Connect with us

editorial

ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധി

ഉത്തര്‍ പ്രദേശിലെ മുസ്‌ലിം നേതൃത്വത്തിനും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 13,329 മദ്‌റസകളിലായി പഠിക്കുന്ന 15.75 ലക്ഷം വിദ്യാര്‍ഥികള്‍ക്കും ആശ്വാസം പകരുന്നതാണ് ചൊവ്വാഴ്ചത്തെ സുപ്രീം കോടതി ഉത്തരവ്.

Published

|

Last Updated

ഭരണഘടനയോട് ചേര്‍ന്നു നില്‍ക്കുന്നതും ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് ഉത്തര്‍ പ്രദേശ് മദ്‌റസാ ആക്ട് സംബന്ധിച്ച സുപ്രീം കോടതി വിധി. പ്രസ്തുത ആക്ട് ശരിവെച്ചുകൊണ്ട്, അത് ഭരണഘടനാ വിരുദ്ധവും മതേതരത്വത്തിന്റെ ലംഘനവുമെന്ന് നിരീക്ഷിച്ച അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച്. മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അവകാശം, ഭരണഘടനയുടെ അനുഛേദം 21 (എ)യും വിദ്യാഭ്യാസ അവകാശ നിയമവും വകവെച്ചു നല്‍കുന്നുണ്ടെന്നും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ് മദ്‌റസകളെന്നും അത്യുന്നത നീതിപീഠം വിലയിരുത്തി.

മാര്‍ച്ച് 22നാണ് അലഹബാദ് ഹൈക്കോടതി “യു പി മദ്‌റസാ ആക്ട്-2004′ റദ്ദാക്കിയത്. സ്വതന്ത്രമായ മതവിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പിനെതിരാണ് ആക്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് തെറ്റായ വ്യാഖ്യാനമാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, നിയമനിര്‍മാണത്തില്‍ മതപരമായ ഏതെങ്കിലും കാര്യങ്ങളോ പരിശീലനമോ ഉള്‍ക്കൊള്ളുന്നത് ഭരണഘടനക്കെതിരല്ലെന്ന് വിലയിരുത്തി. കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ ക്രിയാത്മക ബാധ്യതയുമായി പൊരുത്തപ്പെടുന്നതാണ് യു പി മദ്‌റസാ നിയമമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്ന കാര്യത്തിലായിരുന്നു ഹൈക്കോടതിയുടെ ആശങ്കയെങ്കില്‍ മദ്‌റസാ നിയമം റദ്ദാക്കുകയല്ല, വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സഹായകമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നു കോടതി വേണ്ടിയിരുന്നതെന്ന് ഹൈക്കോടതി വിധി സ്റ്റേ ചെയ്തു കൊണ്ടുള്ള ഏപ്രില്‍ അഞ്ചിന്റെ ഉത്തരവില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം മദ്‌റസാ ബോര്‍ഡിന്റെ കീഴിലുള്ള കാമില്‍, ഫാസില്‍ ബിരുദങ്ങളോട് സുപ്രീം കോടതി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. യു ജി സി നിയമവുമായി വൈരുധ്യമുണ്ടെന്ന വീക്ഷണത്തിലാണ് കാമില്‍, ഫാസില്‍ ബിരുദങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന തീര്‍പ്പില്‍ കോടതിയെത്തിയത്. മുന്‍ഷി, മൗലവി (പത്താം ക്ലാസ്സ്), ആലിം (പ്ലസ് ടു) എന്നീ കോഴ്‌സുകള്‍ക്കു പുറമെ യു ജി (കാമില്‍), പി ജി (ഫാസില്‍) ബിരുദങ്ങള്‍, ഡിപ്ലോമ (ഖാരി) സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതും മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ബിരുദങ്ങള്‍ ഇനി മദ്‌റസാ ബോര്‍ഡിന് നിര്‍ത്തലാക്കുകയോ പുനഃപരിശോധനാ ഹരജി വഴി വിധി തിരുത്തിക്കുകയോ ചെയ്യേണ്ടി വരും.

