Connect with us

Articles

ഝാര്‍ഖണ്ഡ് ബി ജെ പിക്ക് അഗ്നിപരീക്ഷയാണ്‌

ആദിവാസി വോട്ട് ബേങ്ക് ലക്ഷ്യം വെച്ച് ഷിബു സോറന്‍ മെനയുന്ന തന്ത്രങ്ങള്‍ക്ക് മറു തന്ത്രം മെനയാന്‍ എത്രകണ്ട് ബി ജെ പിക്ക് കഴിയും എന്നിടത്താണ് ഝാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ ബി ജെ പിയുടെ ഭാവി തീരുമാനിക്കപ്പെടുന്നത്. ഷിബു സോറന്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ അത് ബി ജെ പിക്ക് സംഘടനാപരമായി വലിയ ക്ഷീണം ചെയ്യും. ഈ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് അഗ്നിപരീക്ഷയാകുന്നതും അതുകൊണ്ടാണ്.

Published

|

Last Updated

2000 നവംബറില്‍ ബിഹാറില്‍ നിന്ന് വേർപ്പെട്ടാണ് ഝാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വരുന്നത്. മോദി യുഗം തുടങ്ങുന്നതിനു മുന്നേ തന്നെ ബി ജെ പി വേരുറപ്പിച്ച മണ്ണാണ് ഝാര്‍ഖണ്ഡിലേത്. കാല്‍ നൂറ്റാണ്ട് കാലം ബി ജെ പിയും ത്സാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മാറി മാറി ഭരണം കൈയാളുന്ന സംസ്ഥാനം ഒരിക്കല്‍ മാത്രമാണ് ഒരു സ്വതന്ത്ര മുഖ്യമന്ത്രിക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തത്. അതും ബി ജെ പിയും കോണ്‍ഗ്രസ്സും ജെ എം എമ്മും ബലാബലം വന്നപ്പോള്‍ മാത്രമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി 13 സത്യപ്രതിജ്ഞകള്‍ ഈ ചെറിയ കാലയളവില്‍ തന്നെ ഝാര്‍ഖണ്ഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിനിടെ മൂന്ന് തവണ രാഷ്ട്രപതി ഭരണത്തിനും സംസ്ഥാനം സാക്ഷിയായി. ഇടതുപക്ഷ നക്‌സല്‍ രാഷ്ട്രീയത്തിനും ഇടമുള്ള മണ്ണ് എന്ന നിലയില്‍ ഝാര്‍ഖണ്ഡ് രാഷ്ട്രീയം എന്നും സങ്കീര്‍ണതകളുടെ തുരുത്ത് കൂടിയായിട്ടാണ് അറിയപ്പെടുന്നത്.
രണ്ടര ദശാബ്ദത്തിനിടയില്‍ 13 വര്‍ഷത്തിലധികം ഭരണത്തിലിരുന്ന ബി ജെ പിയാണ് സംസ്ഥാനത്ത് ഇപ്പോഴും ഏറ്റവും കൂടതല്‍ വോട്ടുള്ള പാര്‍ട്ടി. തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമ്പോഴും മികച്ച വോട്ട് വിഹിതം നിലനിര്‍ത്താന്‍ എല്ലാ കാലത്തും ബി ജെ പിക്ക് കഴിയാറുണ്ട്. യു പി എ സഖ്യം വലിയ വിജയം നേടിയ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വരെ ആകെയുള്ള 14 സീറ്റില്‍ എട്ട് സീറ്റുകളില്‍ ബി ജെ പിക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നു എന്നതാണ് സംസ്ഥാനത്തെ ബി ജെ പിയുടെ ശക്തിയുടെ ഏറ്റവും വലിയ അടയാളം. