Connect with us

Articles

ന്യായാധിപ നിയമനം ഭരണകൂട ദാസ്യമായിത്തീരുന്നത്

കറപുരളാത്ത ന്യായാധിപരെ തങ്ങള്‍ക്ക് വേണ്ടെന്ന് പ്രഖ്യാപിക്കുന്ന ഭരണകൂടത്തോടൊപ്പം നില്‍ക്കുകയാണ് ആഗസ്റ്റ് 17ന് സുപ്രീം കോടതി കൊളീജിയം പാസ്സാക്കി കേന്ദ്ര സര്‍ക്കാറിന് അയച്ച നാമനിര്‍ദേശത്തിലൂടെ.

Published

|

Last Updated

സുപ്രീം കോടതി കൊളീജിയം ശിപാര്‍ശയെക്കുറിച്ച് പ്രചരിക്കുന്ന മാധ്യമ ഊഹാപോഹങ്ങളില്‍ ഞാന്‍ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. സുപ്രീം കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് നവീന്‍ സിന്‍ഹയുടെ വിടവാങ്ങല്‍ ചടങ്ങിലാണ് മുഖ്യ ന്യായാധിപന്‍ തന്റെ ആത്മഗതം പ്രകടിപ്പിച്ചത്. ജഡ്ജിമാരെ നിയമിക്കുന്ന പ്രക്രിയ വിശുദ്ധവും ഉന്നതവുമാണ്. അത് നടന്നുകൊണ്ടിരിക്കുകയും കൊളീജിയം തീരുമാനം ഔപചാരികമാകുകയും ചെയ്യുന്നതിന് മുമ്പ് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വിപരീത ഫലമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഭരണഘടനാ കോടതികളിലേക്കുള്ള ന്യായാധിപ നിയമനത്തിന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരടങ്ങുന്ന കൊളീജിയം സംവിധാനം എന്ന ആശയത്തിലേക്ക് പരമോന്നത നീതിപീഠം എത്തിയത് അടിയന്തരാവസ്ഥയുടെ ദുര്യോഗങ്ങള്‍ താണ്ടിയ എഴുപതുകളിലെ അനുഭവങ്ങളില്‍ നിന്നാണ്. ജുഡീഷ്യറിയെ അമിതാധികാര പ്രയോഗത്തിലൂടെ കൈപ്പിടിയിലൊതുക്കാന്‍ ഭരണകൂടം ശ്രമിച്ച ആ നാളുകളെക്കുറിച്ച് ചര്‍ച്ചകള്‍ പലതും കഴിഞ്ഞുപോയതാണ്.

നീതിന്യായ മേഖലയില്‍ ഉയര്‍ന്ന നീതിബോധം കൊണ്ടും സമര്‍പ്പണ മനോഭാവം കൊണ്ടും ശ്രദ്ധേയ സാന്നിധ്യമാണ് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ആഖില്‍ ഖുറേഷി. നീതിപീഠത്തില്‍ തന്റെ മുമ്പിലെത്തുന്ന നിയമ വ്യവഹാരങ്ങളിലെ വലിയ പേരുകള്‍ അദ്ദേഹത്തെ ചഞ്ചലനാക്കിയില്ല. അതുകൊണ്ടാണ് ഗുജറാത്ത് വംശഹത്യ, വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ നീതിബോധത്തിനപ്പുറം ഭരണകൂട ദാസ്യം പ്രഖ്യാപിച്ച ന്യായാധിപരുടെ കൂട്ടത്തില്‍ അദ്ദേഹം പെടാതെ പോയത്. ഗുജറാത്ത് വംശഹത്യാ കേസുകളില്‍ പലതും വിചാരണക്കൊടുവില്‍ തേഞ്ഞുമാഞ്ഞു പോകുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്തത് നാം കണ്ടതാണ്.
സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ 2010ല്‍ ഗുജറാത്ത് മന്ത്രിയായിരിക്കെ സി ബി ഐ കസ്റ്റഡി റിമാന്‍ഡിന് ഉത്തരവിട്ടത് ജസ്റ്റിസ് ഖുറേഷിയായിരുന്നു. പിന്നെയും ഭരണകൂട ഹിതം മാനിക്കാതെ നീതിയുടെ വഴിയില്‍ കുറെ നിയമ വ്യവഹാരങ്ങളില്‍ തീര്‍പ്പു കല്‍പ്പിച്ചു അദ്ദേഹം. അതോടെ ബി ജെ പിയുടെയും സംഘ്പരിവാരത്തിന്റെയും ഹിറ്റ് ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടു അദ്ദേഹത്തിന്റെ പേര്. 2014ല്‍ ബി ജെ പി വലിയ വിജയം നേടി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരമുറപ്പിച്ചത് മുതല്‍ ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ നിരന്തരം വേട്ടയാടുകയായിരുന്നു. 2018ല്‍ സീനിയോരിറ്റി മാനദണ്ഡപ്രകാരം അദ്ദേഹം ഗുജറാത്ത് ചീഫ് ജസ്റ്റിസാകുമെന്നായപ്പോള്‍ പൊടുന്നനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ബോംബെ ഹൈക്കോടതി തന്നെ സ്ഥലം മാറ്റത്തിന് തിരഞ്ഞെടുത്തതും ബോധപൂര്‍വമായിരുന്നു. അവിടെ സീനിയോരിറ്റിയില്‍ അഞ്ചാമനായിരുന്നു അദ്ദേഹം.

