Connect with us

National

തമിഴ്‌നാട്ടില്‍ ബി ജെ പിയില്‍ മടുപ്പ് പ്രകടമാക്കി ഐ പി എസ് വിട്ടുവന്ന കെ അണ്ണാമലൈ

അമിത് ഷായും മോദിയും ശുദ്ധമായ രാഷ്ട്രീയം നല്‍കുമെന്ന പ്രതീക്ഷയിലാണ് താന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്നും തനിക്ക് രാഷ്ട്രീയം ഇഷ്ടമല്ലെങ്കില്‍ പാര്‍ട്ടി വിട്ട് കൃഷിയിലേക്ക് തിരിയുമെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

ചെന്നൈ | ഐ പി എസ് ഉപേക്ഷിച്ച് ബി ജെ പിയില്‍ എത്തിയ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ രാഷ്ട്രീയം ഉപേക്ഷിച്ചേക്കുമെന്നു മുന്നറിയിപ്പു നല്‍കി. അമിത് ഷായും മോദിയും ശുദ്ധമായ രാഷ്ട്രീയം നല്‍കുമെന്ന പ്രതീക്ഷയിലാണ് താന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്നും തനിക്ക് രാഷ്ട്രീയം ഇഷ്ടമല്ലെങ്കില്‍ പാര്‍ട്ടി വിട്ട് കൃഷിയിലേക്ക് തിരിയുമെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് ഇഷ്ടമാണെങ്കില്‍, ഞാന്‍ ഇവിടെ തുടരും. എനിക്ക് ഇഷ്ടമില്ലെങ്കില്‍, ഞാന്‍ രാജിവച്ച് കൃഷി തുടരും. സമയം വരുമ്പോള്‍ ഞാന്‍ അത് പറയും. നിര്‍ബന്ധ പൂര്‍വം ഒരാള്‍ക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും തുടരാന്‍ കഴിയില്ല. രാഷ്ട്രീയം സ്വമേധയാ ഉള്ള ഒരു തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ നല്ല രാഷ്ട്രീയം നല്‍കുന്ന ഒരു സഖ്യമാകുമെന്ന പൂര്‍ണ വിശ്വാസത്തോടെയാണ് താന്‍ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇല്ലെങ്കില്‍ തന്റെ ജോലി ഉപേക്ഷിക്കേണ്ട ആവശ്യമില്ല. പാര്‍ട്ടിയില്‍ ഒരു പ്രവര്‍ത്തകനാകേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എ ഐ ഡി എം കെയുമായി ബി ജെ പിക്ക് സഖ്യം രൂപീകരിക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് പാര്‍ട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. തമിഴ്നാട്ടിലെ ബി ജെ പിയുടെ മുഖമായ കെ അണ്ണാമലൈ പാര്‍ട്ടിക്കെതിരെ അതൃപ്തി പ്രകടമാക്കി പരസ്യമായി രംഗത്തെത്തിയത് ചര്‍ച്ചയ്ക്ക് വഴിവച്ചു. അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്ക് തലവേദന സൃഷ്ടിച്ച് പ്രധാന നേതാവിന്റെ പ്രസ്താവന.

തമിഴ്നാട്ടില്‍ എന്‍ഡിഎ പ്രതിസന്ധിയിലായെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് പരമാര്‍ശം. തമിഴ്നാട്ടില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അണ്ണാമലൈ പറഞ്ഞു.

 

 

Latest