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനോടും സംസ്ഥാന അസ്സംബ്ലി തിരഞ്ഞെടുപ്പുകളോടും വോട്ടര്‍മാര്‍ വ്യത്യസ്ത രീതിയില്‍ പ്രതികരിക്കുന്ന രീതിയാണ് സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ കാലത്തും ബി ജെ പിക്ക് വലിയ മുന്‍തൂക്കം ലഭിക്കാറുണ്ടെങ്കിലും അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ സംസ്ഥാനം പലപ്പോഴും മാറി ചിന്തിക്കുമെന്നതാണ് പതിവ്. നിലവില്‍ 2019ല്‍ നടന്ന അവസാന അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ ജയിച്ച ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച-കോണ്‍ഗ്രസ്സ് – ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി, സി പി ഐ-എം എല്‍ എന്നിവരടങ്ങുന്ന സഖ്യ സര്‍ക്കാറാണ് ഭരണത്തിലുള്ളത്. 81 അംഗ സഭയില്‍ 44 സീറ്റുകള്‍ ഉറപ്പിച്ചാണ് സഖ്യം അധികാരത്തിലെത്തിയത്. ഇതില്‍ 18.72 ശതമാനം വോട്ട് നേടി 30 സീറ്റുകളില്‍ ജെ എം എമ്മും 13.88 ശതമാനം വോട്ട് നേടി 16 സീറ്റുകളില്‍ കോണ്‍ഗ്രസ്സും 2.75 ശതമാനം വോട്ട് നേടി ഒരു സീറ്റില്‍ മാത്രം ജയിച്ച ആര്‍ ജെ ഡിയും കൂടി മൊത്തം നേടിയത് 35.35 ശതമാനം വോട്ട് മാത്രമായിരുന്നു. എന്നാല്‍ ബി ജെ പി ഒറ്റക്ക് മത്സരിച്ച് 33.37 ശതമാനം വോട്ടും 25 സീറ്റും നേടിയിരുന്നു. സാങ്കേതികമായി ബി ജെ പി തോറ്റു പോയി എന്നതിനപ്പുറം ബി ജെ പിക്ക് രാഷ്ട്രീയമായ ഒരു തിരിച്ചടി ഝാര്‍ഖണ്ഡ് നല്‍കിയിട്ടില്ല എന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് നല്‍കുന്ന ചിത്രം. ജനങ്ങള്‍ കൂടെയുണ്ട് എന്ന ഈ അമിത ആത്മവിശ്വാസത്തിലാണ് ബി ജെ പി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഹേമന്ത് സോറനെതിരെയുള്ള തുടര്‍ച്ചയായ നീക്കങ്ങള്‍ നടത്തിയത്. സോറന്‍ അറസ്റ്റ് ചെയ്യപ്പെട്ടതും മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്ത് പോകേണ്ടി വന്നതും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ആദിവാസി വിഭാഗത്തില്‍ നല്ല സ്വാധീനമുള്ള സോറന്റെ അറസ്റ്റ് ബി ജെ പിക്ക് തിരിച്ചടിയായി എന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. ആകെയുള്ള 81 നിയമസഭാ മണ്ഡലങ്ങളില്‍ 44 സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനും 28 സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും (എസ് ടി) ഒമ്പത് എണ്ണം പട്ടിക ജാതിക്കാര്‍ക്കും (എസ് സി) സംവരണം ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ പിന്നാക്ക വിഭാഗത്തില്‍ വലിയ സ്വാധീനമുള്ള സോറന്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ച വെക്കാന്‍ സാധ്യതയുണ്ട്.

