Connect with us

From the print

നിയമസഭാ തിരഞ്ഞെടുപ്പ്: മൂന്ന് ടേം, തലമുറ മാറ്റം; ലീഗ് സ്ഥാനാര്‍ഥി നിര്‍ണയം സമ്മര്‍ദത്തില്‍

മുതിര്‍ന്ന നേതാക്കള്‍ക്ക് മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കുമ്പോള്‍ തങ്ങള്‍ക്കും വേണമെന്നാവശ്യപ്പെട്ട് മറ്റുള്ളവരും രംഗത്തെത്തിയിരിക്കുകയാണ്.

Published

|

Last Updated

മലപ്പുറം | സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സീറ്റ് മോഹികളുടെ എണ്ണം കൂടുന്നത് മുസ്‌ലിം ലീഗ് നേതൃത്വത്തിന് തലവേദനയാകുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കുമ്പോള്‍ തങ്ങള്‍ക്കും വേണമെന്നാവശ്യപ്പെട്ട് മറ്റുള്ളവരും രംഗത്തെത്തിയിരിക്കുകയാണ്.

കോണ്‍ഗ്രസ്സടക്കം തലമുറ മാറ്റത്തിന് സന്നദ്ധമാകുമ്പോള്‍ ലീഗിന് ഈ മാറ്റത്തിന് സാധിക്കാത്ത തരത്തില്‍ സീറ്റില്‍ അവകാശ വാദം ഉന്നയിക്കുകയാണ് മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍. മൂന്ന് ടേം വ്യവസ്ഥയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും ഇളവ് നല്‍കാന്‍ പാര്‍ട്ടി നേരത്തേ തീരുമാനിച്ചതാണ്. ഇക്കൂട്ടത്തില്‍ എ എന്‍ ശംസുദ്ദീനും പി കെ ബഷീറിനും കൂടി ഇളവ് ലഭിക്കുമെന്ന സൂചന വന്നതോടെ മൂന്ന് ടേം പൂര്‍ത്തിയാക്കിയ മറ്റുള്ളവരും സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.

കെ പി എ മജീദ്, മഞ്ഞളാം കുഴി അലി, പി ഉബൈദുല്ല, എന്‍ എ നെല്ലിക്കുന്ന് എന്നിവരും മൂന്ന് ടേം പൂര്‍ത്തിയാക്കിയവരാണ്. നജീബ് കാന്തപുരം, കുറുക്കോളി മൊയ്തീന്‍, എ കെ എം അശ്‌റഫ്, ടി വി ഇബ്റാഹീം എന്നിവര്‍ സിറ്റിംഗ് സീറ്റില്‍ തന്നെ മത്സരിക്കുമെന്നാണ് അറിയുന്നത്.

മൂന്ന് ടേം വ്യവസ്ഥ കര്‍ശനമായി നടപ്പാക്കണമെന്ന് യൂത്ത് ലീഗും തലമുറ മാറ്റം വേണമെന്ന് എം എസ് എഫും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സീറ്റെങ്കിലും വേണമെന്നാണ് എം എസ് എഫിന്റെ ഒടുവിലെത്തെ സമ്മര്‍ദം. സംസ്ഥാന പ്രസിഡന്റ്്പി കെ നവാസിനെയാണ് എം എസ് എഫ് മുന്നോട്ടുവെക്കുന്നത്.

യൂത്ത് ലീഗ് ആറ് സീറ്റുകള്‍ വേണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ഭാരവാഹികളായ പി ഇസ്മാഈല്‍, മുജീബ് കാടേരി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, അശ്‌റഫ് ഇടനീര്‍ എന്നിവരുടെ പേരുകളാണ് യൂത്ത് ലീഗ് മുന്നോട്ടുവെക്കുന്നത്.

യൂത്ത് ലീഗ് ദേശീയ നേതൃത്വവും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് അഡ്വ. ഫൈസല്‍ ബാബു, ടി പി അശ്‌റഫലി, ഷിബു മീരാന്‍, പി എം സ്വാദിഖലി എന്നിവരില്‍ രണ്ട് പേരെങ്കിലും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചേക്കും. വിജയസാധ്യതയുള്ള സീറ്റ് നല്‍കണമെന്ന് വനിതാ ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. സുഹ്റ മമ്പാട്, നൂര്‍ബിന റശീദ് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.

അവകാശികള്‍ ഏറെയുണ്ടെങ്കിലും അതിനുള്ള സീറ്റുകള്‍ കൈയിലില്ലെന്നതാണ് ലീഗിന് തലവേദനയാകുന്നത്. കഴിഞ്ഞ തവണ 27 മണ്ഡലങ്ങളില്‍ മത്സരിച്ച ലീഗ് ഇത്തവണ രണ്ട് അധിക സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് പ്രധാനമായും കണ്ണുവെച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം മുന്‍നിര്‍ത്തി അധിക സീറ്റിന് അര്‍ഹതയുണ്ടെന്നാണ് ലീഗിന്റെ അവകാശവാദം.

തെക്കന്‍ കേരളത്തില്‍ അധിക സീറ്റുകള്‍ വേണമെന്നാണ് ലീഗ് യു ഡി എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അധിക സീറ്റ് ലഭിച്ചാലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാനാകൂ എന്നാണ് നേതൃത്വത്തിന്റെ നിലപാടെങ്കിലും സീറ്റ് ആവശ്യം ശക്തമാക്കി മുന്നണിയെ പ്രതിസന്ധയിലാക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.

അതേസമയം, ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുണ്ടെങ്കിലും മുന്നണിയിലെ മറ്റ് ഘടകകക്ഷികളെ എങ്ങനെ പരിഗണിക്കുമെന്നതാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. സീറ്റ് വിഭജനത്തില്‍ മറ്റ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ലീഗിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ.

 

Latest