Kerala
കേരളത്തില്‍ എം പി ഫണ്ട് വിനിയോഗം ദേശീയ ശരാശരിക്ക് താഴെ; ഏറ്റവും കുറവ് ലീഗ് എം പിമാര്‍, സുരേഷ് ഗോപി 5.97 ശതമാനം
എം പി ഫണ്ട് ചെലവഴിക്കാതെ എം കെ രാഘവനും ഇ ടി മുഹമ്മദ് ബഷീറും.
തിരുവനന്തപുരം | പതിനെട്ടാം ലോക്‌സഭ 20 മാസം പിന്നിടുമ്പോള്‍ എം പി ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ കേരളത്തിലെ എം പിമാര്‍ പിറകിലെന്ന് കണക്കുകള്‍. കേരളത്തിലെ ലോക്‌സഭാ എം പിമാരില്‍ എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പൊന്നാന്നി എം പി അബ്ദുസമദ് സമദാനി 0.33 ശതമാനം മാത്രമാണ് ചെലവഴിച്ചത്. കെ ഫ്രാന്‍സിസ് ജോര്‍ജ്, ഷാഫി പറമ്പില്‍ എന്നിവര്‍ നാലു ശതമാനമാണ് ചെലവഴിച്ചത്. 5.97 ശതമാനമാണ് തൃശൂര്‍ എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചെലവഴിച്ചത്. എന്നാല്‍ കേരളത്തിലെ എം പിമാരില്‍ 26.32 ശതമാനം ചെലവഴിച്ചത് രാജ്യസഭയിലെ ജോണ്‍ ബ്രിട്ടാസാണ്. 2026 ജനുവരി 21 ലെ എം പി എല്‍ എ ഡി എസ് ഡാഷ് ബോര്‍ഡാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെ എം പിമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്.
എം പി ഫണ്ട് ചെലവഴിക്കലില്‍ ലോക്‌സഭാ എം പിമാരുടെ ദേശീയ ശരാശരി 28.1 ശതമാനമാണ്. രാജ്യസഭാ എം പിമാരുടേത് 44.2 ശതമാനവും. എന്നാല്‍ കേരളത്തിലെ എം പിമാരുടെ ചെലവഴിക്കല്‍ വളരെ കുറവാണ്. 11.4 ശതമാനം മാത്രമാണ് കേരളത്തിലെ ലോക്‌സഭാ എം പിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. രാജ്യസഭാ എം പിമാരാകട്ടെ ചെലവഴിച്ചത് 14.74 ശതമാനവും. കേരളത്തിലെ ലോക്‌സഭാ എം പിമാരില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസാണ്- 24.33 ശതമാനം. കൊല്ലം എം പി. എന്‍ കെ പ്രേമചന്ദ്രന്‍ 21.42 ശതമാനവും വി കെ ശ്രീകണ്ഠന്‍ 18.73 ശതമാനവും വിനിയോഗിച്ചിട്ടുണ്ട്. ലോക്‌സഭാ എം പിമാരില്‍ ശശി തരൂര്‍ 13.28 ശതമാനവും പ്രിയങ്കാ ഗാന്ധി വധ്ര 13.37 ശതമാനവും അടൂര്‍ പ്രകാശ് 14.25 ശതമാനവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 14.32 ശതമാനവും ഹൈബി ഈഡന്‍ 15.23 ശതമാനവുമാണ് ചെലവഴിച്ചത്.
രാജ്യസഭാ എം പിമാരില്‍ മികച്ച ഫണ്ട് വിനിയോഗം ജോണ്‍ ബ്രിട്ടാസിനാണ്. എന്നാല്‍ കേരളത്തിലെ മൊത്തം രാജ്യസഭാംഗങ്ങളുടെ ഫണ്ട് വിനിയോഗം വെറും 14.74 ശതമാനം മാത്രമാണ്. അതേസമയം, കേരള എം പിമാരുടെ താരതമ്യേന മോശം ഫണ്ട് വിനിയോഗത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ‘ഭരണപരമായ വീഴ്ചകളാണ്’ ഫണ്ട് വിനിയോഗത്തിലെ മോശം അവസ്ഥക്ക് കാരണമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പരിഷ്‌കരിച്ച എം പി എല്‍ എ ഡി എസ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, ഓരോ നിര്‍ദേശവും ജില്ലാ നിര്‍വഹണ അതോറിറ്റി 45 ദിവസത്തിനുള്ളില്‍ അംഗീകരിക്കണം. എന്നാല്‍, പ്രായോഗികമായി നടപ്പാക്കല്‍ ഓഫീസുകളില്‍ നിന്ന് എസ്റ്റിമേറ്റുകളും നിര്‍ബന്ധിത രേഖകളും ലഭിക്കുന്നതില്‍ പതിവായി കാലതാമസം ഉണ്ടാകാറുണ്ടെന്നും ഇത് പല പദ്ധതികളും സമയപരിധി മൂലം നഷ്ടപ്പെടാന്‍ കാരണമാകുന്നു എന്നുമായിരുന്നു സുരേഷ് ഗോപിയുടെ ന്യായീകരണം. മണ്ഡലത്തിലെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം അഞ്ചു കോടി രൂപ വീതമാണ് കേന്ദ്ര സര്‍ക്കാര്‍ എം പിമാര്‍ക്ക് അനുവദിക്കുന്നത്.

