Connect with us

karipur airport

കരിപ്പൂർ റൺവേ റീ ടാറിംഗ് നവംബറിൽ; എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്ദർശിച്ചു

റൺവേ ഭാഗികമായി അടച്ചിടാൻ സാധ്യത

Published

|

Last Updated

കൊണ്ടോട്ടി | കരിപ്പൂർ വിമാനത്താവളത്തിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിമാനത്താവള അതോറിറ്റിക്ക് കൈമാറുന്നതിനായി എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് ജിന്ദാൽ കരിപ്പൂരിലെത്തി. റൺവേ ബലപ്പെടുത്തൽ, റൺവേ നീളംകൂട്ടൽ, റിസ നീളം കൂട്ടൽ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് അദ്ദേഹം തിങ്കളാഴ്ച രാത്രി എത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനു ശേഷമാണ് റൺവേ ബലപ്പെടുത്തുന്നത്.

നവംബറിൽ റൺവേ റീ ടാറിംഗ് ആരംഭിക്കും. ഇതിനായി രാവിലെ പത്ത് മുതൽ വൈകുന്നേരം ആറ് വരെ റൺവേ ഭാഗികമായി അടച്ചിടാൻ സാധ്യതയുണ്ട്. പകൽ സമയം റൺവേ അടച്ചിടുകയാണെങ്കിൽ വിമാന സർവീസുകൾ രാത്രിയിലായിരിക്കും ഉണ്ടാവുക. റൺവേ നീളം കൂട്ടേണ്ടതും കരിപ്പൂരിൽ അനിവാര്യമായിരിക്കുകയാണ്. വലിയ വിമാനങ്ങളുടെ സർവീസ് മുടങ്ങിയിട്ട് അഞ്ച് വർഷമായി. റൺവേ നീളമില്ലെന്ന കാരണമാണ് പറയുന്നത്. നീളം കൂട്ടുന്നതിന് റൺവേയുടെ രണ്ടറ്റത്തുമായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

ഭൂമി ഏറ്റെടുത്ത ശേഷം മാത്രമായിരിക്കും റിസയുടെ നീളം കൂട്ടലും സാധ്യമാകുക. റൺവേ നീളം കൂട്ടിയല്ലാതെ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി ലഭ്യമാകില്ലെന്ന് നേരത്തേ വിമാനത്താവള അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഇക്കാരണത്താൽ തന്നെ കരിപ്പൂരിന്റെ വികസനത്തിൽ പ്രഥമ പരിഗണന ഭൂമി ഏറ്റെടുക്കുന്നതിനാണ്. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ പുനർനിർമിക്കുന്ന പ്രവർത്തനങ്ങളും എക്‌സിക്യൂട്ടീവ് ഡയറക്ടർ വീക്ഷിച്ചു. എയർപോർട്ട് ഡയറക്ടർ ശേഷാദ്രിവാസം സുരേഷും മറ്റ് ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നു.