പ്രതീക്ഷയോടെ “ഇന്ത്യ’ സഖ്യം
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് “ഇന്ത്യ’ സഖ്യത്തിന് ഉണ്ടാക്കാന്‍ കഴിഞ്ഞ ഓളം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്, ജെ എം എം, ആര്‍ ജെ ഡി അടക്കമുള്ള “ഇന്ത്യ’ സഖ്യം. സോറന്റെ അറസ്റ്റ് വലിയ വൈകാരിക വിഷയമാക്കി കൊണ്ടുവരാന്‍ “ഇന്ത്യ’ സഖ്യത്തിന് സാധിച്ചു എന്നതാണ് തിരഞ്ഞെടുപ്പ് രംഗത്ത് മുന്നേറാന്‍ സഖ്യത്തെ സഹായിച്ചത്. ബി ജെ പിക്ക് 8.78 ശതമാനം വോട്ടും മൂന്ന് സീറ്റുകളും നഷ്ടമായപ്പോള്‍ 4.39 ശതമാനം വോട്ടും മൂന്ന് സീറ്റും അധികം നേടാന്‍ സഖ്യത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ സോറന്റെ അറസ്റ്റിനെ തുടര്‍ന്ന് അഞ്ച് മാസത്തേക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയ ചെമ്പൈ സോറന്‍ പിന്നീട് ബി ജെ പിയിലേക്ക് പോയത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ക്ഷീണം ചെയ്യാന്‍ സാധ്യതയുള്ള ഘടകമായി നിലനില്‍ക്കുന്നുണ്ട്. സോറന്റെ കുടുംബവാഴ്ച എന്ന ആരോപണം തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കി നിലനിര്‍ത്താന്‍ ബി ജെ പിക്ക് ഇന്ധനം നല്‍കുന്നതാണ് ചെമ്പൈ സോറന്‍ പാര്‍ട്ടി വിട്ട സംഭവം. സര്‍ക്കാറിനെതിരെ ഉയര്‍ന്ന വലിയ അഴിമതി ആരോപണങ്ങളും മധ്യവര്‍ഗ വോട്ട് ബേങ്കിനെ കാര്യമായി എതിര്‍ പക്ഷത്ത് നിര്‍ത്താന്‍ സാധ്യതയുള്ള ഘടകമാണ്. എന്നാല്‍ 44 ജനറല്‍ സീറ്റില്‍ സാമാന്യം മെച്ചപ്പെട്ട നില ഉണ്ടായാല്‍ തന്നെ 28 പട്ടിക വര്‍ഗ സംവരണ സീറ്റില്‍ വലിയ കണ്ണുവെച്ചാണ് സോറന്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഝാര്‍ഖണ്ഡ് ജന സംഖ്യയുടെ 26.21 ശതമാനം വരുന്ന ആദിവാസി വോട്ട് ബേങ്കില്‍ എങ്ങനെ നേട്ടമുണ്ടാക്കാന്‍ കഴിയും എന്ന ആസൂത്രണത്തിലാണ് കഴിഞ്ഞ ഭരണ കാലയളവ് സോറന്‍ ചെലവിട്ടത്. ആദിവാസികള്‍ക്കായി സോറന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് “ഇന്ത്യ’ സഖ്യം തിരഞ്ഞെടുപ്പ് രംഗം കീഴടക്കുന്നത്. ഈ മേഖലയിലെ 25 സീറ്റും ഇപ്പോള്‍ “ഇന്ത്യ’ സഖ്യത്തിന്റെ കൈയിലാണ്. രണ്ട് സീറ്റില്‍ മാത്രമാണ് ബി ജെ പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിക്കാനായത്. മാത്രവുമല്ല കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും “ഇന്ത്യ’ സഖ്യത്തിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത് ഈ മേഖലയിലാണ്. അതിനാല്‍ തന്നെ ഇത്തവണയും അധികാരം നിലനിര്‍ത്താനാകുമെന്ന വലിയ പ്രതീക്ഷയിലാണ് സഖ്യം. സീറ്റ് വിഭജന ചര്‍ച്ചകള്‍ കീറാമുട്ടിയായി മാറിയെങ്കിലും അവസാനം മെച്ചപ്പെട്ട അവസ്ഥയില്‍ തന്നെ സീറ്റ് വിഭജിക്കാന്‍ സഖ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ധാരണ പ്രകാരം ജെ എം എം 41 സീറ്റുകളിലും കോണ്‍ഗ്രസ്സ് 30 സീറ്റുകളിലും മത്സരിക്കും. നാല് സീറ്റുകള്‍ സി പി ഐ-എം എലിന് നല്‍കിയപ്പോള്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികളായ സി പി ഐയും സി പി എമ്മും അമര്‍ഷത്തിലാണ്. 15 സീറ്റുകളില്‍ തനിച്ചു മത്സരിക്കാനാണ് സി പി ഐയുടെ തീരുമാനം. ഇത് വലിയ ക്ഷീണം ഉണ്ടാക്കില്ലെങ്കിലും ബലാബലം മത്സരം നടക്കുന്ന ചില സീറ്റുകളിലെങ്കിലും സഖ്യത്തിന് തലവേദനയുണ്ടാക്കും.

