cpi criticizes pinarayi
'കെ റെയില്‍ വിഷയം ശബരിമല പോലെ സങ്കീര്‍ണമാക്കി'; സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങള്‍ മുന്നണിയുടെ മുഖഛായക്ക് കോട്ടമുണ്ടാക്കുന്നു.

പത്തനംതിട്ട | സി പി ഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ റിപ്പോര്‍ട്ടിലാണു വിമര്‍ശനങ്ങള്‍. സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസാണ് രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കെ റെയില്‍ പദ്ധതിക്കെതിരെയും വലിയ വിമര്‍ശനം സമ്മേളനത്തിലുണ്ടായി. പദ്ധതി ധാര്‍ഷ്ട്യത്തോടെയാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതിന് തിരിച്ചടി പലഘട്ടങ്ങളിലായി സി പി എം നേരിട്ടു. പദ്ധതി ശബരിമല വിഷയം പോലെ സങ്കീര്‍ണമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ റാന്നിയില്‍ നിന്നുള്ള പ്രതിനിധി വിമര്‍ശിച്ചു.
എംപ്ലോയ്‌മെന്റ് സംവിധാനത്തെ സി പി എം നോക്കുക്കുത്തിയാക്കി. കുടുംബശ്രീയില്‍ പോലും പിന്‍വാതില്‍ നിയമനം നടത്തുന്നു. ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ല. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങള്‍ മുന്നണിയുടെ മുഖഛായക്ക് കോട്ടമുണ്ടാക്കുന്നു. ഘടകകക്ഷി എന്ന പരിഗണന പോലും പലയിടത്തും സി പി ഐക്ക് നല്‍കുന്നില്ലെന്നും സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം മുണ്ടപ്പള്ളി തോമസ് അവതരിപ്പിച്ച രാഷ്ട്രീയ റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ജില്ലയിലെ സഹകരണ ബേങ്കുകളുടെ തകര്‍ച്ചക്ക് കാരണം സി പി എമ്മിന്റെ ചില നയങ്ങളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പലയിടത്തും സി പി എം കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കുന്നതെന്ന വിമര്‍ശനവും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളില്‍ നിന്നുണ്ടായി. സി പി എമ്മിന്റെ കൈയിലുള്ള പല സഹകരണ സംഘങ്ങളും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ചിലര്‍ ചൂണ്ടികാട്ടി. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പന്ന്യന്‍ രവീന്ദ്രന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ ഫോണ്‍, പാചകവാതക പൈപ്പ് ലൈന്‍ പദ്ധതികളെ പ്രശംസിച്ചു. സി പി ഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളെ കുറിച്ച് പരാമര്‍ശിച്ചതേയില്ല. കൃഷി മന്ത്രി പി പ്രസാദും മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയും വേദിയിലിരിക്കെയാണ് സി പി എം മന്ത്രിമാര്‍ നടപ്പാക്കുന്ന പദ്ധതികളെ മാത്രം അദ്ദേഹം പ്രശംസിച്ചത്.
—