Connect with us

Kerala

വിഴിഞ്ഞം: രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നാളെ; മുഖ്യമന്ത്രി നിര്‍വഹിക്കും

തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയാകും.

Published

|

Last Updated

തിരുവനന്തപുരം | ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിക്കുന്നു. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നാളെ (ജനുവരി 23, വെള്ളി) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുറമുഖ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിങ് ആന്‍ഡ് വാട്ടര്‍വേയ്‌സ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും.

മന്ത്രിമാരായ കെ രാജന്‍, വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, ജി ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മേയര്‍ അഡ്വ. വി വി രാജേഷ്, എം പിമാരായ ഡോ. ശശി തരൂര്‍, അഡ്വ. എ എ റഹിം, ഡോ. ജോണ്‍ ബ്രിട്ടാസ്, അഡ്വ. അടൂര്‍ പ്രകാശ്, എം എല്‍ എമാരായ അഡ്വ എം വിന്‍സന്റ്, വി ജോയി, ഒ എസ് അംബിക, വി ശശി, ഡി കെ മുരളി, കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. വി കെ പ്രശാന്ത്, ജി സ്റ്റീഫന്‍, സി കെ ഹരീന്ദ്രന്‍, ഐ ബി സതീഷ്, കെ ആന്‍സലന്‍, കലക്ടര്‍ അനുകുമാരി, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ കൗശിഗന്‍, കേന്ദ്ര തുറമുഖ, ഷിപ്പിങ് ആന്‍ഡ് വാട്ടര്‍വേയ്‌സ് വകുപ്പ് സെക്രട്ടറി വിജയ് കുമാര്‍, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഡയറക്ടറും സി ഇ ഒയുമായ അശ്വനി ഗുപ്ത, അദാനി വിഴിഞ്ഞം പ്രൈവറ്റ് പോര്‍ട്ട് ലിമിറ്റഡ് സി ഇ ഒ. പ്രദീപ് ജയരാമന്‍, വി ഐ എസ് എല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി, കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷീജ, കൗണ്‍സിലര്‍മാരായ ജെ പനിയടിമ, കെ എച്ച് സുധീര്‍ഖാന്‍, ഹഫ്‌സ സജീന, ലതിക കുമാരി, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള, ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ, പാളയം ഇമാം ഡോ. വി പി ഷുഹെബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പങ്കെടുക്കും.

തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ 710 കപ്പലുകളില്‍ നിന്നും 15.19 ലക്ഷം ടി ഇ യു കൈകാര്യം ചെയ്തുകൊണ്ട് പ്രവര്‍ത്തന മികവ് കാഴ്ചവെക്കാനായി. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളിലെ പ്രമുഖ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുവാനും സാധിച്ചു. ആഗോള സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ സുപ്രധാന കണ്ണിയായും ദക്ഷിണേഷ്യയുടെ തന്ത്രപ്രധാന വാണിജ്യ കവാടമായും വിഴിഞ്ഞം തുറമുഖം ഇതിനോടകം മാറിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രക്കിടയില്‍ ഇന്ധനം നിറക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം.

നിലവില്‍ വമ്പന്‍ തുറമുഖങ്ങളില്‍ മാത്രമേ ഈ സൗകര്യമുള്ളൂ. ഇത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ കാര്യമായി സഹായിക്കും. തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രക്കിടയില്‍ രാജ്യാന്തര കപ്പല്‍ പാതക്ക് സമീപത്ത് നിന്ന് ഇന്ധനം നിറക്കാന്‍ സൗകര്യമുള്ളതിനാല്‍ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തെ ആശ്രയിക്കും. വിഴിഞ്ഞം രണ്ടാംഘട്ട വികസനത്തിനായി അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്നതാണ് നേട്ടം. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുക്കും. കണ്ടെയ്‌നര്‍ യാര്‍ഡ് വികസിക്കുന്നതോടെ ഒരേസമയം യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്‌നറുകളുടെ എണ്ണം 35,000ത്തില്‍ നിന്ന് ഒരു ലക്ഷമായി ഉയരും. ആകെ ക്രെയിനുകളുടെ എണ്ണം 100 ആകും. ഇതില്‍ 30 ഷിപ് ടു ഫോര്‍ ക്രെയിനുകളും 70 യാഡ് ക്രെയിനുകളും ഉണ്ടാകും. 800 മീറ്റര്‍ ബെര്‍ത്ത് എന്നത് രണ്ട് കിലോമീറ്ററാകും. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ട്രെയ്റ്റ് ബെര്‍ത്ത് തുറമുഖമാകുന്നതോടെ ഒരേസമയം നാല് മദര്‍ഷിപ്പ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറ്റം നടത്താനാകും. പുലിമുട്ടിന്റെ നീളം നാല് കിലോമീറ്ററാക്കും. പുതിയതായി ഷിപ്പിങ് കമ്പനികളും ലോജിസ്റ്റിക് കമ്പനികളും വിഴിഞ്ഞത്തേക്ക് എത്തുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും വര്‍ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest