Lokavishesham
വെറുതേ ഒരു പ്രമേയം കൂടി
യു എൻ പ്രമേയം അതിന്റെ ഫലപ്രാപ്തിയിലല്ല പ്രധാനമാകുന്നത്. മറിച്ച് ശ്രദ്ധ ക്ഷണിക്കലിലാണ്. ഭീകരതയുടെ അച്ചുതണ്ടായി ഇസ്റാഈലിനെ മാറ്റാൻ പോന്ന രാഷ്ട്രീയ മാറ്റങ്ങൾ അവിടെ സംഭവിക്കുന്നുവെന്നതിലേക്ക് ഈ പ്രമേയം ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. നിലവിലെ സ്ഥിതിഗതികളിൽ വലിയ മാറ്റം കൊണ്ടുവരാൻ പ്രമേയത്തിന് സാധിക്കില്ലെന്നറിഞ്ഞിട്ടും ഫലസ്തീൻ ഗ്രൂപ്പുകൾ ആശ്വാസപൂർവം സ്വാഗതം ചെയ്യുന്നു.

തിരസ്‌കൃതരും നിസ്സഹായരുമായ ജനത ചെറിയ പരിഗണനകളിൽ പോലും വലിയ തോതിൽ ആഹ്ലാദം കൊള്ളും. യു എൻ പൊതു സഭയിൽ ഇസ്‌റാഈൽ വിരുദ്ധ പ്രമേയം പാസ്സായതിനെ ഫലസ്തീൻ ആക്ടിവിസ്റ്റുകൾ ആഘോഷിക്കുന്നത് അതുകൊണ്ടാണ്. നിലവിലെ സ്ഥിതിഗതികളിൽ വലിയ മാറ്റം കൊണ്ടുവരാൻ ഈ പ്രമേയത്തിന് സാധിക്കില്ലെന്നറിഞ്ഞിട്ടും ഫലസ്തീൻ ഗ്രൂപ്പുകൾ ആശ്വാസപൂർവം സ്വാഗതം ചെയ്യുന്നു. ഇസ്‌റാഈൽ നടത്തുന്ന അധിനിവേശത്തിന്റെ പ്രത്യാഘാതം വിലയിരുത്താൻ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ)യോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിരിക്കുന്നത്. നൂറ് കണക്കിന് കുഞ്ഞുങ്ങൾ മരിച്ചു വീഴുകയും വീടുകളും സ്‌കൂളുകളും ആശുപത്രികളും തെരുവുകളും സമ്പൂർണമായി തകർന്നടിയുകയും ചെയ്യുമ്പോൾ മാത്രമാണ് ലോകം ഫലസ്തീനിലേക്ക് നോക്കാറുള്ളത്. ഓരോ ദിനവും അവിടെ മനുഷ്യർ മരിച്ചു വീഴുന്നുണ്ട്; അവരുടെ മണ്ണ് കീഴടക്കുന്നുണ്ട്; ഓരോ ദിനവും അവർക്ക് മുന്നിൽ കൂറ്റൻ മതിലുകൾ ഉയരുന്നുണ്ട്. ഇസ്‌റാഈലിൽ ബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽ വരികയും അദ്ദേഹത്തിന്റെ പ്രധാന സഖ്യ കക്ഷിയായി കടുത്ത സണിസ്റ്റ് പാർട്ടി അധികാരത്തിൽ പങ്കാളിയാകുകയും ചെയ്തതോടെ ക്രൂരമായ അധിനിവേശത്തിന്റെ നാളുകളാണ് ഈ ജനത അഭിമുഖീകരിക്കാനിരിക്കുന്നത്. അന്താരാഷ്ട്ര കരാറുകളെ ഒരിക്കലും ഇസ്‌റാഈൽ അംഗീകരിക്കാറില്ല. അംഗീകരിപ്പിക്കാൻ ലോക രാജ്യങ്ങൾക്ക് സാധിക്കാറുമില്ല. അമേരിക്കയുടെ സംരക്ഷണം ഉള്ളപ്പോൾ ഒരു പ്രമേയത്തിനും ഇസ്‌റാഈലിനെ പിന്തിരിപ്പാക്കാനാകില്ല. ഫലസ്തീൻ ജനതയെ സ്‌നേഹിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്യുന്ന മനുഷ്യർ ഈ പ്രമേയത്തെ ആഘോഷിക്കുന്നുവെങ്കിൽ അതിന് ഒരു അർഥമേയുള്ളൂ: ഈ മനുഷ്യരെ ലോക വേദി ചർച്ചക്കെടുത്തുവല്ലോ, അത്രയും ആശ്വാസം.
