Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ; ശനിയാഴ്ച വിധി പറയും

ഇരുഭാഗത്തിന്റെയും വാദങ്ങള്‍ ഇന്ന് വിശദമായി കേട്ട ശേഷമാണ് പത്തനംതിട്ട സെഷന്‍സ് കോടതി ജഡ്ജി എന്‍ ഹരികൃഷ്ണന്‍ വിധി പറയാനായി കേസ് മാറ്റിവച്ചത്.

Published

|

Last Updated

പത്തനംതിട്ട | മൂന്നാം ലൈംഗിക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ ജനുവരി 24ന് (ശനി) വിധി പറയും. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ ഇന്ന് ഒരു മണിക്കൂര്‍ വീതമെടുത്ത് വിശദമായി കേട്ട ശേഷമാണ് പത്തനംതിട്ട സെഷന്‍സ് കോടതി ജഡ്ജി എന്‍ ഹരികൃഷ്ണന്‍ വിധി പറയാനായി കേസ് മാറ്റിവച്ചത്. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണ് ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശാസ്തമംഗലം അജിത്ത് കോടതിയില്‍ വാദിച്ചു.

അറസ്റ്റ് നടന്ന ദിവസം, രാത്രി 12 മുതല്‍ അറസ്റ്റ് മെമ്മോ നല്‍കിയ 7.30 വരെയുള്ള അഞ്ചേകാല്‍ മണിക്കൂര്‍ സമയം അനധികൃതമായാണ് അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയില്‍ വച്ചത്. രാഹുലിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് അദ്ദേഹം അന്വേഷണത്തോട് സഹകരിച്ചതിന്റെ തെളിവാണ്. പരാതിക്കാരി ഗര്‍ഭസ്ഥ ശിശുവിന്റെ ഡി എന്‍ എ ടെസ്റ്റ് നടത്തിയത് രാഹുലുമായുള്ള ബന്ധം തുടരാന്‍ താത്പര്യമുള്ളതിനാലാണെന്നും കോടതിയില്‍ അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണ സമയത്ത് ഒരു പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുന്നത് ശരിയല്ല എന്ന, 2011ലെ സുപ്രീം കോടതിയുടെ വിധി ചൂണ്ടിക്കാട്ടിയ പ്രതിഭാഗം അഭിഭാഷകന്‍, തന്റെ കക്ഷി കേസില്‍ നിന്നും കുറ്റവിമുക്തനാകാനല്ല, ജാമ്യം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു. സിറോ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മൂന്ന് ദിവസത്തിനകം പരാതിക്കാരി നേരിട്ട് മൊഴിപ്പകര്‍പ്പില്‍ ഒപ്പിടണമെന്ന നടപടിക്രമം പാലിക്കാതെ പോലീസ് കേസ് കെട്ടിച്ചമക്കുകയായിരുന്നുവെന്ന വാദം പ്രതിഭാഗം അഭിഭാഷകന്‍ ഇന്നും ആവര്‍ത്തിച്ചു.

എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. ടി ഹരികൃഷ്ണന്‍ ശക്തമായി എതിര്‍ത്തു. രാഹുലിനെ കസ്റ്റഡിയിലെടുത്ത ഉടന്‍ തന്നെ അറസ്റ്റ് വിവരം വാക്കാല്‍ അറിയിച്ചെന്നും പരാതിക്കാരി വിദേശത്തായതിനാല്‍ സൂം മീറ്റിങിലൂടെ ഇരയുടെ മൊഴി രേഖപ്പെടുത്തേണ്ടി വന്ന സാഹചര്യവും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. പരാതിക്കാരിയുടെ ഒപ്പ് ഡിജിറ്റലായി രേഖപ്പെടുത്തിയതിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചതും ചൂണ്ടിക്കാട്ടി. അന്വേഷണം സ്വാഭാവികമായി തന്നെയാണ് നടന്നത്. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും, പ്രതിക്ക് ജാമ്യം നല്‍കിയാല്‍ മുഴുവന്‍ അന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. നിലവില്‍ മാവേലിക്കര സ്പെഷ്യല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

‘ശ്രീനാദേവിയുടെ വിശദീകരണം തൃപ്തികരം’
പത്തനംതിട്ട | പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ പത്തനംതിട്ട ഡി സി സിക്ക് നല്‍കിയ വിശദീകരണം തൃപ്്തികരമാണെന്ന് പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍. ലൈംഗിക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീനാദേവി കുഞ്ഞമ്മക്ക് വിശദീകരണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡി സി സി കത്ത് നല്‍കിയത്.

 

Latest