Connect with us

Travelogue

ചരിത്രം പറയും ജബൽ ഹഫീത്ത്

ഇമാറാത്തിന്റെ കണ്ണായ അൽ ഐനിന് സഹസ്രാബ്ദങ്ങളുടെ കഥ പറയാനുണ്ട്. അൽ ഐൻ നഗരത്തിൽ നിന്നും ഇരുപത് കിലോമീറ്റർ തെക്ക് - കിഴക്ക് മാറി സഞ്ചരിച്ചാൽ എത്തുന്ന മലനിരകളാൽ സമ്പന്നമായ പ്രദേശത്തിലെ തവിട്ട് കലർന്ന ചാര നിറത്തോടു കൂടി മാനം മുട്ടെ ഉയർന്നുനിൽക്കുന്ന മലനിരകളാണ് ജബൽ ഹഫീത്ത്. യു എ ഇയിലെ ഉയരം കൂടിയ പർവതങ്ങളുടെ കുട്ടത്തിൽ എണ്ണപ്പെടുന്ന ഈ മലനിരകൾക്ക് ചുറ്റിലുമായി നിരവധി ഗുഹകളും പാറക്കൂട്ടങ്ങളും കാണാം. ഇതിന്റെ താഴ്്വരയിൽ പച്ചപ്പുല്ലുകളും കുറ്റിച്ചെടികളും നിറഞ്ഞ ഹരിത മനോഹരമായ പ്രദേശം ഗ്രീൻ മുബാസാറ എന്നറിയപ്പെടുന്നു.

Published

|

Last Updated

ചരിത്രം പറയുന്ന കുന്നുകളും കഥ പറയുന്ന ഗുഹകളും പൈതൃകം ബാക്കിവെച്ച ചാരങ്ങളും മണ്ണിൽ മറഞ്ഞ ഓർമകളായി കാലം കരുതിവെക്കുന്ന പർവതങ്ങളും മലകളും കുന്നുകളും ഒരോ ദേശത്തിനും അടയാളമാണ്. അതിരും അതിർവരമ്പും തീർക്കുന്ന ഇത്തരം ഉയർന്ന പ്രതലങ്ങൾ പ്രപഞ്ചത്തിന്റെ വിസ്മയങ്ങളും നിഗൂഢതകളും നിറഞ്ഞ തുരുത്തുകളായിരിക്കും. കാലചക്രങ്ങൾക്കിടയിൽ പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും താണ്ടി വർത്തമാനത്തിന്റെ ഇടനെഞ്ചിലും വാർത്തകളുടെ ഇടവഴിയിലും സംവദിക്കാൻ മാത്രം രഹസ്യങ്ങളും അത്ഭുതങ്ങളും നിറച്ചുവെച്ച നിധികുംഭങ്ങളാണ് പർവതങ്ങളും മലകളും കുന്നുകളും.

ആദിമ പിതാവിന്റെ (ആദം നബി (അ. സ) ചരിത്രം പറയുന്ന ആദം മലയും സിനാ പർവതവും തൂരി സിനാ പർവതവും അസ്ഹാബുൽ ഖഹ്ഫിന്റെ കഥ പറയുന്ന ഗുഹയും എവറസ്റ്റും പാമീർ പർവതവും ഹിമാലയവുമെല്ലാം ചരിത്രത്തിലെ മായാമുദ്രണങ്ങളാണ്. പരകോടി വർഷങ്ങൾ കടന്നുപോയി, അനന്ത കോടി മനുഷ്യ ജീവജാലങ്ങൾ മണ്ണിലലിഞ്ഞു ചേർന്നു. നെടുവീർപ്പിനും നിശ്വാസങ്ങൾക്കുമിടയിൽ കഥയൊടുങ്ങിയ അനേകായിരങ്ങളുടെ പിൻമുറക്കാർ നാം.
ചിന്തയുടെ ശിഖരങ്ങളിൽ ഓർമകളുടെ ഇലകൾ കിളിർത്തു. വസന്തവും ഗ്രീഷ്മവും ശരത് വർഷവും ഹേമന്തവും ശിശിരവുമെണ്ണി കടന്നുപോയവർ. മണ്ണിനും വിണ്ണിനും ഇന്നലെകളെ കുറിച്ച് പറയാനുണ്ട്. പർവതങ്ങൾ ഭൂമിയുടെ ആണിക്കല്ലാണെന്ന് വിശുദ്ധ ഖുർആൻ നമ്മേ ഓർമപ്പെടുത്തുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമായി പടച്ച തമ്പുരാൻ ഒരുക്കിവെച്ച ഒരായിരം അത്ഭുതങ്ങൾ നമ്മുടെ കണ്ണുകളിൽ തറക്കുമ്പോഴും ചിന്തകളിൽ മാറ്റം വരുന്നില്ലെന്ന് മാത്രം. പഠിക്കാനും പകർത്താനും നമ്മുടെ ചുറ്റിലും എത്രയെത്ര അത്ഭുതങ്ങൾ.