“കിഴക്കൻ ജറൂസലം ഉൾപ്പെടെ അധിനിവേശ പ്രദേശത്തെ ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുന്ന ഇസ്‌റാഈൽ നടപടികൾ’ സംബന്ധിച്ച കരട് പ്രമേയത്തെ പൊതു സഭയിൽ 87 രാജ്യങ്ങൾ പിന്തുണച്ചു. യു എസും ഇസ്‌റാഈലും ഉൾപ്പെടെ 26 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ, ബ്രസീൽ, ജപ്പാൻ, ഫ്രാൻസ് ഉൾപ്പെടെ 53 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു. റഷ്യയും ചൈനയും ഇതേ നിലപാടെടുത്തു. വിശുദ്ധ നഗരമായ ജറൂസലമിന്റെ ജനസംഖ്യാപരമായ ഘടന, സ്വഭാവം, പദവി എന്നിവയിൽ മാറ്റം വരുത്തുന്ന നടപടികൾ, വിവേചനപരമായ നിയമനിർമാണങ്ങൾ, ജൂത കുടിയേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രമേയത്തിലുണ്ട്.
വോട്ടിംഗ് പാറ്റേൺ നോക്കിയാൽ ഈ പ്രമേയത്തിന്റെ ഭാവി വ്യക്തമാകും. അർഥവത്തായ നടപടികൾ ഐ സി ജെ ശിപാർശ ചെയ്താൽ അമേരിക്ക വീറ്റോ ചെയ്യുമെന്നുറപ്പാണ്. ഇതിനാണ് കരട് പ്രമേയത്തിൽ തന്നെ യു എസ് എതിർത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നിലപാടും ഒരർഥത്തിൽ ഇസ്‌റാഈൽ അനുകൂലം തന്നെയാണ്. ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനായി എക്കാലവും വാദിച്ച ഇന്ത്യ പുതിയ ഭരണാധികാരികളുടെ കീഴിൽ പഴങ്കഥയായിട്ട് കാലമേറെയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ബെഞ്ചമിൻ നെതന്യാഹു. സർവ മേഖലയിലും ഇസ്‌റാഈലുമായി കൈകോർക്കണമെന്നത് തന്നെയാണ് മോദി സർക്കാറിന്റെ നയം.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ശിപാർശകൾ നോൺ ബൈൻഡിംഗ് ആണ്. അവ നടപ്പാക്കാൻ യു എന്നിന് നിയമപരമായ ബാധ്യതയില്ലെന്നർഥം. അതുകൊണ്ട് ഈ പ്രമേയ വിജയം അതിന്റെ ഫലപ്രാപ്തിയിലല്ല പ്രധാനമാകുന്നത്. മറിച്ച് ശ്രദ്ധ ക്ഷണിക്കലിലാണ്. ഭീകരതയുടെ അച്ചുതണ്ടായി ഇസ്റാഈലിനെ മാറ്റാൻ പോന്ന രാഷ്ട്രീയ മാറ്റങ്ങൾ അവിടെ സംഭവിക്കുന്നുവെന്നതിലേക്ക് ഈ പ്രമേയം ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. 2019ന് ശേഷം ഇസ്‌റാഈൽ കടന്നുപോയ രാഷ്ട്രീയ അസ്ഥിരതക്കൊടുവിൽ നെതന്യാഹു വീണ്ടും അധികാരത്തിൽ വരുമ്പോൾ അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. ചെറുപാർട്ടികളുമായി സഖ്യം ചേർന്നാണ് ഭരിക്കുക. അറബ് വംശജർക്കും ഫലസ്തീനിനുമെതിരായ അക്രമാസക്ത നിലപാടുകൾ കൊണ്ട് കുപ്രസിദ്ധമായ റിലീജ്യസ് സയണിസം പാർട്ടി 15ലേറെ സീറ്റുകളോടെയാണ് പുതിയ സർക്കാറിൽ പങ്കാളിയായത്. 