Kerala
കണ്ണൂരില്‍ വീണ്ടും മത്സരിക്കാനുള്ള ആഗ്രഹവുമായി കെ സുധാകരന്‍
കെ കെ ശൈലജ ആണു സ്ഥാനാര്‍ഥിയെങ്കില്‍ നേരിടാന്‍ ഞാന്‍ തന്നെ വേണമെന്നു സുധാകരന്‍
കണ്ണൂര്‍ | കെ പി സി സി പ്രസിഡന്റായി തുടര്‍ന്നുകൊണ്ടു കണ്ണൂരില്‍ വീണ്ടും മത്സരിക്കാനുള്ള ആഗ്രഹവുമായി കെ സുധാകരന്‍. രണ്ടു ചുമതലകളും വഹിക്കുന്നതില്‍ തനിക്കൊരു ബേര്‍ഡനും(ബുദ്ധിമുട്ട്) ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.
കണ്ണൂരില്‍ കെ കെ ശൈലജ ജനവിധി തേടുമെന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണു സീറ്റ് നിലനിര്‍ത്താന്‍ താന്‍ തന്നെ മത്സരിക്കണമെന്ന നിലപാടിലേക്ക് സുധാകരന്‍ മാറുന്നത്. സുധാകരന്‍ മാറിയാല്‍ പകരം സ്ഥാനാര്‍ഥി ആരെന്ന ചോദ്യം ഉയര്‍ന്നിരുന്നു. സുധാകരന്റെ അടുത്ത ആളായ കോഴിക്കോട് സ്വദേശി ജയന്തിനെ കളത്തില്‍ ഇറക്കുകയായിരുന്നു സുധാകരന്റെ ആഗ്രഹം. എന്നാല്‍ ശൈലജ ടീച്ചര്‍ ആണു സ്ഥാനാര്‍ഥിയെങ്കില്‍ കോഴിക്കോടുനിന്നുള്ള ജയന്തിനു പിടിച്ചു നില്‍ക്കാനാവില്ലെന്നാണു സുധാകരന്‍ കരുതുന്നത്.
താനാണു മത്സരിക്കുന്നതെങ്കില്‍ കെ കെ ശൈലജ ശക്തയായ എതിരാളിയല്ലെന്നാണു സുധാകരന്‍ പറയുന്നത്. ശൈലജ പ്രഗത്ഭയായ സ്ഥാനാര്‍ഥിയാണെന്നു തോന്നുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ തവണ ജയിച്ച 19 യു ഡി എഫ് സ്ഥാനാര്‍ഥികളും വീണ്ടും ജനവിധി തേടുമ്പോള്‍ താന്‍ മാത്രം ഒഴിവാക്കപ്പെടുന്നതില്‍ സുധാകരനു വൈമനസ്യമുണ്ട്. ഒഴിയാന്‍ സന്നദ്ധനാണെന്നു നേരത്തെ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നുവെങ്കിലും പുതിയ സാഹചര്യം ചൂണ്ടിക്കാട്ടി ഒരു തവണകൂടി മത്സരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സുധാകരന്‍ നടത്തുന്നത്.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ വീണ്ടും കണ്ണൂരില്‍ മല്‍സരിക്കുമെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. 20 സീറ്റും നേടുകയെന്ന ലക്ഷ്യം നിറവേറ്റാന്‍ മുന്‍ തീരുമാനത്തില്‍ നിന്നു വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍ കോട്ടയം സീറ്റു കേരളാ കോണ്‍ഗ്രസ്സില്‍ നിന്നു തിരിച്ചെടുക്കാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. നിയമസഭയില്‍ കൂടുതല്‍ സീറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കി സീറ്റ് തിരിച്ചെടുക്കാനാണു നീക്കം. ന്നൊല്‍ തങ്ങള്‍ക്കു വാഗ്ദാനം ചെയ്ത സീറ്റ് തിരിച്ചു നല്‍കാന്‍ സന്നദ്ധമല്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്.
എല്ലാവര്‍ക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാര്‍ഥി കോട്ടയത്തു കോണ്‍ഗ്രസിനുണ്ടെന്നും അക്കാര്യം കേരള കോണ്‍ഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സിന്റെ ഈ നീക്കത്തില്‍ കടുത്ത അതൃപ്തിയിലാണു കേരളാ കോണ്‍ഗ്രസ്.