Kerala
കണ്ണൂര്‍ സഹകരണ ബേങ്കിലെ പണയ സ്വര്‍ണം തട്ടിയ കേസ്; മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
ബേങ്ക് ജീവനക്കാരനും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സുധീര്‍ തോമസാണ് അറസ്റ്റിലായത്.

കണ്ണൂര്‍| കണ്ണൂര്‍ കച്ചേരിക്കടവിലെ ആനപ്പന്തി സര്‍വീസ് സഹകരണ ബേങ്കിലെ പണയ സ്വര്‍ണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ബേങ്ക് ജീവനക്കാരനും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സുധീര്‍ തോമസാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയാണ് സുധീര്‍ തോമസ്. മൈസുരുവില്‍ നിന്നാണ് പോലീസ് സുധീറിനെ അറസ്റ്റു ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുനീഷ് തോമസ് ഇന്നലെ അറസ്റ്റിലായിരുന്നു. 60 ലക്ഷത്തോളം രൂപയുടെ പണയ സ്വര്‍ണം തട്ടിയെന്നാണ് കേസ്. അറുപത് ലക്ഷത്തോളം വില വരുന്ന പതിനെട്ട് പാക്കറ്റുകളിലായുളള പണയ സ്വര്‍ണമാണ് ഇവര്‍ കവര്‍ന്നത്. ബേങ്കിലെ ക്യാഷറായ സുധീര്‍ വഴിയാണ് പണയ സ്വര്‍ണം കവര്‍ന്നത്. കവര്‍ന്ന സ്വര്‍ണത്തിന് പകരം ഇവര്‍ മുക്കുപണ്ടം കൊണ്ടുവച്ചു.
കച്ചേരിക്കടവില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയാണ് സുനീഷ്. കവര്‍ന്ന പതിനെട്ട് പാക്കറ്റില്‍ പതിനാറും സുനീഷിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേതുമാണ്. സുധീറിന്റെ ഭാര്യയുടെ സ്വര്‍ണവും മാറ്റിവച്ചു. മറ്റൊരാളുടേതു കൂടി തട്ടിയപ്പോഴാണ് കാര്യം കൈ വിട്ടുപോയത്. ഇടപാടുകാരന്‍ പണയസ്വര്‍ണം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇതോടെ ബേങ്കിലെത്തി പരാതി നല്‍കി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തി.
ബേങ്ക് സെക്രട്ടറി അനീഷിന്റെ പരാതിയില്‍ സുധീറിനെ പ്രതിയാക്കിയാണ് കേസെടുത്തത്. അന്വേഷണത്തില്‍ സുനീഷിനും പങ്കുണ്ടെന്ന് വ്യക്തമായി.സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.