ഇമാറാത്തിന്റെ കണ്ണായ അൽഐനിന് സഹസ്രാബ്ദങ്ങളുടെ കഥ പറയാനുണ്ട്. അൽ ഐൻ നഗരത്തിൽ നിന്നും ഇരുപത് കിലോമീറ്റർ തെക്ക് – കിഴക്ക് മാറി സഞ്ചരിച്ചാൽ എത്തുന്ന മലനിരകളാൽ സമ്പന്നമായ പ്രദേശത്തിലെ തവിട്ട് കലർന്ന ചാര നിറത്തോടു കൂടി മാനം മുട്ടെ ഉയർന്നുനിൽക്കുന്ന മലനിരകളാണ് ജബൽ ഹഫീത്ത്. യു എ ഇയിലെ ഉയരം കൂടിയ പർവതങ്ങളുടെ കുട്ടത്തിൽ എണ്ണപ്പെടുന്ന ഈ മലനിരകൾക്ക് ചുറ്റിലുമായി നിരവധി ഗുഹകളും പാറക്കൂട്ടങ്ങളും കാണാം. ഇതിന്റെ താഴ്്വരയിൽ പച്ചപ്പുല്ലുകളും കുറ്റിച്ചെടികളും നിറഞ്ഞ ഹരിത മനോഹരമായ പ്രദേശത്തിന് ഗ്രീൻ മുബാസാറ എന്ന് പറയുന്നു.

ചുടുനീർ ഉറവകളും അരുവികളും നിറഞ്ഞ ജബൽ ഹഫീത്ത് താഴ്്വരയിൽ വിവിധയിനം മത്സ്യങ്ങളും പറവകളും കൊക്കുകളും നീർ കാക്കകളും മറ്റും കാണപ്പെടുന്നു. ഈന്തപ്പനകളും കാഫ് മരങ്ങളും തണൽ വിരിക്കുന്ന ഈ താഴ്്വര വിനോദസഞ്ചാരികളുടെയും പ്രകൃതി സ്നേഹികളുടെയും ഇഷ്ടകേന്ദ്രമാണ്.

സമുദ്രനിരപ്പിൽ നിന്നും 1240 മീറ്റർ ഉയരമുള്ള ജബൽ ഹഫീത്ത് ഒമാൻ അതിർത്തിയോട് ചേർന്ന് നിൽക്കുന്നു. പതിനൊന്നര കിലോമീറ്റർ വളഞ്ഞ് പുളഞ്ഞ് കയറുന്ന ദീപാലംകൃതമായ ജബൽ ഹഫീത്തിന്റെ മുകളിലേക്കുള്ള പാത സായാഹ്നങ്ങളിൽ ദുബൈ അൽ ഐൻ റോഡിൽ അൽ ഹയർ കഴിഞ്ഞത് മുതൽ കാണാനാകും. പ്രകൃതി സ്വർണമാല്യമണിഞ്ഞ പോലൊരു വിസ്മയക്കാഴ്്ചയാണത്.

മലമുകളിലേക്ക് രണ്ടുവരിപാതയും ഇറങ്ങിവരാൻ ഒരു വരി പാതയുമാണ്. കനത്ത സുരക്ഷാ ഭിത്തികളുള്ള കറുത്ത പ്രതലത്തിൽ വെളുത്ത വരകൾ നിറഞ്ഞ ഈ മനോഹര പാതയിൽ ഇരുപത്തിയൊന്ന് വളവുകളാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും നല്ല ഡ്രൈവിംഗ് റോഡുകളിൽ പെട്ട ഒരു റോഡായി ഇതിനെ കണക്കാക്കുന്നു. നിരവധി ഗുഹകളുള്ള ഈ മലനിരകളിൽ അയ്യായിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ളവ വരെ നൂറുകണക്കിന് കണ്ടെത്തിയിട്ടുണ്ട്. ഈ പർവതത്തിന് ചുറ്റിലുമായി നടത്തിയ പര്യവേക്ഷണത്തിൽ നാഗരിക സമൂഹത്തിന്റെ നിരവധി അവശിഷ്ടങ്ങളും തെളിവുകളും ലഭിച്ചതിൽ നിന്നാണ് പുരാവസ്തു ഗവേഷകർ കാലപ്പഴക്കം നിർണയിച്ചത്.

ഈ പാതയുടെ ചരിവുകൾക്കിടയിൽ പഞ്ചനക്ഷത്ര ഹോട്ടലുകളും നിരവധി വ്യൂ പോയിന്റുകളും കാണാം. വെണ്ണക്കല്ലിന്റെ വർണചാരുതി മേളിച്ച ഭരണാധികാരികളുടെ കൊട്ടാരവും ഈ മലനിരയെ നയന മനോഹരമാക്കുന്നു. ജർമനിയിലെ സ്ട്രാബാഗ് ഇന്റർനാഷനൽ കോളെംഗ് ആണ് ഈ കുന്നിൽ മുകളിലേക്കുള്ള റോഡ് നിർമിച്ചത്. റോഡ് അവസാനിക്കുന്നിടത്ത് വിശാലമായ പാർക്കിംഗും ഭോജന ശാലകളും സംവിധാനിച്ചിട്ടുണ്ട്. നിയോൺ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന അൽ ഐൻ നഗരത്തിന്റെ മുഴുവൻ വർണഭംഗിയും ആസ്വദിക്കണമെങ്കിൽ രാത്രി കാലങ്ങളിൽ ഈ കുന്ന് കയറണം.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ജബൽ ഹഫീത്ത് ഇമാറാത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ സുപ്രധാന കേന്ദ്രം കൂടിയാണ്.

മുഹമ്മദ് മുനീർ വാളന്നൂർ
muneervalannoor@gmail.com

---- facebook comment plugin here -----

Latest