12 വർഷക്കാലം അധികാരത്തിൽ തുടർന്ന നെതന്യാഹു അപൂർവം ചില സന്ദർഭങ്ങളിലെങ്കിലും സമാധാന ശ്രമങ്ങളോട് പോസിറ്റീവായി പ്രതികരിച്ചിരുന്നു. എന്നാൽ അധികാര നഷ്ടം അദ്ദേഹത്തെ കൂടുതൽ അപകടകാരിയാക്കി. അറബ്, ഫലസ്തീൻ വേട്ടയിൽ എല്ലാ സീമകളും ലംഘിച്ച് മുന്നോട്ട് പോകുമെന്ന് തുറന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം ഇത്തവണ അധികാരത്തിൽ വന്നിരിക്കുന്നത്. തീവ്ര വലതുപക്ഷ, സയണിസ്റ്റ് പാർട്ടികൾ പങ്കാളികളായ സർക്കാറിന്റെ തലപ്പത്തിരിക്കുമ്പോൾ അദ്ദേഹത്തിന് ഭ്രാന്തമായ കീഴടക്കലിലേക്ക് കൂപ്പുകുത്താൻ ഒരു തടസ്സവുമുണ്ടാകില്ല. 2007ൽ അറബ് വംശജരെ കൊന്നൊടുക്കാൻ ജൂത തീവ്രവാദികളെ ഇളക്കി വിട്ടതിന് പ്രതിയായ സാക്ഷാൽ ഇറ്റ്മർ ബിൻ ഗിവിർ ആണ് നെതന്യാഹുവിന്റെ പുതിയ ആഭ്യന്തര മന്ത്രി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റം ഊർജിതമാക്കുമെന്നും ഇസ്‌റാഈലിന്റെ അതിർത്തി വ്യാപനം സ്വാഭാവിക അവകാശമാണെന്നും പ്രഖ്യാപിക്കുന്നതാണ് സത്യപ്രതിജ്ഞക്ക് മുമ്പ് പുറത്തിറക്കിയ നയരേഖ. ചരിത്രത്തിലെ ഏറ്റവും നീതിരഹിതമായ സർക്കാർ ഇസ്‌റാഈലിൽ അധികാരത്തിൽ വരുന്നുവെന്ന യാഥാർഥ്യം ചർച്ച ചെയ്യാതെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നിയോഗിക്കുന്ന സംഘത്തിന് മുന്നോട്ട് പോകാനാകില്ല.
ഇസ്‌റാഈലിന്റെ അതിർത്തി വ്യാപന പദ്ധതി ഫലസ്തീൻ എന്ന ഇത്തിരി പൊട്ടായ പ്രദേശത്ത് ഒതുങ്ങുന്നതല്ല. കിഴക്കൻ ജറൂസലമും വെസ്റ്റ്ബാങ്കും ഗസ്സാ ചീന്തും ഫലസ്തീൻ ഒന്നാകെയും കീഴടക്കി കഴിഞ്ഞാലും സയണിസ്റ്റ് സ്വപ്നം പൂർത്തിയാകില്ല. ഇസ്‌റാഈലിന്റെ അതിർത്തി വ്യാപന സ്വപ്നങ്ങളിൽ ഫലസ്തിനും ലബനാനും മാത്രമല്ല ഉള്ളത്. അത് ഈജിപ്തും ജോർദാനും ഇറാനും ഇറാഖും സിറിയയും അറബ് മേഖലയൊന്നാകെയും ഉൾപ്പെടുന്ന ഒന്നാണ്. സയണിസ്റ്റ് സ്‌നേക്ക് എന്ന് വിളിക്കപ്പെടുന്ന ഈ സ്വപ്ന അതിർത്തി പെട്ടെന്ന് നോക്കുമ്പോൾ അസംബന്ധമാണെന്ന് തോന്നാമെങ്കിലും സയണിസ്റ്റ് രാഷ്ട്രീയത്തിന് അത് ഗൗരവതരമായ ലക്ഷ്യം തന്നെയാണെന്നോർക്കണം.