2019ലാണ് സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശ ചെയ്യുന്നത്. പക്ഷേ ശിപാര്‍ശക്ക് മേല്‍ തീരുമാനമെടുക്കാതെ മാസങ്ങള്‍ അടയിരുന്നു കേന്ദ്ര സര്‍ക്കാര്‍. പിന്നീട് പ്രസ്തുത നാമനിര്‍ദേശം മടക്കി അയച്ചപ്പോഴാണ് ഗുജറാത്ത് ഹൈ കോര്‍ട്ട് അഡ്വക്കറ്റ്‌സ് അസ്സോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2019 സെപ്തംബര്‍ അഞ്ചിന് സുപ്രീം കോടതി കൊളീജിയം പാസ്സാക്കിയ തീരുമാന പ്രകാരം നേരത്തേ ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നാമനിര്‍ദേശം ചെയ്തത് പരിഷ്‌കരിച്ച് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശിപാര്‍ശ ചെയ്തു. രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ ത്രിപുര ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ഖുറേഷിയെ നിര്‍ദേശിച്ചുകൊണ്ടുള്ള ശിപാര്‍ശ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസെങ്കില്‍ മദ്രാസ്, ബോംബെ, കൽക്കത്ത ഹൈക്കോടതികളിലൊന്നില്‍ നിറഞ്ഞു നിന്ന് ഭരണഘടനാ മൂല്യങ്ങളിലൂന്നി രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് ഊര്‍ജം പകരേണ്ടതായിരുന്നു ജസ്റ്റിസ് ആഖില്‍ ഖുറേഷി. എന്നാല്‍ കറപുരളാത്ത അത്തരം ന്യായാധിപരെ തങ്ങള്‍ക്ക് വേണ്ടെന്ന് പ്രഖ്യാപിക്കുന്ന ഭരണകൂടത്തോടൊപ്പം നില്‍ക്കുകയാണ് ആഗസ്റ്റ് 17ന് സുപ്രീം കോടതി കൊളീജിയം പാസ്സാക്കി കേന്ദ്ര സര്‍ക്കാറിന് അയച്ച നാമനിര്‍ദേശത്തിലൂടെ.

രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ സീനിയോരിറ്റിയില്‍ രണ്ടാമനാണ് ജസ്റ്റിസ് ആഖില്‍ ഖുറേഷി എന്നോര്‍ക്കണം. അദ്ദേഹത്തെ തഴഞ്ഞാണ് മറ്റു ഒമ്പത് പേരെ സുപ്രീം കോടതിയിലെ ന്യായാധിപരുടെ ഒഴിവിലേക്ക് കൊളീജിയം കേന്ദ്ര സര്‍ക്കാറിന് മുമ്പില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. അതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ജസ്റ്റിസ് ആഖില്‍ ഖുറേഷിയുടെ “അയോഗ്യത’ ഇല്ലാത്തവരായിരിക്കണം ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം കേന്ദ്ര സര്‍ക്കാറിന് നാമനിര്‍ദേശം ചെയ്ത ഒമ്പത് പേരും. കേന്ദ്ര സര്‍ക്കാറിന് ജസ്റ്റിസ് ഖുറേഷിയോടുള്ള ശക്തമായ എതിര്‍പ്പും അതിന്റെ പശ്ചാത്തലവും സുവിദിതമാണ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തോട് ഭരണകൂടം നിരന്തരം മുഖംതിരിക്കുന്നത്. അക്കാര്യം അറിഞ്ഞുകൊണ്ടാണല്ലോ കൊളീജിയം തന്നെയും നീതിമാനായ ന്യായാധിപനെ ഒഴിവാക്കിയത്. അതുവഴി ഭരണകൂടത്തിന് വേണ്ടപ്പെട്ടവരുടെ പേരുകള്‍ നിര്‍ദേശിക്കാനുള്ള റബ്ബര്‍ സ്റ്റാമ്പായി മാറുകയാണോ ഭരണകൂട അജന്‍ഡകളെ നേരത്തേ ചെറുത്തുതോല്‍പ്പിച്ച, പരമോന്നത നീതിപീഠത്തിന്റെ മുന്‍കൈയാല്‍ സ്ഥാപിതമായ കൊളീജിയം സംവിധാനം?
ഭരണഘടനാ കോടതികളിലേക്ക് നടത്തുന്ന നാമനിര്‍ദേശങ്ങളോട് പലപ്പോഴും സഹകരിക്കാതിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സുപ്രീം കോടതിയിലേക്കുള്ള ന്യായാധിപ നിയമന ശിപാര്‍ശകളൊന്നും കൊളീജിയം സമര്‍പ്പിച്ചില്ല എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ആഗസ്റ്റ് 12ന് ആയിരുന്നു സുപ്രീം കോടതി ജഡ്ജിയും കൊളീജിയം അംഗവുമായിരുന്ന ജസ്റ്റിസ് റോഹിംഗ്ടണ്‍ ഫാലി നരിമാന്‍ വിരമിച്ചത്. സുപ്രീം കോടതിയിലേക്ക് ന്യായാധിപരെ നാമനിര്‍ദേശം ചെയ്യുന്നതിനെക്കുറിച്ച് കൊളീജിയം ആലോചിച്ച വേളയിലെല്ലാം അതിനര്‍ഹനായ ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ നാമനിര്‍ദേശം ചെയ്യണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. അദ്ദേഹത്തിന്റെ നിര്‍ദേശം മറികടക്കാന്‍ കഴിയാതിരിക്കെ സുപ്രീം കോടതിയിലേക്ക് മറ്റൊരു ശിപാര്‍ശയും രണ്ട് വര്‍ഷമായി കൊളീജിയത്തിന്റെ ഭാഗത്തു നിന്ന് ഇല്ലാതെ പോകുകയായിരുന്നത്രെ. അതിനാലായിരിക്കണം ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ വിരമിച്ചതിന്റെ അഞ്ചാം ദിവസം തന്നെ അറുപത്തൊന്നുകാരനായ ജസ്റ്റിസ് ഖുറേഷിയെ ഒഴിവാക്കി കൊണ്ടുള്ള നാമനിര്‍ദേശം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാറിന് അയച്ചത്. ജസ്റ്റിസ് ആര്‍ എഫ് നരിമാന്റെ ഒഴിവില്‍ ജസ്റ്റിസ് നാഗേശ്വര റാവുവാണ് കൊളീജിയത്തിലെ പുതിയ അംഗം. ചീഫ് ജസ്റ്റിസ് എന്‍ വി രമണക്ക് പുറമെ ജസ്റ്റിസുമാരായ യു യു ലളിത്, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റംഗങ്ങള്‍.
ന്യായാധിപരെ നിയമിക്കുന്ന പ്രക്രിയയുടെ വിശുദ്ധി കാക്കാന്‍ മാധ്യമങ്ങളെ ഉപദേശിച്ച ചീഫ് ജസ്റ്റിസ് ഓര്‍ക്കാതെ പോയ ചിലതുണ്ട്. ആ വിശുദ്ധിയും നീതിന്യായ സ്വാതന്ത്ര്യവും സുതാര്യതയും സംരക്ഷിക്കാനായിരുന്നു ന്യായാധിപ നിയമനം ഭരണകൂടത്തിന്റെ കൈയിലമര്‍ന്നപ്പോഴും, നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്‌സ് കമ്മീഷനിലൂടെ വീണ്ടും അത് തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരാന്‍ മാറിയ ഭരണകൂടം ശ്രമിച്ചപ്പോഴും, പരമോന്നത നീതിപീഠം ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. അങ്ങനെ സുപ്രീം കോടതി കൊളീജിയം സംവിധാനത്തിലൂടെ ന്യായാധിപ നിയമനത്തിന് ഏറെക്കുറെ നിഷ്പക്ഷ സ്വഭാവം കൊണ്ടുവന്നത്. എന്നാല്‍ നീതിന്യായ സ്വാതന്ത്ര്യത്തിലേക്ക് കൈയേറ്റം നടത്താനുള്ള ഭരണകൂടത്തിന്റെ പുതിയ ശ്രമങ്ങളെ പ്രതിരോധിക്കാതിരിക്കുമ്പോഴാണ് ന്യായാധിപ നിയമനം ഭരണകൂട ദാസ്യമായിത്തീരുന്നത്, അവിശുദ്ധവും.

Latest