തിരിച്ചു വരവിന് ഒരുങ്ങുന്ന ബി ജെ പി
കഴിഞ്ഞ ഭരണ കാലയളവില്‍ ഹേമന്ത് സോറന്‍ സര്‍ക്കാറിനെതിരെ ഉയര്‍ത്താന്‍ കഴിഞ്ഞ അഴിമതി ആരോപണങ്ങളിലാണ് ബി ജെ പിയുടെ പ്രതീക്ഷ. ബി ജെ പിക്ക് പരമ്പരാഗതമായി വലിയ വോട്ടുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് ബി ജെ പി കാര്യമായി പണിയെടുക്കുന്നത്. ഗ്രാമീണ മേഖലയില്‍ മികച്ച രീതിയില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്താനും ബി ജെ പിക്ക് കഴിയുന്നുണ്ട്. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം, ഹേമന്ത് സോറന്‍ സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങള്‍ തുടങ്ങിയവ സജീവമായി ചര്‍ച്ചയാക്കാനും ബി ജെ പിക്ക് കഴിയുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള അസം മുഖ്യമന്ത്രിയുടെ വര്‍ഗീയ പ്രസ്താവനകള്‍ ബി ജെ പിക്ക് ആദിവാസി മേഖലയില്‍ ക്ഷീണം ചെയ്യാനാണ് സാധ്യത. എന്നാല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് റാലികള്‍ക്ക് നേതൃത്വം വഹിക്കാന്‍ മോദിയും അമിത് ഷായും ഇവിടെയെത്തി ക്യാമ്പ് ചെയ്യും എന്നത് ബി ജെ പിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വലിയ ഊര്‍ജമാകും. അതേസമയം 66 മണ്ഡലങ്ങളിലേക്കുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നതിനു പിന്നാലെ ഒരു ഡസനോളം നേതാക്കള്‍ പാര്‍ട്ടി വിട്ടത് ബി ജെ പിയെ വെട്ടിലാക്കിയിട്ടുണ്ട്. ഇതില്‍ മൂന്ന് എം എല്‍ എമാരും സഖ്യ കക്ഷിയായ ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂനിയന്‍ നേതാവ് ഉമാകന്ത് രജകും ഉള്‍പ്പെടും. എന്നാല്‍ നീണ്ട കാലം ഷിബു സോറന്റെ അനുയായി ആയിരുന്ന മുന്‍ മുഖ്യമന്ത്രി ചെമ്പൈ സോറന്റെ സ്ഥാനാര്‍ഥിത്വമാണ് തിരഞ്ഞെടുപ്പ് രംഗത്ത് ബി ജെ പിയുടെ ഏറ്റവും വലിയ ഹൈലൈറ്റായി മാറുന്നത്. പൗരത്വ നിയമം നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച ബി ജെ പിക്ക് കുടിയേറ്റ പ്രദേശങ്ങളില്‍ വലിയ വോട്ട് നേടാനാകും എന്നതാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

എന്‍ സി പി, ബി എസ് പി, സി പി ഐ, സി പി എം അടക്കമുള്ള ഇരുപത്തിയഞ്ചോളം പാര്‍ട്ടികള്‍ കൂടി മത്സര രംഗത്തുണ്ട്. ആദിവാസി വോട്ട് ബേങ്ക് ലക്ഷ്യം വെച്ച് ഷിബു സോറന്‍ മെനയുന്ന തന്ത്രങ്ങള്‍ക്ക് മറു തന്ത്രം മെനയാന്‍ എത്രകണ്ട് ബി ജെ പിക്ക് കഴിയും എന്നിടത്താണ് ഝാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ ബി ജെ പിയുടെ ഭാവി തീരുമാനിക്കപ്പെടുന്നത്. ഷിബു സോറന്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ അത് ബി ജെ പിക്ക് സംഘടനാപരമായി വലിയ ക്ഷീണം ചെയ്യും. ഈ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് അഗ്നിപരീക്ഷയാകുന്നതും അതുകൊണ്ടാണ്.