രാഷ്ട്രമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാഷ്ട്രമെന്ന നുണ ആവർത്തിച്ച് ടെൽ അവീവ് തലസ്ഥാനമായി ഇസ്‌റാഈൽ രാഷ്ട്രം അടിച്ചേൽപ്പിക്കാൻ സാധിച്ചുവെങ്കിൽ കൃത്യമായ പ്രതിരോധത്തിന്റെ അഭാവത്തിൽ ജൂതരാഷ്ട്രീയത്തിന് എങ്ങോട്ടു വേണമെങ്കിലും അതിക്രമിച്ച് കയറാമെന്ന് തന്നെ വിലയിരുത്തേണ്ടി വരും. ഇസ്‌റാഈൽ അധിനിവേശത്തിന്റെ പ്രത്യാഘാതം പരിശോധിക്കുന്ന ഐ സി ജെ ഈ വസ്തുത കണക്കിലെടുത്തേ തീരൂ.
ഇസ്‌റാഈലിന്റെ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂറിയൻ 1936 ഒക്‌ടോബർ 13ന് നടന്ന സയണിസ്റ്റ് യോഗത്തിൽ പറഞ്ഞു: “ഭാഗികമായ ജൂത രാഷ്ട്രം ഒരവസാനമല്ല. അതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന്റെ പരിസര ഭാഗങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്നതിൽ നിന്ന് നമ്മെ തടയാൻ ആർക്കും സാധിക്കില്ല. 1938ൽ അദ്ദേഹം കുറച്ച് കൂടി വ്യക്തമായി ഇക്കാര്യം പറഞ്ഞു: “സയണിസ്റ്റുകൾ ആഗ്രഹിക്കുന്ന അതിരുകൾ തെക്കൻ ലബനാനും തെക്കൻ സിറിയയും ഇപ്പോഴത്തെ ജോർദാനും പടിഞ്ഞാറൻ തീരം മുഴുവനായും സിനായും ഉൾപ്പെടുന്നതാണ്’. ഇസ്‌റാഈൽ നിലവിൽ വന്ന ശേഷം ബെൻഗൂറിയൻ പറഞ്ഞത് ഇങ്ങനെയാണ്: രാഷ്ട്രം സ്ഥാപിച്ചതിന്റെ ഫലമായി നാം കരുത്തുറ്റ ഒരു ശക്തിയായി തീർന്ന ശേഷം വിഭജനം വേണ്ടെന്ന് വെക്കുകയും ഫലസ്തീനിലേക്ക് മുഴുവനുമായി വ്യാപിക്കുകയും ചെയ്യും. സയണിസമെന്ന ലക്ഷ്യ പൂർത്തീകരണത്തിലെ ഒരു ഘട്ടം മാത്രമാണ് ഈ രാഷ്ട്രം. നമ്മുടെ വ്യാപനത്തിന് കളമൊരുക്കുകയാണ് രാഷ്ട്രത്തിന്റെ ദൗത്യം. ഈ രാഷ്ട്രം അതിന്റെ വ്യവസ്ഥ കാത്ത് സൂക്ഷിക്കേണ്ടത് ആശയപ്രചാരണത്തിലൂടെയല്ല, മറിച്ച് യന്ത്രത്തോക്കുകൾ കൊണ്ടാണ്’
