Kannur
കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ അബൂദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
കണ്ണൂര്‍ താണ സ്വദേശിനിയായ ധനലക്ഷ്മി അബൂദബി മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റലിലെ ദന്ത ഡോക്ടര്‍ ആയിരുന്നു.

അബൂദബി | മലയാളി വനിതാ ഡോക്ടറെ അബൂദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
കണ്ടെത്തി. കണ്ണൂര്‍ താണ സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസഫ ഷാബിയിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റലിലെ ദന്ത ഡോക്ടര്‍ ആയിരുന്നു.
രണ്ടുദിവസമായി ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും തിങ്കളാഴ്ച പോയിരുന്നില്ല. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ് ധനലക്ഷ്മി. അബൂദബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു.
നേരത്തേ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങള്‍: ആനന്ദകൃഷ്ണന്‍, ശിവറാം, ഡോ. സീതാലക്ഷ്മി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.