1995 വരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലായിരുന്നു യു പിയില്‍ മദ്‌റസകളുടെ പ്രവര്‍ത്തനം. 1995ല്‍ അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇത് ന്യൂനപക്ഷ വകുപ്പിനു കീഴിലാക്കി. തുടര്‍ന്ന് മദ്‌റസകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനും മദ്‌റസാ ബോര്‍ഡുകളെ ശക്തിപ്പെടുത്താനുമാണ് 2004ല്‍ സര്‍ക്കാര്‍ മദ്‌റസാ ആക്ട് കൊണ്ടുവന്നത്. മദ്‌റസകളുടെ അംഗീകാരം, പാഠ്യപദ്ധതി, ഭരണം തുടങ്ങിയവക്കുള്ള ചട്ടക്കൂടാണ് ഈ ആക്ട്. റാംപൂരില്‍ സംസ്ഥാന സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റല്‍ കോളജ് ചെയര്‍പേഴ്‌സൻ, സുന്നി-ശിയാ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഓരോ എം എല്‍ എമാര്‍, എന്‍ സി ഇ ആര്‍ ടി പ്രതിനിധി, സുന്നി-ശിയാ വിഭാഗങ്ങളുടെ തലവന്മാര്‍, സയന്‍സ് അധ്യാപകന്‍ എന്നിവരടങ്ങുന്നതാണ് നിലവിലെ മദ്‌റസാ ബോര്‍ഡ്. മദ്‌റസാ വിദ്യാഭ്യാസത്തിന്റെ നിലവാരം നിരീക്ഷിക്കല്‍, പരീക്ഷകളുടെ നടത്തിപ്പ് തുടങ്ങിയവ ബോര്‍ഡ് ഓഫ് മദ്‌റസാ എജ്യുക്കേഷന്റെ ഭാഗമാണെന്ന് നിയമം അനുശാസിക്കുന്നു. ഇസ്‌ലാമിക വിഷയങ്ങള്‍ക്കു പുറമെ സയന്‍സ്, കണക്ക് തുടങ്ങി സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയിലെ മിക്ക വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുമുണ്ട് അംഗീകൃത മദ്‌റസാ സിലബസില്‍.

മദ്‌റസകള്‍ അടച്ചു പൂട്ടണമെന്നും മദ്‌റസാ ബോര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കണമെന്നുമാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയ ബാലാവകാശ കമ്മീഷന്‍ നടപടിയെയും തിരുത്തുന്നുണ്ട് സുപ്രീംകോടതി വിധി. മദ്‌റസകളിലെ അധ്യയന രീതി വിദ്യാര്‍ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. മദ്‌റസകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒമ്പത് വര്‍ഷമെടുത്ത് തയ്യാറാക്കിയതെന്ന് അവകാശപ്പെടുന്ന, “വിശ്വാസ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ’ എന്ന തലക്കെട്ടില്‍ തയ്യാറാക്കിയ 71 പേജ് വരുന്ന ഒരു റിപോര്‍ട്ടും ഉള്‍പ്പെടുത്തിയിരുന്നു കത്തുകള്‍ക്കൊപ്പം ബാലാവകാശ കമ്മീഷന്‍.

ഉത്തര്‍ പ്രദേശിലെ മുസ്‌ലിം നേതൃത്വത്തിനും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 13,329 മദ്‌റസകളിലായി പഠിക്കുന്ന 15.75 ലക്ഷം വിദ്യാര്‍ഥികള്‍ക്കും ആശ്വാസം പകരുന്നതാണ് ചൊവ്വാഴ്ചത്തെ സുപ്രീം കോടതി ഉത്തരവ്. സിലബസില്‍ ആധുനിക-ഭൗതിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ മാത്രമല്ല, ധാരാളം ഇതര മതസ്ഥരുമുണ്ട് മദ്‌റസാ വിദ്യാര്‍ഥികളില്‍.

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍ പേഴ്‌സൻ പ്രിയങ്ക് കനുങ്കോയുടെ കണക്കനുസരിച്ച് 9,741 ഹിന്ദു വിദ്യാര്‍ഥികളാണ് മദ്‌റസകളില്‍ പഠനം നടത്തുന്നത്. ഇതിനേക്കാള്‍ എത്രയോ കൂടുതല്‍ വരും മദ്‌റസകളിലെ ഇതര മതസ്ഥരായ വിദ്യാര്‍ഥികളുടെ യഥാര്‍ഥ എണ്ണം. ഈ വിദ്യാര്‍ഥികളും രക്ഷിതാക്കളും മദ്‌റസകളെ അനുഗ്രഹമായാണ് കണ്ടുവരുന്നത്. രാജ്യത്തെ മതേതര വിശ്വാസികള്‍ മദ്‌റസകളെ വിലയിരുത്തുന്നത് തീര്‍ത്തും ഭരണഘടനാപരവും രാജ്യത്തിന് ഗുണകരവുമെന്നാണ്. ആര്‍ എസ് എസ്-ബി ജെ പി നേതാക്കളും സംഘ്പരിവാര്‍ ആശയക്കാരനായ പ്രിയങ്ക് കനുങ്കോയെ പോലെയുള്ളവരും മാത്രമേ മദ്‌റസാ പ്രവര്‍ത്തനം ഭരണഘടനാ വിരുദ്ധമായി കാണുന്നുള്ളൂ.

---- facebook comment plugin here -----

Latest