നാളിതു വരെയുള്ള മുഴുവൻ ഇസ്‌റാഈൽ ഭരണാധികാരികളും ബെൻഗൂറിയന്റെ പ്രഖ്യാപനം നടപ്പാക്കാനാണ് ശ്രമിച്ചത്. ഈ പ്രയാണത്തിന്റെ ഏറ്റവും ക്രൂരമായ ഘട്ടമായിരിക്കും നെതന്യാഹു തിരിച്ചു വരുമ്പോൾ കാണാൻ പോകുന്നത്. ഐക്യരാഷ്ട്ര സഭ ഫലസ്തീൻ രണ്ടായി വിഭജിച്ചത് 1947 നവംബർ 29നാണ്. ഇസ്‌റാഈൽ രാഷ്ട്രം ഔദ്യോഗികമായി നിലവിൽ വന്നത് 1948 മെയ് 15നും. ഇതിനിടക്കുള്ള സമയത്ത് സയണിസ്റ്റ് സായുധ ഗ്രൂപ്പുകളും സൈന്യവും ഫലസ്തീന്റെ 75 ശതമാനവും കൈയടക്കി കഴിഞ്ഞിരുന്നുവെന്നാണ് റാൽഫ് ഷൂമാൻ ചൂണ്ടിക്കാണിക്കുന്നത്. 7,80,000 ഫലസ്തീനികളെയാണ് ആട്ടിയോടിച്ചത്. ഫലസ്തീൻ രാഷ്ട്ര സ്വപ്നങ്ങളെ എന്നേക്കും കുഴിച്ചു മൂടിയ 1967ലെ ആറ് ദിന യുദ്ധത്തിലൂടെ ഇസ്‌റാഈൽ കൈക്കലാക്കിയ ഭൂമി ഒരിക്കലും തിരിച്ചു നൽകിയിട്ടില്ല. നിർദിഷ്ട ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കൻ ജറുസലമടക്കം പ്രദേശങ്ങളിൽ അന്ന് ഇസ്‌റാഈൽ നടത്തിയ അധിനിവേശത്തെ എല്ലാ അന്താരാഷ്ട്ര സമിതികളും ഇക്കാലമത്രയും തള്ളിപ്പറയുന്നുണ്ട്. 1967ലെ യുദ്ധത്തിൽ കൈയേറിയ സ്ഥലങ്ങളിൽ നിന്ന് ഇസ്‌റാഈൽ പിൻമാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേർത്ത് ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുമെന്നതായിരുന്നു 1993ലെ ഓസ്‌ലോ കരാറിലെ പ്രധാന വ്യവസ്ഥ. അഞ്ച് വർഷ കാലാവധിയിൽ, 1998ൽ പൂർത്തീകരിക്കുമെന്ന വ്യവസ്ഥയിലാണ് കരാർ ഉണ്ടാക്കിയത്. ഈ കരാറിന്റെ പേരിൽ അറഫാത്തും റബീനും നൊബേൽ സമ്മാനിതരായി എന്നതൊഴിച്ചാൽ ഒരു മാറ്റവും ഉണ്ടായില്ല.
ഓസ്‌ലോ കരാർ കർശനമായി പാലിക്കണമെന്ന് വ്യക്തമാക്കുന്ന “യു എൻ പ്രമേയം 2334′ ഷെൽഫിലിരിക്കുന്നുണ്ട്. ഇതിനെ വാക്കോട് വാക്ക് നിരാകരിച്ച് ഇസ്‌റാഈൽ പാർലിമെന്റ് പാസ്സാക്കിയ “റഗുലേഷൻ ബില്ലുമുണ്ട്. 1948 മുതൽ 1967 വരെയുള്ള യുദ്ധങ്ങളിൽ പിടിച്ചടക്കിയ മുഴുവൻ ഫലസ്തീൻ പ്രദേശങ്ങളിലെയും ജൂത കുടിയേറ്റ സമുച്ചയങ്ങൾക്ക് നിയമപരിരക്ഷ നൽകുന്നതാണ് ഈ ബില്ല്. യു എൻ പ്രമേയം വെറും അർഥമില്ലാത്ത അക്ഷരമായി ഷെൽഫിലുറങ്ങുമ്പോൾ ഇസ്‌റാഈൽ പാസ്സാക്കുന്ന നിയമങ്ങൾ ഫലസ്തീൻ ജനതയുടെ ജീവിതത്തിലേക്ക് ബുൾഡോസർ ഇടിച്ചു കയറ്റുകയാണ്. ഈ വൈരുധ്യം നിലനിൽക്കുവോളം യു എൻ പ്രമേയങ്ങളിൽ പ്രതീക്ഷ വെക്കാനാകില്ല.