍കും.

Published

|

Last Updated

ചെന്നൈ | കരൂര്‍ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ജീവന്‍ നഷ്ടപ്പെട്ട 39 പേരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും ആശ്വാസ ധനം പ്രഖ്യാപിച്ച് ടി വി കെ അധ്യക്ഷന്‍ സൂപ്പര്‍ താരം വിജയ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നല്‍കും.

‘കരുറില്‍ ഇന്നലെ സംഭവിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സും ഹൃദയവും അതിയായ ദുഃഖത്താല്‍ നിറയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഈ കഠിനമായ ദുഃഖത്തില്‍, എന്റെ ഹൃദയത്തില്‍ അനുഭവിക്കുന്ന വേദന വാക്കുകളാല്‍ പ്രകടിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ കണ്ണുകളും മനസും ദുഃഖത്താല്‍ മൂടിയിരിക്കുന്നു. ഞാന്‍ കണ്ടുമുട്ടിയ എല്ലാവരുടെയും മുഖങ്ങള്‍ എന്റെ മനസ്സില്‍ മിന്നിമറയുന്നു. സ്‌നേഹവും കരുതലും കാണിക്കുന്ന പ്രിയപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം കൂടുതല്‍ തളരുന്നു. എന്റെ പ്രിയപ്പെട്ടവരേ… നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിലുള്ള നിങ്ങളുടെ ദുഃഖത്തില്‍ വിവരിക്കാനാവാത്ത വേദനയോടെ ഞാന്‍ അനുശോചനം അറിയിക്കുന്നു. ഈ അതിരില്ലാത്ത ദുഃഖത്തില്‍ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് ഞാനുമുണ്ട്-വിജയ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചതായും വിജയ് പ്രഖ്യാപിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ടി വി കെ തീരുമാനിച്ചു. ടിവികെ നേതാക്കളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. അടുത്തയാഴ്ച കോയമ്പത്തൂര്‍, നീലഗിരി ജില്ലകളില്‍ നടത്താനിരുന്ന പര്യടനമാണ് വിജയ് നിര്‍ത്തിവെച്ചത്.

വെല്ലൂരും റാണിപേട്ടുമാണ് ഒക്ടോബര്‍ അഞ്ചിന് റാലി തീരുമാനിച്ചിരുന്നത്. ഇത് ഉള്‍പ്പെടെയാണ് നിര്‍ത്തിവെച്ചത്. ഇനി സംസ്ഥാനത്തെ 31 ഇടങ്ങളിലാണ് വിജയ്‌യുടെ പര്യടനം ബാക്കിയുള്ളത്.തിങ്കളാഴ്ച കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തുമെന്ന ആശങ്കയിലാണ് ടി വി കെ വൃത്തങ്ങള്‍. കരൂരില്‍ നിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയ വിജയ് ചെന്നൈയിലെ വീട്ടില്‍ തുടരുകയാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച സഹായധനം ജീവന്‍ നഷ്ടമായതിന് പരിഹാരമല്ലെന്നും എല്ലാ സഹായവും ടി വി കെ നല്‍കുമെന്നും വിജയ് എക്‌സില്‍ കുറിച്ചു.