Connect with us

dcc kozhikode

കെ കരുണാകരന്‍ മന്ദിരത്തിന് മൂന്നരലക്ഷം നല്‍കിയില്ല; കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു

കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടത്.

Published

|

Last Updated

കോഴിക്കോട് | ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ കെ കരുണാകരന്‍ സ്മാരക മന്ദിരം നിര്‍മാണത്തിനു മൂന്നര ലക്ഷം രൂപ പിരിച്ചു നല്‍കാത്തതിന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു.

കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടത്. ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായി സമീപനം സ്വീകരിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ഡി സി സി പ്രസിഡന്റ് പറഞ്ഞു.

ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഡി സി സി പ്രസിഡന്റും സംഘവും എത്തിയപ്പോള്‍ 1.3 ലക്ഷം രൂപ മാത്രമാണു കമ്മിറ്റി നല്‍കിയത്. 3.6 ലക്ഷമാണു ക്വാട്ടയായി നല്‍കിയിരുന്നത്. ഫണ്ട് പൂര്‍ണമായി നല്‍കാത്തതില്‍ ഡി സി സി പ്രസിഡന്റ് രോഷം കൊണ്ടു. ഇതോടെ മണ്ഡലം പ്രസിഡന്റ് എം സി നസീമുദ്ദീന്‍ വാട്‌സാപ്പിലൂടെ താന്‍ സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഡി സി സി പ്രസിഡന്റിനെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ സ്ഥാനം രാജിവയ്ക്കുകയാണെന്നാണു പറഞ്ഞത്.

തുടര്‍ന്ന് നസീമുദ്ദീന്‍ പ്രസിഡന്റായ മണ്ഡലം കമ്മിറ്റിയെ ഡി സി സി പ്രസിഡന്റ് പിരിച്ചുവിടുകയായിരുന്നു. കാക്കൂര്‍, നരിക്കുനി, ബാലുശേരി, കീഴരിയുര്‍, ചെറുവണ്ണൂര്‍, തുറയൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ നിര്‍ദ്ദേശിച്ച പണം നല്‍കിയെന്നാണ് അറിയുന്നത്.

 

Latest